ഉപേക്ഷിക്കപ്പെട്ട പിഞ്ചോമനകൾക്ക്കാവലായി അമ്മത്തൊട്ടിൽ
text_fieldsപത്തനംതിട്ട: ജില്ല ശിശുക്ഷേമസമിതിയുടെ നിയന്ത്രണത്തിലുള്ള അമ്മത്തൊട്ടിലിൽ വളരുന്നത് 18 കുഞ്ഞുങ്ങൾ. രക്ഷിതാക്കൾ ഉപേക്ഷിച്ചതും മറ്റുമായ ഈ കുഞ്ഞുങ്ങൾ സർക്കാർ സംരക്ഷണത്തിൽ സന്തോഷത്തോടെയാണ് കഴിയുന്നത്. പത്തനംതിട്ട നഗരമധ്യത്തിൽ ജനറൽ ആശുപത്രിയുടെ പിന്നിൽ ഡോക്ടേഴ്സ് ലെയിൻ റോഡിൽ ജില്ല ശിശുക്ഷേമസമിതിയുടെ നിയന്ത്രണത്തിൽ അമ്മത്തൊട്ടിൽ 2008 മുതൽ പ്രവർത്തിക്കുന്നുണ്ട്.
ഇടക്ക് സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം തടസ്സപ്പെട്ടിരുന്നുവെങ്കിലും ഹൈടെക് സംവിധാനത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇവിടെ ലഭിക്കുന്ന കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പതിനെട്ട് കുട്ടികളാണ് ഇതുവരെ ജില്ലയിലെ അമ്മത്തൊട്ടിലിൽനിന്ന് ലഭിച്ചത്. നാല് പേരെ ഫോസ്റ്റർ കെയറിലേക്കും നാല് പേരെ ദത്തും നൽകിയിട്ടുണ്ട്. ആറ് കുട്ടികൾ ഇപ്പോൾ അംഗൻവാടിയിൽ പഠിക്കുന്നു. മറ്റുള്ളവർ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്നു. ഇവർക്ക് വിദ്യാഭ്യാസം നടത്താനും ഇവിടെ കഴിയും.
ജീവനാണ്, മറക്കരുത്
പിഞ്ചോമനകൾക്ക് മാതൃത്വവും മുലപ്പാലും ജന്മാവകാശമാണ്. അവരെ മാന്യമായി വളർത്തുക. മുലപ്പാലിന്റ മാധുര്യം നിഷേധിച്ച് മാതൃത്വം തന്നെ പിഞ്ചോമനകളെ കടിച്ചു കുടയുന്ന ലോകമാണിത്. അവരെ നായ്കൾക്കും അരിച്ചിറങ്ങുന്ന ഉറുമ്പുകൾക്കും നടുവിലേക്ക് നടതള്ളരുത്. കാരണം എന്തുമാകട്ടെ, ഉപേക്ഷിക്കുന്നത് ഒരു ജീവനാണെന്ന് മറക്കരുത്. വളർത്താൻ സാഹചര്യം അനുവദിക്കുന്നില്ലെങ്കിൽ കാട്ടിലും തോട്ടിലും ബക്കറ്റിലും കളയേണ്ട. ജന്മം ശാപമായി കരുതി ഒഴിവാക്കപ്പെടുമ്പോൾ നിഷ്കളങ്കമായി ചിരിക്കുന്ന ആ ഓമനകളെ കരിവളയണിയിക്കാൻ...കണ്ണെഴുതി പൊട്ടുതൊടീക്കാൻ... മാമുണ്ണിക്കാൻ.... രാരീരം പാടിയുറക്കാൻ... നമുക്കിടയിൽ സംവിധാനങ്ങളുണ്ട്. അമ്മത്തൊട്ടിൽ എന്ന മാതൃവാത്സല്യം സർക്കാർ ഒരുക്കിയിട്ടുണ്ട്.
അവിടെ അവർ നല്ല പൗരൻമാരായി വളരും. കുട്ടികളെ വേണ്ടെങ്കിൽ വഴിയിൽ ഉപേക്ഷിക്കാതെ അമ്മത്തൊട്ടിൽ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ അഭ്യർഥിക്കുന്നു. അപമാനം ഭയന്ന് കുഞ്ഞുങ്ങളെ കൊല്ലാനോ ഉപേക്ഷിക്കാനോ ശ്രമിക്കരുത്.
അമ്മത്തൊട്ടിലിനെക്കുറിച്ച് നിരവധി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതി കാണുമ്പോൾ അത് പോരെന്ന് തോന്നുന്നു. കൂടുതൽ അവബോധം സമൂഹത്തിൽ സൃഷ്ടിക്കണം. എല്ലാ ജില്ലയിലും അമ്മത്തൊട്ടിൽ പ്രവർത്തിക്കുന്നുണ്ട്- അവർ കൂട്ടിച്ചേർത്തു.
അമ്മത്തൊട്ടിലിന്റെ പ്രവർത്തനം
- ശരീരം സ്പർശിക്കുമ്പോൾ മാത്രം സെൻസർ പ്രവർത്തിച്ച് മുൻവാതിൽ തുറക്കും.
- കുട്ടിയെ തൊട്ടിലിൽ വെക്കും മുമ്പ് ഒരു മിനിട്ട് കൗൺസലിങ് (ഓഡിയോ സന്ദേശം, കുട്ടിയെ ഉപേക്ഷിക്കാൻ പാടില്ല, മാതൃത്വം കുട്ടിയുടെ ജന്മാവകാശമാണ്’).
- തൊട്ടിലിൽ വെക്കുമ്പോൾ സെൻസർ വഴി കുട്ടിയുടെ മാത്രം ചിത്രം പതിയും.
- ശിശുക്ഷേമ സമിതിയുടെ ആപ്പിലേക്ക് കുട്ടിയുടെ ചിത്രം അപ്ലോഡ് ചെയ്യും.
- കുട്ടി ആണോ, പെണ്ണോ, തൂക്കം എന്നീ വിവരങ്ങളും ഇതിൽ ഉൾപ്പെടും.
- ആശുപത്രിയിൽ നഴ്സിന്റെ മുറിയിലെ സ്ക്രീനിൽ അമ്മത്തൊട്ടിൽ എപ്പോഴും കാണാം.
- കുഞ്ഞിനെ തൊട്ടിലിൽ വെച്ച് ഇറങ്ങുമ്പോൾ നഴ്സിന്റെ മുറിയിൽ അലാറം കേൾക്കും.
- ശിശുക്ഷേമസമിതി ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് മെസേജുകൾ ലഭിക്കും.
- പിന്നിലെ വാതിൽ തുറന്ന് കുട്ടിയെ ആശുപത്രി അധികൃതർക്ക് എടുക്കാംആരോഗ്യ പരിശോധനക്കുശേഷം കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സുരക്ഷിതത്വത്തിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.