അമൃത് കുടിവെള്ള പദ്ധതി: പത്തനംതിട്ട നഗരത്തിൽ ഒന്നാംഘട്ടത്തിന് അനുമതി
text_fieldsപത്തനംതിട്ട: നഗരത്തിൽ നടപ്പാക്കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്ക് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയത്തിന്റെ ഭരണാനുമതി ലഭിച്ചു. ഒന്നാം ഘട്ടത്തിൽ 16.15 കോടിയാണ് നഗരസഭക്ക് ലഭിക്കുന്നത്.
കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾക്കൊപ്പം നഗരസഭ വിഹിതംകൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നിർവഹണം. ഒന്നാംഘട്ടത്തിൽ കല്ലറക്കടവിൽ 10 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാൻറ് നിർമിക്കും. 11.25 കോടിയാണ് ഇതിനായി വകയിരുത്തുന്നത്. ഈ മാസം തന്നെ തിരുവനന്തപുരം സർക്കാർ എൻജിനീയറിങ് കോളജിലെ സംഘം മണ്ണ് പരിശോധന നടത്തുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു.
ജലം ശുദ്ധീകരിക്കുന്നതിനുള്ള ഗാലറി നവീകരിക്കാൻ 90 ലക്ഷം ചെലവഴിക്കും. ഒന്നാംഘട്ടത്തിൽ തന്നെ നാലു കോടി ചെലവ് ചെയ്ത് 4869 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കാനാണ് പദ്ധതി.ഇത് പൂർത്തിയാകുന്നതോടെ നഗരവാസികൾക്ക് ആധുനിക ശുദ്ധീകരണ സംവിധാനത്തിലൂടെ ഗുണനിലവാരമുള്ള ശുദ്ധജലം എത്തിക്കാൻ കഴിയുമെന്നും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നതെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി നഗരസഭ ചെയർമാന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ തുളസീധരൻ, അസി. എക്സി. എൻജിനീയർ പ്രദീപ് ചന്ദ്ര, മുനിസിപ്പൽ സെക്രട്ടറി എസ്. ഷെർല ബീഗം, മുനിസിപ്പൽ എൻജിനീയർ ജെ.എസ്. സുധീർ രാജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.