ആനന്ദപ്പള്ളി മരമടി നിലച്ചിട്ട് 15 വർഷം; ബിൽ പാസാക്കാതെ കേരളം
text_fieldsപത്തനംതിട്ട: മൃഗസംരക്ഷണ ഭാഗമായി തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ചതിനിടെ വിലക്കുവീണ ആനന്ദപ്പള്ളി മരമടി പുനരുജ്ജീവിപ്പിക്കാൻ ആവശ്യമുയരുന്നു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ഉത്സവങ്ങൾക്കെല്ലാം കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയപ്പോഴാണ് ആനന്ദപ്പള്ളി മരമടിയും നിരോധിക്കപ്പെട്ടത്.
2008ലാണ് ജില്ല ഭരണകൂടം നിരോധിക്കുന്നത്. ഇതുമൂലം കാർഷിക ഉത്സവമായ ഇത് കുറ്റകൃത്യമായി മാറി. എല്ലാവർഷവും ആഗസ്റ്റ് 15നാണ് ആനന്ദപ്പള്ളി മരമടി നടത്തിയിരുന്നത്. കേരളത്തിലെ എട്ടു ജില്ലകളിൽനിന്ന് 60ൽപരം ജോടി ഉരുക്കളും ആയിരക്കണക്കിനു കർഷകരും വിദേശ വിനോദസഞ്ചാരികളും മരമടി ഉത്സവം കാണാൻ ആനന്ദപ്പള്ളിയിൽ എത്തിയിരുന്നു. മരമടിക്കുള്ള ഒരുക്കം തുടങ്ങാൻ ഇപ്പോൾ സമയം കഴിഞ്ഞു.
ജെല്ലിക്കെട്ടിനായി തമിഴ്നാട്ടിലെ യുവജനങ്ങൾ ശക്തമായി സമരം നടത്തിയതിന്റെ ഫലമായി കേന്ദ്രസർക്കാർ 2017ൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന നിയമത്തിൽ ഇളവ് വരുത്തുകയും അതത് സംസ്ഥാനങ്ങൾ ബിൽ പാസാക്കി മൃഗങ്ങളെ ഉപയോഗിച്ചുള്ള കാർഷിക ഉത്സവങ്ങൾ നടത്തുന്നതിന് അനുമതി നൽകുകയും ചെയ്തു.
കേന്ദ്രം ഇളവു നൽകിയപ്പോൾ തന്നെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ അവരുടെ നിയമസഭകളിൽ ബിൽ പാസാക്കി ഉത്സവം ആരംഭിച്ചു.
ഇതിനിടെ ആനന്ദപ്പള്ളി കർഷക സമിതി, ബിൽ പാസാക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി. മരമടി നടത്തുന്നതിനു തടസ്സമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പക്ഷേ, ഇതുവരെയും നിയമസഭ ഇതിനുള്ള ബിൽ പാസാക്കിയിട്ടില്ല. മൃഗസംരക്ഷണ വകുപ്പിനോ, നിയമ വകുപ്പിനോ വനം വകുപ്പിനോ, കൃഷി വകുപ്പിനോ തടസ്സമില്ലെന്നാണ് മന്ത്രിമാർ പറയുന്നത്. അടുത്ത നിയമസഭ സമ്മേളനത്തിൽ മരമടി ബിൽ നിയമസഭ പാസാക്കണമെന്ന് ആനന്ദപ്പള്ളി കർഷക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൺവീനർ ഫാ. ഗീവർഗീസ് ബ്ലാഹേത്ത്, പ്രസിഡന്റ് വർഗീസ് ദാനിയേൽ, സെക്രട്ടറി വി.കെ. സ്റ്റാൻലി, ചീഫ് കോഓഡിനേറ്റർ നിഖിൽ ഫ്രാൻസിസ്, വി.എസ്. ദാനിയേൽ, എബി തോമസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ആനന്ദപ്പള്ളിയുടെ ജെല്ലിക്കെട്ട്
മൃഗത്തെ മനുഷ്യൻ എതിരിടുന്നതിനുപകരം മൃഗവും മനുഷ്യനും ഒത്തൊരുമിച്ച് ഓടി വിജയിക്കുന്ന കാർഷിക വിനോദമായാണ് മരമടിയെ കർഷകർ കണ്ടത്. ഉഴുതുമറിച്ച വയലുകളാണ് മത്സരയിടം. നുകംവെച്ചു കെട്ടിയ രണ്ടുകാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേർന്നതാണ് ഒരു സംഘം. ഇത്തരം 30 സംഘങ്ങളെങ്കിലും മത്സരത്തിൽ പങ്കെടുക്കും.
ഉച്ചമുതൽ വൈകീട്ടുവരെയാണ് മത്സരം. പ്രത്യേകം പരിശീലിപ്പിച്ച കാളകളും വൈദഗ്ധ്യമുള്ള കാളക്കാരുമാണ് പങ്കെടുക്കുന്നത്. കാളകളെ കുളിപ്പിച്ച് അരിമാവ്, മഞ്ഞൾപ്പൊടി എന്നിവകൊണ്ട് അലങ്കരിക്കുന്നു. തുടർന്ന് തുടി, മരം എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവയെ ഇളനീർകൊണ്ട് അഭിഷേകം ചെയ്തശേഷം കൂട്ടിക്കെട്ടി വയലിലിറക്കുന്നു. രണ്ടു കാളക്ക് ഒരു ഓട്ടക്കാരൻ ഉണ്ടായിരിക്കും. അയാൾ മൃഗവുമായി ബന്ധിപ്പിക്കുന്ന ഒരു പലകയിൽനിന്ന് ഒപ്പം സഞ്ചരിക്കുന്നു. മൃഗങ്ങൾ മുന്നോട്ട് കുതിക്കുന്നതനുസരിച്ച് ഓട്ടക്കാരൻ പലകമേൽനിന്ന് അവയെ തെളിച്ചുകൊണ്ടിരിക്കണം. ഇടക്ക് പലകയിൽനിന്ന് നിലത്തിറങ്ങി ഓടാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.