കോവിഡില്‍ കുടുംബങ്ങളിലേക്ക് എത്തി അംഗൻവാടികള്‍
text_fieldsപത്തനംതിട്ട: കോവിഡ് ആറു മാസം പിന്നിടുമ്പോഴും രോഗത്തെ പ്രതിരോധിക്കാൻ രാപ്പകല്‍ അധ്വാനിച്ച് സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍. കോവിഡ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നതുവരെ എല്ലാ മാസവും ഐ.സി.ഡി.എസിനു കീഴില്‍ വരുന്ന അംഗൻവാടി പ്രവര്‍ത്തകര്‍ അംഗൻവാടികളുടെ പരിധിയില്‍ ഉള്‍പ്പെട്ട വീടുകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ഗുണഭോക്താക്കള്‍ അംഗൻവാടികളില്‍ എത്തി ആനുകൂല്യം കൈപ്പറ്റുകയും ചെയ്തിരുന്നു.
എന്നാല്‍, രോഗബാധിതർ വര്‍ധിക്കുകയും വീടുകളില്‍ തന്നെ കഴിയണമെന്ന നിർദേശം വരുകയും ചെയ്ത സാഹചര്യത്തില്‍ 'അംഗൻവാടികള്‍ കുടുംബങ്ങളിലേക്ക്' എത്തി പ്രവര്‍ത്തനം തുടരുകയായിരുന്നു.
മുമ്പ് ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും കൗമാരക്കാരുടെയും നവദമ്പതിമാരുടെയും മറ്റും വിവരങ്ങള്‍ വീടുകളില്‍ എത്തി ശേഖരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്മാര്ട്ഫോണിെൻറ സഹായത്തോടെ സേവനങ്ങള്‍ ഗുണഭോക്താക്കളില്‍ എത്തിക്കുകയാണ് ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍.
ദേശീയ പോഷകാഹാര ദൗത്യത്തിെൻറ ഭാഗമായി 2019ല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്പുഷ്ട കേരളം പദ്ധതി ആവിഷ്കരിച്ചിരുന്നു. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി എല്ലാ അംഗൻവാടികളിലേക്കും വിവരശേഖരണത്തിനായി സ്മാര്‍ട് ഫോണുകളും കൈമാറിയിരുന്നു. ഇതിെൻറ സഹായത്തോടെ ഓണ്‍ലൈനായിട്ടാണ് കുടുംബങ്ങളിലേക്ക് അംഗൻവാടി പദ്ധതി നടത്തുന്നത്.
അതത് അംഗൻവാടികള്‍ക്ക് കീഴില്‍ വരുന്ന ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും എല്ലാ മാസവും നിർദേശങ്ങള്‍ വാട്സ്ആപ് വിഡിയോ കാള്‍ വഴി നല്‍കുകയും ചെയ്യുന്നുണ്ട്. ജൂണില്‍ ആരംഭിച്ച പദ്ധതിയില്‍ ഓരോ മാസവും ഐ.സി.ഡി.എസിന് കീഴിലെ ഓരോ വിഭാഗം ഗുണഭോക്താക്കള്‍ക്കാണ് സേവനം നല്കി വരുന്നതെന്ന് പത്തനംതിട്ട ജില്ല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ നിഷ നായര്‍ പറഞ്ഞു.
ജൂണില്‍ സാമൂഹിക അധിഷ്ഠിത പരിപാടിയായ ദമ്പതി സംഗമം പരിപാടിയിലൂടെ നവദമ്പതികള്‍ക്ക് കൗണ്‍സലിങ്ങും നിര്‍ദേശങ്ങളും നല്കി. ജൂലൈയില്‍ ഗര്‍ഭിണികളെ വിഡിയോ കാള്‍ മുഖേന ബന്ധപ്പെടുകയും ആരോഗ്യവിവരങ്ങള്‍ അറിയുകയും ആവശ്യമായ സേവനങ്ങൾ നല്‍കുകയും ചെയ്തു.
മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ആഗസ്റ്റില്‍ മുലയൂട്ടുന്ന അമ്മമാര്‍ക്കാണ് ഓണ്‍ലൈന്‍ വഴി സേവനം ലഭ്യമാക്കുന്നത്. ഈ പദ്ധതിക്കു പുറമെ ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍ ചെയ്തുവന്ന എല്ലാ ജോലികളും തുടരുന്നുമുണ്ടെന്നും പ്രോഗ്രാം ഓഫിസര്‍ പറഞ്ഞു. പ്രീസ്കൂള്‍ കുട്ടികള്‍ക്കായി നടത്തി വരുന്ന ഓണ്‍ലൈന്‍ ക്ലാസുകളും ഇതില്‍ ഉള്‍പ്പെടും.
പത്തനംതിട്ട ജില്ലയില്‍ അഞ്ച് മിനിഅംഗൻവാടികള് ഉൾപ്പെടെ 1389 അംഗൻവാടികളാണുള്ളത്. ജില്ല വനിത ശിശുവികസന ഓഫിസര്‍ എല്‍. ഷീബയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസിന് കീഴില്‍ എട്ട് ബ്ലോക്ക് പഞ്ചായത്തിലായി 12 ചൈല്‍ഡ് ഡെവലപ്മെൻറ് ഓഫിസര്‍മാരും ഗ്രാമപഞ്ചായത്തുകളിലെ സൂപ്പര്‍വൈസര്‍മാരും അംഗൻവാടികളിലെ ഉദ്യോഗസ്ഥരും ഹെല്‍പര്‍മാരും കോവിഡ് കാലത്തും സേവനങ്ങളില്‍ മുടക്കം വരുത്താതെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.