വീണ്ടും പനിമരണം: പത്തനംതിട്ട ജില്ലയിൽ ആശങ്ക വർധിക്കുന്നു
text_fieldsപത്തനംതിട്ട: പനിബാധിച്ച് ഒരാൾകൂടി മരിച്ചതോടെ ജില്ലയിലെ പനിമരണം ആറ് ആയി. പന്തളം കടയ്ക്കാട് സ്വദേശിയാണ് പനിബാധിച്ച് ചൊവ്വാഴ്ച മരിച്ചത്. എച്ച്1 എൻ1 പനിബാധിതനായി ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രുനാറ്റ് പരിശോധനയിൽ രോഗം കണ്ടെത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. എന്നാൽ, വൈറോളജി ലാബിലെ പരിശോധനക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഡെങ്കിപ്പനിയും എലിപ്പനിയും കൂടാതെ എച്ച്1 എൻ1 പനിയും ജില്ലയിൽ വ്യാപകമാകാൻ തുടങ്ങിയത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ജനുവരിക്കുശേഷം രോഗലക്ഷണം കണ്ടതിനെ തുടർന്ന് 63 പേരിൽ നടത്തിയ പരിശോധനയിൽ 19പേർക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗബാധ സംശയിക്കപ്പെടുന്ന രോഗികളുടെ കൂട്ടത്തിലുള്ളയാളാണ് മരിച്ച പന്തളം സ്വദേശിയെന്നും പറയുന്നു. തിരുവല്ല നഗരസഭ , കുറ്റൂർ, കല്ലൂപ്പാറ , നിരണം, നാറാണംമൂഴി , ചന്ദനപ്പള്ളി പ്രദേശങ്ങളിൽ എച്ച്1 എൻ 1 പനി വ്യാപകമാണ്. എന്നാൽ, ആരാഗ്യവകുപ്പ് ഇത് സ്ഥിരീകരിക്കാൻ തയാറല്ല. മരണസംഖ്യ ഉയരുമ്പോഴും ആരോഗ്യവകുപ്പ് ഒളിച്ചുകളി നടത്തുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ജില്ലയിൽ ആരോഗ്യവകുപ്പിെൻറ പ്രവർത്തനം താളംതെറ്റിയ നിലയിലാണ്. നിത്യവും നൂറുകണക്കിന് രോഗികളാണ് സർക്കാർ ആശുപത്രികളിൽ എത്തുന്നതെങ്കിലും പ്രധാന ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരും മറ്റ് ജീവനക്കാരും ഇല്ലാത്ത സ്ഥിതിയായതിനാൽ മികച്ച ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇന്‍ഫ്ലുവന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട വൈറസാണ് എച്ച്1 എന്‍1. വായുവിലൂടെയാണ് രോഗാണുക്കള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് എത്തുന്നത്.
ഒരാളില്‍നിന്ന് മറ്റൊരാളിലേക്കും അസുഖം പകരാം. പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ടചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മിക്കവരിലും സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍, ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്. അത് തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ നല്‍കേണ്ടതുണ്ട്. അതേസമയം, മഴ ശക്തമായതോടെ ഡെങ്കിയും എലിപ്പനിയും ജില്ലയിൽ വ്യാപകമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.