ആവേശം അലയടിച്ച് ഉത്രട്ടാതി ജലമേള
text_fieldsപത്തനംതിട്ട: ആശങ്കയൊഴിഞ്ഞ് ആചാരപ്പെരുമയിൽ പമ്പയുടെ നെട്ടായത്തിൽ ആറന്മുള ഉത്രട്ടാതി ജലമേള. കാലാവസ്ഥ കനിഞ്ഞുനൽകിയ ജലസമൃദ്ധിയാണ് ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കിയത്. ഒറ്റദിനം കൊണ്ട് പെയ്ത മഴയിൽ ഏഴര അടിയോളം വെള്ളമാണ് പമ്പയിൽ ഉയർന്നത്. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് മേൽശാന്തി പകർന്നുനൽകിയ ദീപവുമായുള്ള ഘോഷ യാത്ര പടിഞ്ഞാറേനട വഴി സത്രം വളപ്പിൽ സമാപിച്ചു.
തുടർന്ന്, ജില്ല കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ജലമേളക്ക് തുടക്കം കുറിച്ച് പതാകയുയർത്തി. ഗജവീരൻ, വേലകളി, നിരവധി നിശ്ചല ദൃശ്യങ്ങൾ മിഴിവേകിയ ഘോഷയാത്രക്ക് വഞ്ചിപ്പാട്ടിന്റെ അകമ്പടി സജീവമാക്കി. ഇത്തവണ 48 പള്ളിയോടങ്ങളാണ് വള്ളംകളിയിൽ പങ്കെടുത്തത്. ആറുവർഷത്തിനുശേഷം ആറന്മുളയില് പരമ്പരാഗത ശൈലിയിലുള്ള മത്സര വള്ളംകളി നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
സ്റ്റാർട്ടിങ് പോയന്റായ പരപ്പുഴക്കടവിൽനിന്ന് ഫിനിഷിങ് പോയന്റായ സത്രക്കടവിലേക്ക് എ ബാച്ചിലെ 32 പള്ളിയോടങ്ങൾ ഒമ്പത് ഹീറ്റ്സായും ബി ബാച്ചിലെ 16 പള്ളിയോടങ്ങൾ നാല് ഹീറ്റ്സായും മത്സരിച്ചു. മത്സര വള്ളംകളിക്ക് മുമ്പ് നടക്കുന്ന ജലഘോഷയാത്രയില് ഏറ്റവും മുന്നിലായി തിരുവോണത്തോണിയും അതിനുപിന്നിലായി എ, ബി ബാച്ച് പള്ളിയോടങ്ങളും അണിചേർന്നപ്പോൾ തിങ്ങിക്കൂടിയ ജനതക്ക് ഇത് നയനാനന്ദകരമായി.
ജലനിരപ്പ് ഉയർന്നു; മൂന്ന് പള്ളിേയാടങ്ങൾ മറിഞ്ഞു
ആറൻമുള: ഉത്രട്ടാതി ജലമേളക്കിടെ മൂന്ന് പള്ളിേയാടങ്ങൾ മറിഞ്ഞു. മുതവഴി, വൻമഴി, മാലക്കര പള്ളിയോടങ്ങളാണ് മറിഞ്ഞത്. ഒരാൾക്ക് പരിക്കുണ്ട്. നാലുപേരെ കാണാതായതായി ആശങ്കയുണ്ടായെങ്കിലും എല്ലാവരും സുരക്ഷിതരായി നീന്തി കരപറ്റി. മുതവഴി, മാലക്കര പള്ളിയോടങ്ങൾ ഫിനിഷിങ് പോയന്റിലാണ് മറിഞ്ഞത്. വൻമഴി സ്റ്റാർട്ടിങ് പോയന്റിലും. പള്ളിയോടങ്ങൾ ചരിഞ്ഞപ്പോൾ തുഴച്ചിൽക്കാർ നദിയിലേക്ക് ചാടുകയായിരുന്നു.
മറിഞ്ഞ പള്ളിയോടങ്ങൾ ഉയർത്താൻ ഏറെ പണിപ്പെട്ടു. മൂഴിയാർ ഡാമ തുറന്നുവിട്ട് ജലനിരപ്പ് ഉയർന്ന പമ്പയിൽ ഇന്നലെ ഒഴുക്ക് അതിശക്തമായിരുന്നു. ഇതാണ് വള്ളങ്ങൾ നിയന്ത്രണം വിടാൻ ഇടയാക്കിയത്. ജലനിരപ്പ് താഴ്ന്നത് വള്ളംകളിയുടെ നടത്തിപ്പിന് ഭീഷണിയായിരുന്ന സാഹചര്യമാണ് ഒറ്റദിവസത്തെ മഴ കൊണ്ട് മാറി പമ്പയിൽ ജലസമൃദ്ധിയിലേക്ക് എത്തിയത്.
ജലോത്സവത്തിന്റെ പൂർണതയിൽ
ആറന്മുള: അപ്രതീക്ഷിതമായി ലഭിച്ച മഴയുടെ ആവേശമായിരുന്നു ഇന്നലെ പമ്പാനദിക്കരയിൽ. വറ്റിവരണ്ട പമ്പാനദി ജലസമ്പുഷ്ടമായപ്പോൾ അതിന്റെ ആഹ്ലാദം ഏറ്റുവാങ്ങി പള്ളിയോടങ്ങൾ തുഴയെറിഞ്ഞു. പമ്പയുടെ ഇരുകരയിൽനിന്നുമെത്തിയ 51 പള്ളിയോടങ്ങൾ ഒരേ താളത്തിൽ കുഞ്ഞോളങ്ങളെ കീറിമുറിച്ച് മുന്നോട്ടു നീങ്ങിയപ്പോൾ കരകളിലും വഞ്ചിപ്പാട്ടിന്റെ ഈരടികൾക്ക് അനുസരിച്ച് കാണികൾ താളംപിടിച്ചു.
പമ്പയുടെ ഇരുകരയെയും ആവേശത്തിന്റെ കൊടുമുടിയിലേക്കെത്തിച്ച ജലഘോഷയാത്രയും മത്സര വള്ളംകളിയും വർഷങ്ങൾക്കുശേഷം ഉത്രട്ടാതി ജലോത്സവത്തിന്റെ പൂർണതയിലേക്കുള്ള മടങ്ങിവരവായിരുന്നു. ശനിയാഴ്ച രാവിലെ മുതൽതന്നെ പമ്പാനദിയും തീരങ്ങളും സജീവമായിരുന്നു. ആചാരാനുഷ്ഠാനങ്ങൾ പൂർത്തീകരിക്കുന്നതിന് പള്ളിയോടങ്ങൾ ഒന്നൊന്നായി ആറന്മുള ക്ഷേത്രക്കടവിലേക്ക് എത്തിയിരുന്നു. പള്ളിയോടങ്ങളിലെത്തിയ കരക്കാർ ക്ഷേത്രത്തിൽ ദർശനം നടത്തുകയും പൂമാല സ്വീകരിക്കുകയും ചെയ്തു. ആറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ ജലോത്സവത്തിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനാണ് ഓരോ പള്ളിയോടവും ക്ഷേത്രക്കടവിലെത്തിയത്.
വീണ്ടും മത്സര വള്ളംകളി
മത്സര വള്ളംകളി ആറന്മുളയിൽ 2017നുശേഷം മടങ്ങിയെത്തി. മഹാപ്രളയം, കോവിഡ് തുടങ്ങിയ വെല്ലുവിളികൾക്കിടെ മത്സര വള്ളംകളി ഉപേക്ഷിക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ഒക്കെ ചെയ്തിരുന്നു. ജലോത്സവത്തിന്റെ ആവേശം ചോർന്നത് കാണികളിലും മടുപ്പുളവാക്കി. ഇക്കുറി മത്സര വള്ളംകളി തിരികെ കൊണ്ടുവരാൻ സംഘാടകർ നേരത്തേതന്നെ തീരുമാനിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായെത്തിയ വരൾച്ച വിലങ്ങുതടിയായി. എന്നാൽ, ഇതിനെ മറികടന്ന് ലഭിച്ച മഴ മത്സരത്തിന് ആവേശമേകി. 48 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ പങ്കെടുക്കാനെത്തിയത്.
ജലഘോഷയാത്രയിൽ 51 പള്ളിയോടങ്ങൾ
ഭക്തിയും പാരമ്പര്യവും അനുഷ്ഠാനവും സമന്വയിപ്പിച്ച ജലഘോഷയാത്ര കാണികൾക്ക് ആനന്ദക്കാഴ്ച ഒരുക്കി. മുത്തുക്കുട ചൂടി ആടയാഭരണങ്ങൾ അണിഞ്ഞ് കൊടികളുയർത്തി 51 പള്ളിയോടങ്ങളാണ് ശനിയാഴ്ച ഉച്ചക്ക് സത്രക്കടവിൽ അണിനിരന്നത്. പമ്പാനദിയുടെ ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള കരകളിൽനിന്നുള്ള പള്ളിയോടങ്ങളിലെ തുഴച്ചിൽകാരും കരക്കാർ തന്നെയായിരുന്നു.
ശ്രീപദ്മനാഭാ... എന്ന െവച്ചുപാട്ടിന്റെ താളത്തിലാണ് പള്ളിയോടങ്ങൾ ജലഘോഷയാത്രയിൽ തുഴഞ്ഞു നീങ്ങിയത്. പമ്പയുടെ കരകളിലെ കടപ്ര ഒഴികെയുള്ള പള്ളിയോടങ്ങൾ ഇത്തവണ ജലഘോഷയാത്രയിൽ അണിനിരന്നു. പണി പൂർത്തായാകാത്തതിനാൽ കടപ്ര പള്ളിയോടത്തിന് പങ്കെടുക്കാനായില്ല. പുതുതായി നീറ്റിലിറക്കിയ കാട്ടൂർ പള്ളിയോടമായിരുന്നു ജലഘോഷയാത്രയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. തിരുവിതാംകൂർ കൊട്ടാരത്തിൽനിന്നുള്ള രാജമുദ്ര ചാർത്തിയാണ് കാട്ടൂർ പള്ളിയോടം എത്തിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.