ആറന്മുള ഉത്രട്ടാതി ജലോത്സവം; ആചാരപരമായ ചടങ്ങുകള്‍ നടത്തും –മന്ത്രി വീണാ ജോര്‍ജ്
text_fieldsപത്തനംതിട്ട: ആറന്മുള തിരുവോണത്തോണി വരവേല്പ്, ഉത്രട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പള്ളിയോട സേവാ സംഘം പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആചാര അനുഷ്ഠാനങ്ങളില്‍ പങ്കുചേരുന്നവര്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കും മുമ്പ് കോവിഡ് പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനും ഉത്രട്ടാതി ജലോത്സവത്തിനുമായി ഒന്നില്‍ 40 പേര് വീതം എത്ര പള്ളിയോടങ്ങള്‍ക്ക് അനുമതി നല്‍കണമെന്നത് സര്‍ക്കാറിെൻറ അംഗീകാരത്തിനായി സമര്‍പ്പിക്കാമെന്ന് ജില്ല കലക്ടർ പറഞ്ഞു. സര്‍ക്കാറിെൻറ അനുമതിക്ക് വിധേയമായായിരിക്കും ഇക്കാര്യം നടപ്പാക്കുക. തുഴക്കാര്‍ കരയില്‍ ഇറങ്ങാതെ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിന് അനുമതി നല്കി. ഉത്രട്ടാതി ജലോത്സവം പ്രതീകാത്മ രീതിയില്‍ പള്ളിയോടങ്ങളെ ഉള്‍ക്കൊള്ളിച്ച് ജലഘോഷയാത്രയായി നടത്തും. അഷ്ടമി രോഹിണി ദിനത്തില്‍ മൂന്ന് പള്ളിയോടത്തിലുള്ളവര്‍ക്ക് മൂന്ന് ഓഡിറ്റോറിയങ്ങളിലായി വള്ളസദ്യ നടത്തും.
20ന് വൈകീട്ട് ആറിന് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്നും തിരുവോണ സദ്യക്ക് ആവശ്യമായ വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെട്ട് 21ന് വെളുപ്പിന് ആറിന് ആറന്മുള ക്ഷേത്രത്തില്‍ എത്തും. 25ന് രാവിലെ 11ന് ഉത്രട്ടാതി ജലോത്സവവും 30ന് അഷ്ടമിരോഹിണി വള്ളസദ്യയും ആചാരപരമായി നടത്തും.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, ജില്ല പൊലീസ് മേധാവി ആര്. നിശാന്തിനി, ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍, ഡി.എം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, പത്തനംതിട്ട ഡിവൈ.എസ്.പി കെ. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.