ആറന്മുളയിൽ ഇനി വള്ളസദ്യ കാലം; രുചിയൂറും 72 ദിനങ്ങൾ
text_fieldsപത്തനംതിട്ട/കോഴഞ്ചേരി: രുചിയേറും വിഭവങ്ങളോടെ ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലം. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക് ഞായറാഴ്ച മുതൽ ഇല ഇടും. 44 കൂട്ടങ്ങളോടെയുള്ള സദ്യ ആറന്മുളയിലെ മാത്രം പ്രത്യേകതയാണ്. ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങൾക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യകളാണ് വള്ളസദ്യകളായി അരങ്ങേറുന്നത്. ഒക്ടോബർ രണ്ടുവരെ നീളുന്നതാണ് വള്ളസദ്യകാലം. അഞ്ഞൂറോളം സദ്യകൾ ഇക്കാലയളവിലുണ്ടാകും. ഇതേവരെ 350 സദ്യകൾ ബുക്കിങ് നടന്നതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ പറഞ്ഞു.
പ്രതിദിനം പത്തു മുതൽ 15 വരെ സദ്യകൾ ക്ഷേത്രത്തിലെ ഊട്ടുപുരകളിലും സമീപത്തെ ഓഡിറ്റോറിയങ്ങളിലുമായി നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തിലാണ് പള്ളിയോട സേവാസംഘം വള്ളസദ്യ ക്രമീകരിക്കുന്നത്. ഹൈകോടതിയുടെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വഹണ സമിതിയാണ് വള്ളസദ്യകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇന്ന് പത്തു പള്ളിയോടങ്ങൾക്കാണ് വഴിപാട് സദ്യ ഒരുക്കുന്നത്. ഇടശേരിമല കിഴക്ക്, തോട്ടപ്പുഴശേരി, വെണ്‍പാല, തെക്കേമുറി, മല്ലപ്പുഴശേരി, മേലുകര, കോറ്റാത്തൂര്‍, ഇടനാട്, തെക്കേമുറി കിഴക്ക്, ആറാട്ടുപുഴ പള്ളിയോടങ്ങളാണ് ഇന്ന് സദ്യയ്ക്കെത്തുന്നത്. സദ്യയ്ക്കെത്തുന്ന പള്ളിയോടങ്ങളിലെ കരക്കാരെ വഴിപാടുകാർ ക്ഷേത്രക്കടവിൽ നിന്നു സ്വീകരിക്കും.
അമ്പലപ്പുഴ പാൽപായസം, അടപ്രഥമൻ, കടല പ്രഥമൻ, പഴം പായസം ഉൾപ്പെടെയുള്ളവ പ്രധാന 44 വിഭവങ്ങളുടെ കൂട്ടത്തിലുണ്ട്. ഇതു കൂടാതെയാണ് കരക്കാർ ശ്ലോകം ചൊല്ലി വിഭവങ്ങൾ ആവശ്യപ്പെടാറുള്ളത്. മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങൾ, തേൻ തുടങ്ങിയവ ഇത്തരം 20 വിഭവങ്ങളുടെ കൂട്ടത്തിലുമുണ്ട്.
വാർത്തസമ്മേളനത്തിൽ പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് കുമാർ മാലിമേൽ, റെയ്സ് കമ്മിറ്റി കൺവീനർ ബി. കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.
വള്ളസദ്യ വിഭവങ്ങൾ
വളളസദ്യയിൽ കരനാഥൻമാർ പാടി ചോദിക്കുന്ന തീർഥവും പൂവും പ്രസാദവും ഉണ്ണിയുണ്ട ശിഷ്ടവും (നിവേദ്യ ചോറ് വഴുതനങ്ങാ മെഴുക്കുപുരട്ടി സഹിതം) നൽകിയ ശേഷം വിളമ്പുന്ന വിഭവങ്ങൾ 1.ചോറ്, 2.പരിപ്പ, 3.പർപ്പടകം(വലുത്,ചെറുത്), 4.നെയ്യ്, 5.സാമ്പാർ, 6.പുളിശേരി, 7.രസം, 8.പച്ചമോര്, 9.അവിയൽ, 10.മധുര പച്ചടി, 11.പാവയ്ക്കാ കിച്ചടി, 12.ബീറ്റ്റൂട്ട കിച്ചടി, 13.തോരൻ, 14.ഇഞ്ചിക്കറി, 15.മാങ്ങാ അച്ചാർ,16. നാരങ്ങാ അച്ചാർ, 17.നെല്ലിക്ക അച്ചാർ, 18.ചമ്മന്തിപ്പൊടി, 19.ആറന്മുള വറുത്ത എരിശേരി, 20.സ്റ്റൂ, 21.വഴുതനങ്ങ മെഴുക്കുപുരട്ടി, 22.പഴം നുറുക്ക്.23.ഉണ്ണിമാങ്ങ, 24.ഏത്തക്കാ ഉപ്പേരി , 25.ശർക്കര പുരട്ടി, 26.ചേമ്പ് ഉപ്പേരി, 27.ചേന ഉപ്പേരി, 28.ഉണ്ണിയപ്പം, 29.പരിപ്പുവട, 30.എളളുണ്ട. 31.കൽക്കണ്ടം, 32.കറുത്ത മുന്തിരി. 33.പഞ്ചസാര, 34.മലർ, 35.പഞ്ചസാര, 36.ശർക്കര, 37.കരിമ്പ്, 38.അടപ്രഥമൻ, 39.പാൽപ്പായസം, 40.കടല പ്രഥമൻ,41.പഴം പായസം,42.പഴം, 43.കരിങ്ങാലി വെളളം, 44.ഉപ്പ്.
ശ്ലോകം ചൊല്ലി ചോദിക്കുമ്പോൾ കൊടുക്കേണ്ട വിഭവങ്ങൾ
45.വെണ്ണ, 46.അരവണ പായസം, 47.ശർക്കര പായസം, 48.ഉണ്ട ശർക്കര, 49.കാളിപ്പഴം, 50.പൂവൻപഴം, 51.കദളിപ്പഴം, 52.തേൻ, 53.ചുക്കുവെളളം, 54.അമ്പഴങ്ങ അച്ചാർ, 55.ഓലൻ, 56.ചീര തോരൻ, 57.മടന്തയില തോരൻ, 58.തകര തോരൻ, 59.മോദകം, 60.പഴുത്ത മാങ്ങാ കറി, 61.അട, 62.ഇഞ്ചിത്തൈര്, 63.കട്ടത്തൈര്, 64.പാളത്തൈര്, 65.വെളളി കിണ്ടി പാൽ.
വളളസദ്യയുടെ ഐതീഹ്യം
കുരുക്ഷേത്ര ഭൂമിയിൽ എതിർനിരയിൽ നിൽക്കുന്ന ബന്ധുക്കളെ കണ്ട് വില്ലെടുക്കാനാകാതെ പകച്ചുനിന്ന അർജുനന് ഗീതോപദേശം നൽകാനായി മനസ് തുറന്ന പാർഥസാരഥി സങ്കൽപ്പത്തിലാണ് ആറന്മുളയിലെ പ്രതിഷ്ഠ എന്ന ഐതീഹ്യത്തിൽ അഭീഷ്ടകാര്യ സിദ്ധിക്കായാണ് ഭക്തർ വളളസദ്യ സമർപ്പിക്കുന്നത്. ഭഗവാന് ഉണ്ണികളോടുളള പ്രിയമാണ് സന്താന ലബ്ധിക്കായി ഭക്തർ വളളസദ്യ നേരുന്നത്. ആറന്മുള പളളിയോടങ്ങളുടെ രൂപഘടന അനന്തശായിയായ മഹാവിഷ്ണുവിന്റെ സങ്കൽപ്പം എന്നതിനാലാണ് സർപ്പദോഷ പരിഹാരത്തിനായി വഴിപാട് സമർപ്പിക്കുന്നത്.
വഴിപാടിന് തിരഞ്ഞെടുക്കുന്ന കരകളിൽചെന്ന് വഴിപാടുകാർ കരനാഥൻമാരെ ക്ഷണിക്കണം. വഴിപാട് ദിവസം ക്ഷേത്ര ശ്രീകോവിലിൽ നിന്നും പൂജിച്ച് വാങ്ങിയ പൂമാല കരയിൽ കൊണ്ട് നൽകി പളളിയോടത്തിനെ യാത്രയാക്കണം. ആറന്മുള ക്ഷേത്രക്കടവിൽ എത്തുന്ന പളളിയോടത്തിനെ വഴിപാടുകാർ വായ്ക്കുരവയിട്ട് സ്വീകരിച്ച ശേഷം കരനാഥൻമാരെ വെറ്റില പുകയില നൽകി സ്വീകരിക്കും. വഴിപാടുകാർക്കൊപ്പം വഞ്ചിപ്പാട്ട് പാടികരനാഥൻമാർ കൊടിമരച്ചുവട്ടിൽ ഭഗവൽസ്തുകൽ ആലപിക്കും. ഇതിന് ശേഷം ക്ഷേത്രത്തിന് വലംവെച്ച് വഴിപാട് തയ്യാറാക്കിയ പന്തലിൽ പ്രവേശിക്കും. 'ഭദ്രദീപം തെളിച്ച് ഭക്തിയോടെ വിഭവങ്ങൾ ഭഗവാനായി വിളമ്പിടേണം'.... എന്ന കരനാഥൻമാർ ചൊല്ലുമ്പോൾ വഴിപാടുകാർ ഭഗവാനായി സങ്കൽപ്പിച്ച് വിളമ്പിവെച്ചിരിക്കുന്ന ഇലയ്ക്കു മുൻപിലെ നിലവിളക്കിൽ തിരിതെളിയിക്കും. സദ്യ ഉണ്ണാനായി ഭഗവാനെ ക്ഷണിച്ച് ' ഉണ്ണിയായി പണ്ടൊരുണ്ണിയൂട്ടിന് പോയോരെൻ ഉണ്ണിക്കണ്ണൻ തന്നെ ഉണ്ണാനെഴുന്നളളി ഉണ്ണികളാം അടിയങ്ങൾ തങ്ങളുടെ തെറ്റുകുറ്റങ്ങൾ പൊറുത്ത് ഉന്നതി വരുത്തുവാൻ സ്തുച്ചീടുന്നേൻ...' എന്ന് ചൊല്ലി ഇരിക്കും. ഇതിന് ശേഷം കരനാഥൻമാർ വളളസദ്യയിൽ മാത്രം വിളമ്പുന്ന വിഭവങ്ങൾ ശ്ലോകങ്ങൾ ചൊല്ലിയും പാട്ട് പാടിയും ആവശ്യപ്പെടും. ഭഗവാൻ ആവശ്യപ്പെടും എന്ന സങ്കൽപ്പത്തിൽ വഴിപാടുകാർ ഇത് കരനാഥൻമാർക്ക് നൽകും. സദ്യയുണ്ട് കൊടിമരച്ചുവട്ടിൽ എത്തുന്ന കരനാഥൻമാർ വഴിപാടുകാർക്ക് ആയുരാരോഗ്യ സൗഖ്യത്തിനും സമ്പൽ സമൃദ്ധിക്കുമായി പ്രാർഥിച്ച് ദക്ഷിണ വാങ്ങി പളളിയോടത്തിലേക്ക് മടങ്ങും. മടങ്ങുമ്പോൾ വഴിപാടുകാർ കരനാഥൻമാർക്ക് ഒപ്പംചെന്ന് പളളിയോടത്തിൽ കയറ്റി യാത്രയാക്കും.
അടുപ്പിൽ അഗ്നി പകർന്നു
വള്ളസദ്യയുടെ ഒരുക്കത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ അടുപ്പിലേക്ക് അഗ്നിപകർന്നു. ക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്നുള്ള അഗ്നി മേൽശാന്തി പകർന്നു നൽകിയത് ഊട്ടുപുരയിൽ എത്തിച്ച് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ നിലവിളക്കിലേക്ക് പകർന്നു. തുടർന്ന്മുതിർന്നപാചകക്കാരൻ വാസുപിള്ള അടുപ്പിലേക്ക്
അഗ്നി പകർന്നു.ഇന്നു രാവിലെ 11.30ന് ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വി.എന്‍. വാസവന്, വീണാ ജോര്‍ജ് , ഗവ.ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങൾ തുടങ്ങിയവര്‍ പങ്കെടുക്കും. വിശിഷ്ടാതിഥികള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും വള്ളസദ്യ ആസ്വദിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിക്ക് പ്രത്യേക പാക്കേജ്
കെ.എസ്.ആർ.ടി.സിയുടെ ക്ഷേത്രദർശനം പാക്കേജിലുൾപ്പെടുത്തി ആറന്മുള വള്ളസദ്യയും വഞ്ചിപ്പാട്ടും ആസ്വദിക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ട്. പാക്കേജിൽ സദ്യയിൽ പങ്കെടുക്കാൻ 250 രൂപയാണ് വാങ്ങുന്നത്. ഇതിനോടകം കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ബുക്കിങ് ആയിട്ടുണ്ട്. കുറഞ്ഞത് രണ്ട് ബസുകളെങ്കിലും ഓരോ ദിവസവും എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
പ്ലാസ്റ്റിക് നിരോധനം
വള്ളസദ്യയോടനുബന്ധിച്ച് ക്രമീകരണങ്ങളിൽ പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചിരിക്കുകയാണ്. 15 കരാറുകാരാണ് സദ്യയുടെ ക്രമീകരണം ചെയ്യുന്നത്. മാലിന്യ നിർമാർജനത്തിനായി പ്രത്യേകം കരാർ നൽകിയിരിക്കുകയാണ്. സദ്യയുമായി ക്രമീകരണങ്ങൾ കുറ്റമറ്റതാക്കാൻ പള്ളിയോട സേവാസംഘത്തിന്റെ നിരീക്ഷണം ഉണ്ടാകും. വഴിപാട് വള്ളസദ്യകളിൽ പള്ളിയോടത്തിൽ എത്തുന്ന കരക്കാക്കും വഴിപാടുകാരന്റെ ക്ഷണപ്രകാരം എത്തുന്നവർക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.
സഹായത്തിന് പൊലീസ്; ഗതാഗത ക്രമീകരണം
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഇന്നുമുതൽ ആരംഭിക്കുന്ന വള്ളസദ്യയുടെ സുരക്ഷാക്രമീകരണങ്ങൾക്കായി കിഴക്കേനടയിൽ പൊലീസ് എയിഡ് പോസ്റ്റ് തുറക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം എയിഡ് പോസ്റ്റിൽ ലഭിക്കും.തിരക്കുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിനു ചുറ്റും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
വള്ളസദ്യയുമായി ബന്ധപ്പെട്ട് എത്തുന്ന വാഹനങ്ങൾ ക്ഷേത്രത്തിലേക്ക് പോകുന്നതിനും തിരികെ പോകുന്നതിനും വൺവേ സംവിധാനം പ്രയോജനപ്പെടുത്തണം.
ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ കിഴക്കേ നടവഴി വന്ന് പടിഞ്ഞാറെ നടയിലൂടെയും തെക്കേ നടയിലൂടെയും പുറത്തേക്ക് പോകണം. തറയിൽ മുക്ക് ഭാഗത്ത് നിന്ന് കിഴക്കേ നടഭാഗത്തേക്ക് വരുന്ന വഴിയിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.തറയിൽ മുക്കുവഴിയും സുഗതകുമാരി റോഡ് (പോലീസ് സ്റ്റേഷൻ റോഡ് ) വഴിയും കിഴക്കേനട ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാം.
കിഴക്കേനട ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും.ക്ഷേത്രത്തിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾ പ്രധാന റോഡ് ഭാഗത്തും വഞ്ചിത്തറ റോഡിലും ഗതാഗത തടസ്സം ഉണ്ടാക്കാത്ത രീതിയിൽ പാർക്ക് ചെയ്യണം.
സുഗതകുമാരി റോഡിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും പഴയ പൊലീസ് സ്റ്റേഷൻ കോമ്പൗണ്ട് , ആനത്താവളം പുരയിടം എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. കിഴക്കേ നടയിലും പടിഞ്ഞാറെ നടയിലും സി.സി.ടി.വി കാമറ നിരീക്ഷണവും ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.