ആറന്മുള വള്ളസദ്യയും ജലമേളയും 21 മുതൽ; സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും
text_fieldsപത്തനംതിട്ട: ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിൽ 21 മുതൽ ആരംഭിക്കുന്ന വള്ളസദ്യ , അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മഴ പെയ്ത് പമ്പയാറ്റിലെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ലൈഫ് ജാക്കറ്റും മറ്റ് സുരക്ഷ ക്രമീകരണങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. അപകടങ്ങള്‍ പൂർണമായി ഒഴിവാക്കുകയാണ് പ്രധാനം. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യം മുമ്പില്‍ കണ്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.
തിരക്കുള്ള ദിവസങ്ങളില്‍ ആംബുലന്‍സ് വിന്യാസം എങ്ങനെയെന്നത് പോലീസുമായി ആലോചിച്ച് തീരുമാനിക്കണം. മഞ്ഞപ്പിത്തം, കോളറ പോലുള്ള ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വാട്ടര്‍ അതോറിറ്റി കൃത്യമായ പരിശോധന നടത്തി ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. വാട്ടര്‍ പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടായി മാലിന്യം കയറുന്ന സാഹചര്യമില്ലെന്നും ഉറപ്പാക്കണം.
ഭക്ഷ്യസുരക്ഷ വകുപ്പും കൃത്യമായ പരിശോധന നടത്തണം. ഭക്ഷണം പാചകം ചെയ്യുന്നവര്‍ക്കും കൈകാര്യം ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാകണം. ഇത് നല്‍കുന്നതിനായി ഡി.എം.ഒയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രത്യേകം സമയക്രമം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ എസ്. പ്രേം കൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്, ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, അംഗമായ ആര്. അജയകുമാര്‍, തിരുവല്ല സബ് കലക്ടര്‍ സഫ്ന നസറുദ്ദീന്‍, അടൂര്‍ ആർ.ഡി.ഒ വി. ജയമോഹന്, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍, സെക്രട്ടറി പ്രസാദ് ആനന്ദ ഭവന്, ട്രഷറര്‍ രമേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.