അരുവിക്കര-അങ്കമാലി ഹരിത ദേശീയപാത; പ്രാഥമിക അലൈൻമെന്റ് തയാറായി
text_fieldsകോന്നി: തലസ്ഥാന നഗരിയിൽനിന്ന് അങ്കമാലിവരെ എം.സി റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിർമിക്കുന്ന ഗ്രീൻഫീൽഡ് പാതയുടെ പ്രാഥമിക അലൈൻമെന്റ് തയാറായി. ഭോപാൽ ഹൈവേ എൻജിനീയറിങ് കൺസൾട്ടന്റ് എന്ന സ്ഥാപനമാണ് പ്രാഥമിക വിവരങ്ങൾ രേഖപ്പെടുത്തുന്നത്. മുമ്പ് ഏരിയ സർവേകൾ പൂർത്തിയാക്കുകയും റൂട്ട് മാപ്പ് തയാറാക്കുകയും ചെയ്തിരുന്നു.
സ്ഥലമേറ്റെടുക്കാനുള്ള തുകയുടെ 75 ശതമാനം ദേശീയപാത അതോറിറ്റിയും 25 ശതമാനം സംസ്ഥാന സർക്കാറുമാണ് നൽകുക. 257 കിലോമീറ്ററിൽ ആറു ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 72 വില്ലേജുകളിൽനിന്ന് ആയിരത്തിലധികം ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
ചെറുവള്ളിയിൽ വിമാനത്താവളം വരുന്നതിനാൽ അവിടത്തെ അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പുളിമാത്തുനിന്ന് തുടങ്ങി നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി താലൂക്ക് വഴിയാണ് പാത കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നത്. പത്തനാപുരം ഭാഗത്തുനിന്ന് നിലവിലെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ വകയാർ കൊല്ലൻപടിക്ക് സമീപം എത്തിച്ചേരും. തുടർന്ന് അരുവാപ്പുലം വില്ലേജിലെ എള്ളാംകാവ് ക്ഷേത്രത്തിനു സമീപത്തുകൂടി ഊട്ടുപാറ റോഡും അച്ചൻകോവിൽ റോഡും കടന്നു ഐരവൺ വില്ലേജിൽ പ്രവേശിക്കും.
ആറ്റരികം ക്ഷേത്രത്തിനു സമീപത്തുകൂടി പരുത്തി, മാളപ്പാറ, മുളന്തറ, മാവനാൽ, ആനകുത്തി, സി.എഫ്.ആർ.ഡി മെഡിക്കൽ കോളജ് എന്നിവയുടെ സമീപത്തുകൂടി പയ്യനാമൺ തവളപ്പാറ വഴി പയ്യനാമൺ പഴയ പോസ്റ്റ് ഓഫിസിനു സമീപം എത്തും. കൊന്നപ്പാറ, ചെമ്മാനി എസ്റ്റേറ്റ്, ചെങ്ങറ-ചിറത്തിട്ട ജങ്ഷൻ, ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടം, പുതുക്കുളം തലച്ചിറ വഴി വടശ്ശേരിക്കരയിലും പമ്പാനദി കടന്നു ചെറുകുളഞ്ഞി വഴി റാന്നിയിലേക്കും വഴിയെത്തും.
തുടർന്ന് മന്ദമരുതി, മക്കപ്പുഴ വഴി എരുമേലിയിലൂടെ കോട്ടയത്തേക്ക് കടക്കും. ജനവാസ മേഖലയും ടൗണുകളും വനഭൂമിയും പരമാവധി ഒഴിവാക്കിയാകും നിർമാണം.
പാത കോന്നി ടൗണിനെ ബാധിക്കില്ല. വയലുകളിലൂടെയും റബർ തോട്ടങ്ങളിലൂടെയുമായിരിക്കും താലൂക്കിലെ റോഡ് കടന്നുപോകുക.
പാതക്ക് ആവശ്യമായി വരുന്ന ഭൂമി ഏറ്റെടുക്കേണ്ട ചുമതല സംസ്ഥാന സർക്കാറിനാണ്. പ്ലാച്ചേരി മുതൽ പൊന്തൻപുഴ വരെയുള്ള ഭാഗത്താണ് വനഭൂമിയുടെ സർവേ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.