ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഇന്ന് അഷ്ടമിരോഹിണി വള്ളസദ്യ
text_fieldsപത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ബുധനാഴ്ച അഷ്ടമിരോഹിണി വള്ളസദ്യ. 500 പറ അരിയുടെ സദ്യയാണ് 52 പള്ളിയോട കരനാഥന്മാർക്കും ഭക്തർക്കുമായി ഒരുക്കുന്നത്. മതിലകത്തെ തെക്കേ പന്തലിലാണ് ഭക്തർക്ക് സദ്യയൊരുക്കുന്നത്. കിഴക്ക്, വടക്ക്, പടിഞ്ഞാറ് തിരുമുറ്റങ്ങളിൽ കരനാഥന്മാർക്ക് മുൻ വർഷങ്ങളിലെപ്പോലെ സദ്യ വിളമ്പും. ക്ഷേത്ര മതിലകത്തെ സദ്യ ചെറുകോൽ സോപാനം കാറ്ററേഴ്സ് ഉടമ സി.കെ. ഹരിശ്ചന്ദ്രനും മതിലകത്തിന് പുറത്തെ നാല് ഓഡിറ്റോറിയങ്ങളിലായി നടത്തുന്ന സദ്യ കോട്ട സാന്ദ്ര കാറ്ററേഴ്സ് ഉടമ കെ.കെ. രവിയുമാണ് നടത്തുന്നത്. 500 പറ അരിയുടെ ചോറും അതിനുള്ള വിഭവങ്ങളുമാണ് ഒരുക്കുന്നത്.
അമ്പലപ്പുഴ പാൽപായസം അടക്കം 44 വിഭവങ്ങൾ സദ്യയിൽ വിളമ്പും. സദ്യക്കുള്ള 500 പറ അരി വ്യവസായി ഉമാശങ്കറും അമ്പലപ്പുഴ പാൽപായസത്തിനുള്ള ചെലവ് നിർമൽ ജ്യോതി സ്കൂൾ ഉടമ ഗോപാൽ കെ. നായരുമാണ് നൽകുന്നത്. കരനാഥന്മാർക്ക് വെയിലും മഴയും കൊള്ളാതെ അഷ്ടമിരോഹിണി സദ്യ കഴിക്കാൻ ക്ഷേത്ര മുറ്റത്ത് പടുതയും പന്തലും തയാറാക്കിയാണ് ഇക്കുറി സദ്യ ക്രമീകരിച്ചിരിക്കുന്നത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ക്ഷേത്ര ആനക്കൊട്ടിലിൽ ഭഗവാന് സദ്യ സമർപ്പിക്കുന്നതോടെ അരലക്ഷത്തിലധികം പേർ പങ്കുചേരുന്ന കേരളത്തിലെ ഏറ്റവും വലിയ സദ്യക്ക് ക്ഷേത്രമുറ്റം സാക്ഷിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.