ആറന്മുളയിൽ അഷ്ടമിരോഹിണി വള്ളസദ്യ നാളെ
text_fieldsകോഴഞ്ചേരി: ആറന്മുള അഷ്മിരോഹിണി വള്ളസദ്യക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി അടുപ്പിലേക്ക് അഗ്നി പകർന്നു. ചൊവ്വാഴ്ച രാവിലെ മുതിർന്ന പാചകക്കാരൻ ഉത്തമൻ നായരാണ് അടുപ്പിലേക്ക് അഗ്നിപകർന്ന് പാചക ജോലികൾക്ക് തുടക്കമിട്ടത്. ശ്രീകോവിലിൽനിന്ന് പകർന്ന് നൽകിയ ദീപം പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.എസ്. രാജൻ ഊട്ടുപുരയിലെ ഭദ്രദീപത്തിലേക്ക് പകർന്നു.
സെക്രട്ടറി പാർഥസാരഥി ആർ. പിള്ള ഫുഡ് കമ്മിറ്റി കൺവീനർ വി.കെ. ചന്ദ്രൻ, വള്ളസദ്യ ഉപസമിതി കൺവീനർ കെ.ജി. കർത്ത, വള്ളസദ്യ നിർവഹണ സമിതി അംഗം കെ. ഹരിദാസ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അജികുമാർ, ട്രഷറർ സഞ്ജീവ് കുമാർ, പ്രദീപ് ചെറുകോൽ, വൈസ് പ്രസിഡന്റ് ജി. സുരേഷ് വെൺപാല, ശശികുമാർ പാണ്ടനാട്, ശരത് പുന്നംതോട്ടം, പി.ആർ. ഷാജി, പി.കെ. ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.
ചെറുകോൽ സോപാനം സി.കെ. ഹരിശ്ചന്ദ്രന്റെ നേതൃത്വത്തിൽ മുന്നൂറോളം വരുന്ന പാചക തൊഴിലാളികളാണ് വിഭവങ്ങൾ ഒരുക്കുന്നത്. വള്ളസദ്യയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ വ്യാഴാഴ്ച 11.30ന് നിർവഹിക്കും.ഒരു ലക്ഷം ഭക്തർ സമൂഹ വള്ളസദ്യയിൽ പങ്കാളികളാകും. ശ്രീകൃഷ്ണജയന്തിനാളിൽ ഭക്തനും ഭഗവാനും ഒന്നിച്ചിരുന്ന് അന്നമുണ്ണുന്നു എന്നാണ് അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയുടെ വിശ്വാസം.
ചേനപ്പാടി കരക്കാരുടെ തൈര് സമർപ്പണം
ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യക്ക് കാഞ്ഞിരപ്പള്ളി ചേനപ്പാടി കരയിൽ നിന്നുള്ള ഭക്തർ പാർഥസാരഥി ക്ഷേത്രത്തിലെത്തി ബുധനാഴ്ച11ന് തൈര് സമർപ്പിക്കും. വാഴൂർ തിർഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീർഥപാദരുടെ നേതൃത്വത്തിൽ പാർഥസാരഥി ഭക്തജന സമിതിയാണ് വള്ളസദ്യക്ക് തൈര് തയാറാക്കി കൊണ്ടുവരുന്നത്. 1300 ലിറ്റർ തൈരാണ് പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ ആറന്മുളയിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.