വികസനം വഴിതൊടാതെ അത്തിക്കയം-കുടമുരുട്ടി റോഡ്
text_fieldsവടശ്ശേരിക്കര: അരനൂറ്റാണ്ടിലേറെയായി വികസനം കടന്നുചെല്ലാതെ അത്തിക്കയം-കുടമുരുട്ടി റോഡ്. പതിറ്റാണ്ടുകൾക്ക് മുമ്പേ ടാർ ചെയ്ത പെരുനാട്-പെരുന്തേനരുവി റോഡിലെ അത്തിക്കയം മുതൽ കുടമുരുട്ടിവരെയുള്ള ഭാഗമാണ് കുപ്പിക്കഴുത്തുപോലെ ഇടുങ്ങിയ വളവുകളും തിരിവുകളുമായി അപകടാവസ്ഥയിൽ തുടരുന്നത്.
അഞ്ചു പതിറ്റാണ്ടുമുമ്പ് തോണിക്കടവുവരെ മാത്രമാണ് ടാർ ചെയ്തിരുന്നത്. പെരുനാട്-പെരുന്തേനരുവി റോഡ് 30 വർഷം മുമ്പാണ് എട്ടുമീറ്റർ വീതിയിൽ കുടമുരുട്ടിവരെയും പിന്നീട് ചണ്ണവരെയും ടാർ ചെയ്യുന്നത്. അതിനും വർഷങ്ങൾക്കു മുമ്പ് ഉന്നത്താനിയിലും വന്നിരിപ്പൻമൂഴിയിലും ഓരോ കലുങ്കുകൾ പണിയുകയും പിന്നീട് റോഡിന്റെ വശങ്ങളിൽ ചില കരിങ്കൽക്കെട്ടുകൾ നിർമിക്കുകയും ചെയ്തിരുന്നു. ജനസാന്ദ്രതയും വാഹനങ്ങളുടെ എണ്ണവും ഏറെ വർധിച്ചിട്ടും ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പെരുന്തേനരുവിയിലേക്കു കടന്നുപോകുന്ന ഈ റോഡിൽ ഒരു പ്രവർത്തനവും നടന്നിട്ടില്ല.
അരനൂറ്റാണ്ടിനുള്ളിൽ വികസിപ്പിക്കാനുള്ള ഒരു ശ്രമങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നോ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ല. ഈ കാലയളവിനുള്ളിൽ ത്രിതല പഞ്ചായത്തുകളിൽനിന്നും എം.പി എം.എൽ.എ ഫണ്ടുകളിൽ നിന്നും സമീപപ്രദേശങ്ങളിലെ റോഡുകൾക്ക് ഒന്നിലധികം തവണ ഫണ്ട് അനുവദിച്ചിട്ടും പെരുനാട്-പെരുന്തേനരുവി റോഡിനെ തഴയുകയായിരുന്നു.
എല്ലാ സീസണുകളിലും നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്നുണ്ട് പെരുന്തേനരുവിയിലേക്ക്.പ്രളയനാന്തര വികസനത്തിന്റെ ഭാഗമായി താലൂക്കിലെ ജനസാന്ദ്രത കുറഞ്ഞ മേഖലകളിലെ റോഡുകൾപോലും വൻതുക മുടക്കി വികസിപ്പിക്കാൻ തീരുമാനിച്ചിട്ടും ഇവിടുത്തക്കാർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ ആകെയുള്ള മാർഗമായ കുടമുരുട്ടി-അത്തിക്കയം റോഡ് വികസിപ്പിക്കാൻ നടപടിയുണ്ടായില്ല. ഒരേ സമയം രണ്ടു വാഹനങ്ങൾ നേർക്കുനേർ വന്നാൽ സൈഡ് കൊടുക്കാൻപോലും വീതിയില്ലാത്ത ഈ റോഡിനെ ആശ്രയിച്ചു നൂറുകണക്കിന് കുടുംബങ്ങൾ കഴിയുന്നുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.