നിശ്ചയദാർഢ്യത്തിന്റെ ട്രാക്കിൽ അത്ലറ്റിക് മത്സരം
text_fieldsകൊടുമൺ: ഭിന്നശേഷി കുട്ടികൾക്ക് കരുത്തും കരുതലുമേകി ഇൻക്ലൂസീവ് കായികോത്സവത്തിലെ അത്ലറ്റിക്സ് മത്സരങ്ങൾ. നിശ്ചയദാർഢ്യത്തിന്റെ ട്രാക്കിൽ പരിമിതികളെ പരാജയപ്പെടുത്തി കുട്ടികൾ മുന്നേറുന്ന കാഴ്ച കാണികളിൽ ആവേശം പകർന്നു. പരസ്പരം മത്സരിക്കുമ്പോഴും ഓരോകുട്ടിയും പരാജയപ്പെടുത്തിയത് തങ്ങളുടെ ശാരീരിക വെല്ലുവിളികളാണ്. ഭിന്നശേഷിക്കാർക്ക് ആത്മവീര്യം നൽകുന്നതിനും ഒരു തെറപ്പി എന്ന നിലയിലുമാണ് മേള സംഘടിപ്പിച്ചത്. സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട നേതൃത്വം നൽകുന്ന കായികമേള കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് നടന്നത്. മേളയില്‍ ജില്ലയിലെ 11 ബി.ആര്.സികളില്‍നിന്ന് മുന്നൂറിലധികം കുട്ടികളാണ് മാറ്റുരക്കുന്നത്.
ജര്‍മനിയിലെ സ്പെഷല്‍ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മെറിന്, ബ്ലസി ബിജു എന്നിവര്‍ ദീപശിഖ തെളിച്ചു. കടമാന്‍കുളം എം.ജി.എം ശാന്തി ഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ നയിച്ച ബാന്‍ഡ് മേളം മാര്‍ച്ച് ഫാസ്റ്റ് പരിപാടിയില്‍ ശ്രദ്ധേയമാക്കി. ഉദ്ഘാടന ചടങ്ങില്‍ ജര്‍മനിയില്‍ നടന്ന സ്പെഷല്‍ ഒളിമ്പിക്സില്‍ ബാസ്കറ്റ്ബാളില്‍ അഞ്ചാംസ്ഥാനം നേടിയ മെറിന്, വോളിബാള്‍ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ ബ്ലസി ബിജു, സംസ്ഥാന കായികമേളയില്‍ നൂറ് മീറ്ററില്‍ സ്വര്‍ണം നേടിയ കോഴഞ്ചേരി ബി.ആര്.സിയിലെ ശിവ ശങ്കരന്, സംസ്ഥാന ഹോക്കി ടീമിലേക്ക് സെലക്ഷന് നേടിയ മല്ലപ്പള്ളി ബി.ആര്.സിയിലെ ശ്യാം എന്നിവരെ ആദരിച്ചു.
ഭിന്നശേഷികുട്ടികള്‍ക്ക് ആത്മവീര്യമേകി ഒരുമാസമായി നടന്നുവരുന്ന ഇന്‍ക്ലൂസീവ് കായികോത്സവം അത്ലറ്റിക്സ് മത്സരത്തോടെ സമാപിക്കും. റാന്നി എം.എസ്.എച്ച് എസ്.എസില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും അടൂര്‍ റെഡ്മെഡോ ടര്‍ഫില്‍ ഫുട്ബാള്മത്സരവും നടന്നു. ബാഡ്മിന്റണ്‍, ഹാന്‍ഡ് ബോള്‍ എന്നിവയും നടന്നു.
പൊതുധാര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഭിന്നശേഷി കുട്ടികള്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നതെന്ന് ശനിയാഴ്ച രാവിലെ കായിക മേള ഉദ്ഘാടനം ചെയ്ത് കലക്ടര്‍ എ. ഷിബു പറഞ്ഞു. കുട്ടികള്‍ക്ക് അവരവരുടെ കഴിവുകള്‍ക്കനുസരിച്ച് ഏത് മത്സരത്തിലും പങ്കെടുക്കാം. മനോബലംകൊണ്ട് തങ്ങളുടെ പരിമിതികളെ കുട്ടികള്‍ പരാജയപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും കലക്ടര്‍ പറഞ്ഞു.
ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ആര്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. പറക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്. തുളസിധരന് പിള്ള, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്, ജില്ല ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അജിത്കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. രാജു, സമഗ്ര ശിക്ഷാകേരളം ത്തനംതിട്ട ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. ലെജു പി. തോമസ്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് അംഗം എ.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരങ്ങൾക്ക് മുമ്പ് പ്രതിജഞയും എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.