ആക്രമിച്ച് തലയടിച്ചുപൊട്ടിച്ച കേസ്; പ്രതികൾക്ക് 20 വർഷം കഠിനതടവ്
text_fieldsലിബിൻ കെ. മത്തായി, ബിനോയ് മാത്യു,
എബിൻ കെ. മത്തായി
പത്തനംതിട്ട: മുൻവിരോധത്താൽ ലിവർ സ്പാനർ, ഇരുമ്പുകമ്പി, തടികഷ്ണം എന്നീ മാരകായുധങ്ങൾ കൊണ്ട് തലക്കടിച്ച് തലയോട്ടിക്ക് ഗുരുതര പരിക്കേൽപിച്ച കേസിൽ മൂന്ന് പ്രതികൾക്ക് 20 വർഷം വീതം കഠിനതടവും 45,000 രൂപ വീതം പിഴയും ശിക്ഷ. പത്തനംതിട്ട അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി മൂന്ന് ജഡ്ജി ഡോ. പി.കെ. ജയകൃഷ്ണന്റേതാണ് വിധി. തണ്ണിത്തോട് പൊലീസ് 2017ൽ രജിസ്റ്റർ ചെയ്ത കുറ്റകരമായ നരഹത്യാശ്രമകേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടിൽ ബിനോയ് മാത്യു( 50), തണ്ണിത്തോട് മേക്കണ്ണം കൊടുംതറ പുത്തൻവീട്ടിൽ, ലിബിൻ കെ. മത്തായി (29), സഹോദരൻ എബിൻ കെ. മത്തായി (28)എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.
തണ്ണിത്തോട് മണ്ണിറ പറങ്ങിമാവിള വീട്ടിൽ സാബുവിനെയാണ് (33) ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ 2017 മാർച്ച് 31ന് വൈകീട്ട് 5.30ന് ഈറച്ചപ്പാത്തിൽ വെച്ച് പ്രതികൾ ആക്രമിച്ച് മാരകമായി പരിക്കേൽപിച്ചത്. പ്രതികൾ പിഴ അടക്കുന്നെങ്കിൽ ഒരുലക്ഷം രൂപ സാബുവിന് നൽകാനും വിധിച്ചു. ഇല്ലങ്കിൽ 15 മാസത്തെ അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. ബിന്നി കോടതിയിൽ ഹാജരായി. തണ്ണിത്തോട് എസ്.ഐ ആയിരുന്ന എ.ആർ. ലീലാമ്മ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും എസ്.ഐ ബീനാ ബീഗം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.