പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ആക്രമണം; ബസിന്റെ ലൈറ്റുകൾ അടിച്ചുപൊട്ടിച്ചു
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനത്തെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മൂന്ന് യുവാക്കൾ അതിക്രമിച്ചുകടന്ന് നിർത്തിയിട്ട ബസിന്റെ ഹെഡ്ലൈറ്റുകൾ അടിച്ചുപൊട്ടിച്ചു. അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ട വേണാട് ബസിന്റെ ലൈറ്റാണ് തകർത്തത്. വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. അറ്റകുറ്റപ്പണിക്കായി ഇട്ടിരുന്ന ബസുകൾ നന്നാക്കുന്നതിനിടെ, തമ്മിൽ അസഭ്യം പറഞ്ഞുകൊണ്ട് മൂന്ന് യുവാക്കൾ സ്റ്റാൻഡിലെ ഗാരേജിനടുത്തേക്കുവരികയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. നിർത്തിയിട്ട ബസുകളിൽ അടിക്കുകയും ബസിന്റെ കീഴിൽ വെച്ചിരുന്ന ബാക്കി ചവിട്ടിത്തെറിപ്പിക്കുകയും ഉപകരണങ്ങൾ എടുത്തെറിയുകയും ചെയ്തതോടെ, ജീവനക്കാർ ഇത് ചോദ്യം ചെയ്തു. ഇതോടെ ജീവനക്കാർക്ക് നേരെയായി ഇവരുടെ അസഭ്യ വർഷം. കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവ് ബസിൽ തലകൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തു. പിന്നീട് ഇയാൾ തന്നെ അവിടെകിടന്ന കമ്പികൊണ്ട് ബസിന്റെ ഹെഡ്ലൈറ്റുകൾ അടിച്ചുപൊട്ടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇതോടെ യാത്രക്കാരും ജീവനക്കാരും ചേർന്ന് മൂന്നുപേരെയും തടഞ്ഞുവെച്ച ശേഷം പൊലീസിൽ വിവരമറിയിച്ചു.
പത്തനംതിട്ട പൊലീസെത്തി ബലംപ്രയോഗിച്ച് ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. മദ്യപിച്ചിരുന്ന ഇവർ പൊലീസ് വാഹനത്തിലിരുന്നും ബഹളംവെച്ചു. ഇതിനിടിയിൽ ഇയാൾ സ്വയം നാവിൽ കടിച്ച് ചോരവരുത്തിയതായും ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റേഷനിലെ സെല്ലിലേക്ക് മാറ്റിയെങ്കിലും അവിടെ കമ്പിയിൽ തലകൊണ്ട് ഇടിക്കുകയും വായിൽനിന്ന് ചോരയും വന്നതോടെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പത്തനംതിട്ട പൊലീസ് പറഞ്ഞു. അക്രമം കാണിച്ച മൂന്നുപേരും ഇടുക്കി സ്വദേശികളാണ്. ഇവർ ദിവസക്കൂലിക്കായി പത്തനംതിട്ടയിൽ തങ്ങുന്നവരാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇതിൽ ഒരാളെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വെച്ച മറ്റ് രണ്ടുപേരെയും പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിന് കേസെടുത്ത് വിട്ടയച്ചു. ഈ സമയത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി അധികൃതർ പരാതി നൽകാനും തയാറായില്ല. ഇതിനിടെ മൂന്നുപേർക്കും കെ.എസ്.ആർ.ടി.സി ജീവനക്കാരിൽനിന്ന് മർദനമേറ്റതായും സൂചനയുണ്ട്. മർദനത്തിൽ ആന്തരിക രക്തസ്രാവം അനുഭവപ്പെട്ടാണ് ഇതിലൊരാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുന്നത്.
എന്നാൽ, ഹെഡ്ലൈറ്റുകൾ തകർത്തതുവഴി 5000 രൂപയുടെ നാശനഷ്ടവും ട്രിപ് മുടങ്ങിയതും അടക്കം 50,000 രൂപയുടെ നഷ്ടം സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവിക്കും, പത്തനംതിട്ട പൊലീസിനും പരാതി നൽകിയെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.