കെ.എസ്.എഫ്.ഇയിൽ മോഷണശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsപത്തനംതിട്ട: കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൻ എന്റർപ്രൈസസ് (കെ.എസ്.എഫ്.ഇ) പത്തനംതിട്ട പ്രധാനശാഖയിലെ മോഷണശ്രമകേസിൽ ഓമല്ലൂർ പുത്തൻപീടിക നീരജ്ഞനം വീട്ടിൽ ബോബിമോൻ (40) അറസ്റ്റിൽ.
സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ റിങ് റോഡിനു സമീപം കുന്നിതോട്ടത്തിൽ ടവേഴ്സ് കെട്ടിടത്തിലെ കെ.എസ്.എഫ്.ഇ പ്രധാനശാഖയിൽ കഴിഞ്ഞമാസം 25 ന് രാത്രി 8.30 നായിരുന്നു മോഷണശ്രമം. പ്രദേശത്തെ സി.സി.ടി.വികളിലെ ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സ്ഥലത്ത് സംശയകരമായി കണ്ട കാറും ആളിനെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ബോബിമോനിലേക്ക് എത്തിയത്. ബോബിമോനെ ഇയോൺ കാറിൽ പത്തനംതിട്ട ടൗണിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് കാൾ വിവരങ്ങളും മറ്റും വിശദമായി പരിശോധിച്ചു. മോഷണശ്രമത്തിന് ഉപയോഗിച്ച കട്ടിങ് മെഷീൻ, ഡ്രില്ലിങ് മെഷീൻ ഉൾപ്പെടെ ആയുധങ്ങളും ഈ സമയം ഇയാൾ ധരിച്ച വസ്ത്രവും ഒളിപ്പിച്ചുവെച്ച വർക്ക്ഷോപ്പിൽ നിന്ന് പിന്നീട് കണ്ടെടുത്തു, കാറും പിടിച്ചെടുത്തു. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഷട്ടറിന്റെ പൂട്ടുകൾ പൊളിച്ച് കടന്ന മോഷ്ടാവ് മാനേജറുടെ മുറിയുടെ പിന്നിലെ സ്ട്രോങ്ങ് റൂമിന്റെ ഇരുമ്പ് വാതിൽ മെഷീൻ കൊണ്ട് പൊളിച്ച് തുറക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ 1.85 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. അസിസ്റ്റന്റ് മാനേജർ സുജാതയുടെ മൊഴിപ്രകാരമാണ് കേസെടുത്തത്. പത്തനംതിട്ട സ്റ്റേഷനിലെ എസ്.ഐമാരായ എസ്.എസ് ഷാൻ, മിഥുൻ, അഭിലാഷ്, സന്തോഷ് കുമാർ, സി.പി.ഒമാരായ ബൈജു, ജയരാജ്, ഷെഫീക്ക്, നിസാം, ബൈജു, ഷഫീക്, സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.