ഓട്ടോ ഡ്രൈവറുടെ കൊലപാതകം: മകന് ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍
text_fieldsപത്തനംതിട്ട: ഇലന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മകന് ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍. ഇലന്തൂര്‍ ഈസ്റ്റ് ഭഗവതിക്കുന്ന് ക്ഷേത്രത്തിന് സമീപം പൂവപ്പള്ളില്‍ കിഴക്കേഭാഗത്ത് എബ്രഹാം കെ. ഇട്ടി (കൊച്ചുമോന് -52) കൊല്ലപ്പെട്ട കേസില്‍ മകന് റെബിന് (20), ബന്ധു പ്രകാശ് (47), ഷാജി (52), രാജന് (55), സുജിത് (39), അച്ചു വര്‍ഗീസ് (20) എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട, ഇലവുംതിട്ട എസ്.എച്ച്.ഒമാരുടെ സംയുക്ത നീക്കത്തിനൊടുവിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് വീട്ടില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കൊച്ചുമോനെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി കൊച്ചുമോനും കൂട്ടുകാരും വീട്ടില്‍ മദ്യപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അവരെ കേന്ദ്രീകരിച്ചാണ് ആദ്യം അന്വേഷണം മുന്നോട്ടുപോയത്. പിന്നീടാണ് മകനിലേക്കും ബന്ധുക്കളിലേക്കുമെത്തിയത്. രണ്ട് വര്‍ഷത്തോളമായി കൊച്ചുമോന് തനിച്ചാണ് താമസിച്ചിരുന്നത്. മദ്യപിച്ചെത്തി പതിവായി ഉപദ്രവിക്കുന്നതിനാല്‍ ഭാര്യ ആശയും മക്കളായ റെബിനും രേഷ്മയും വീട് വിട്ടുപോയിരുന്നു.
റെബിന് ബി.ടെക് വിദ്യാര്‍ഥിയാണ്. ആദ്യം കുടുംബവീടായ തണ്ണിത്തോട്ടിലാണ് ആശയും മക്കളും താമസിച്ചിരുന്നത്. പിന്നീട് ചെങ്ങന്നൂരിെല സഹോദരിയുടെ വീട്ടിലായി താമസം. ജീവനാംശത്തിന് കോടതിയെ സമീപിച്ച ആശക്ക് ഭർത്താവിെൻറ വീട്ടില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചിരുന്നു. എന്നാൽ, കൊച്ചുമോൻ ഭാര്യയെയും മക്കളെയും വീട്ടിൽ കയറാൻ അനുവദിച്ചില്ല. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പിതാവിനോട് സംസാരിക്കാന്‍ കൂട്ടുകാരെയും ബന്ധുവിനെയും കൂട്ടി വ്യാഴാഴ്ച രാത്രി ഒമ്പേതാടെ റെബിന് എത്തി. അതിക്രമത്തിന് തയാറെടുത്ത് മാരകായുധങ്ങളുമായാണ് ഇവർ എത്തിയതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന കൊച്ചുമോനുമായി സംസാരിച്ച് മുഷിഞ്ഞപ്പോള്‍ സംഘര്‍ഷവും ബലപ്രയോഗവുമുണ്ടായി. ഇതിനിടെ തലക്ക് പിന്നിലേറ്റ മുറിവില്‍നിന്ന് ചോര വാര്‍ന്നായിരുന്നു മരണം. പരിക്കേറ്റ് ചോരയൊലിച്ച് വീണുകിടന്ന കൊച്ചുമോനെ ഉപേക്ഷിച്ച് റെബിനും കൂട്ടരും സ്ഥലംവിടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കിട്ടിയ ചെരിപ്പും വിരലടയാളവും പൊലീസ് നായ് പോയ വഴിയുമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. എസ്.പി നിശാന്തിനിയുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.