സംരക്ഷണഭിത്തി ഇടിഞ്ഞ് ആയുർവേദ ആശുപതിയുടെ ഭിത്തി തകർന്നു
text_fieldsമല്ലപ്പള്ളി: കനത്ത മഴയിൽ സ്വകാര്യ വ്യക്തിയുടെ വസ്തുവിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ആയുർവേദ ആശുപത്രിയുടെ ഭിത്തി തകർന്നു. കൊറ്റനാട് പഞ്ചായത്തിലെ 12ാം വാർഡിൽ ചാലാപ്പള്ളിയിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിക്കാണ് ഈ ദുരവസ്ഥ.
2021 ഒക്ടോബറിൽ സമാനമായ രീതിയിൽ കെട്ടിടത്തിന്റെ ഭിത്തിയിൽ വലിയ പാറക്കഷണങ്ങൾ ഇടിഞ്ഞുവീണ് ബലക്ഷയം സംഭവിച്ചിരുന്നു. അന്ന് സമീപത്തെ വസ്തുഉടമ സംരക്ഷണഭിത്തി പൊളിച്ചുമാറ്റി മണ്ണ് നീക്കം ചെയ്യാനും ആവശ്യമായ സ്ഥലം വിട്ടുനൽകാമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ, പഞ്ചായത്ത് ഭരണസമിതി നിലപാട് കൈക്കൊള്ളാത്തതാണ് ഈ ദുരന്തത്തിന് കാരണമായത്. മൂന്ന് വർഷത്തിനിടയിൽ ആശുപത്രി അധികൃതർ ആറ് തവണയിലേറെ അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചിരുന്നെങ്കിലും അധികാരികൾ വേണ്ട തീരുമാനം കൈക്കൊണ്ടില്ല.
മെഡിക്കൽ ഓഫിസർ, കൺസൽട്ടൻസ് ഡോക്ടർ, ഫാർമസിസ്റ്റ്, പാർടൈം സ്വീപ്പർ, യോഗ ഇൻസ്പെക്ടർ എന്നിങ്ങനെ ആറ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിലുള്ളത്. നിരവധി രോഗികൾ ദിനംപ്രതി ഈ ആതുരാലയത്തിൽ എത്താറുണ്ട്. ആശുപത്രി 2003ലാണ് സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. കേന്ദ്ര സർക്കാറിന്റെ എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷനായി തെരഞ്ഞെടുത്ത ജില്ലയിലെ എട്ട് ഡിസ്പെൻസറികളിൽ ഒന്നാണിത്. അടിയന്തരമായി അധികൃതർ നിലവിലെ ദുരവസ്ഥക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ആശുപത്രി ജീവനക്കാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.