ഒരു കോടിയുടെ ക്രമക്കേട്; മലയാലപ്പുഴ സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്പെന്ഷന്
text_fieldsപത്തനംതിട്ട: വര്‍ഷങ്ങളായി എല്‍.ഡി.എഫ് ഭരിക്കുന്ന മലയാലപ്പുഴ സര്‍വിസ് സഹകരണ സംഘത്തില്‍ വന്‍ ക്രമക്കേട്. ഒരു കോടിയുടെ സാമ്പത്തിക ക്രമക്കേടാണ് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിരമിക്കുന്ന സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജിയെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സെക്രട്ടറി വിരമിക്കുന്നതോടെ സംഘത്തിന് വരുന്ന സാമ്പത്തിക ബാധ്യതയില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍കൂടി പങ്കാളിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് കണ്ടാണ് തിരക്കിട്ട് ഓഡിറ്റിങ് നടത്തി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. രഹസ്യമാക്കിവെച്ച വിവരം മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ വീണ്ടും സി.പി.എം നേതൃത്വം വെട്ടിലായി.
ക്രമരഹിതമായും വഴിവിട്ടും നല്കിയ വായ്പയാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. പലപ്പോഴായി നടന്ന ക്രമക്കേടുകള്‍ ഭരണസമിതിയുടെ അറിവോടെയാണെന്നും സൂചനയുണ്ട്. ഡയറക്ടര്‍ ബോര്‍ഡിലുള്ളത് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പ്രതിനിധികളാണ്.
സി.ഐ.ടി.യു നേതാവ് ജയപ്രകാശാണ് നിലവിലെ ബാങ്ക് പ്രസിഡന്റ്. സ്ഥിര നിക്ഷേപത്തില്‍നിന്നും അല്ലാതെയും വഴിവിട്ടുവായ്പ നല്‍കിയതായി ഗ്രൂപ് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിവരം. 70 ലക്ഷത്തിന്റെ ക്രമക്കേടാണ് കണ്ടെത്തിരിക്കുന്നത് എന്നാണ് പറയുന്നതെങ്കിലും ഒരു കോടിയോളം വരുമെന്ന് സംഘവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറില് തിരുത്തലും തിരിമറിയും നടത്തിയിട്ടുണ്ട്.
വായ്പ കൊടുത്തത് ആര്‍ക്കാണെന്ന കാര്യത്തില്‍ പോലും അവ്യക്തതയുണ്ട്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജി വര്‍ഷങ്ങളായി ബാങ്കിന്റെ സെക്രട്ടറിയാണ്. നിരവധി വര്‍ഷങ്ങളായി എല്‍.ഡി.എഫ് മുന്നണിയാണ് ബാങ്ക് ഭരിക്കുന്നത്. ഇടക്കാലത്ത് ബാങ്കിന്റെ പേരില്‍ തുടങ്ങിയ സമത സൂപ്പര്‍മാര്‍ക്കറ്റ് ഭീമമായ നഷ്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടി വന്നു.
നിക്ഷേപത്തുക, ദിന ചിട്ടിയില്‍നിന്നുള്ള വരുമാനം എന്നിവ എടുത്ത് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട നിലയിലേക്ക് വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത് എന്നാണ് സൂചന. നിൽക്കള്ളിയില്ലാതെ വന്നതോടെയാണ് പാര്‍ട്ടിയും ഡയറക്ടര്‍ ബോര്‍ഡും സെക്രട്ടറിയെ കൈയൊഴിഞ്ഞത്.
സെക്രട്ടറിക്കെതിരെ സ്വീകരിച്ച നടപടി മാധ്യമങ്ങള്‍ക്ക് ചോരാതിരിക്കാന്‍ സി.പി.എം ജില്ല നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുകാരണം സഹകരണ സംഘം ഉദ്യോഗസ്ഥര്‍പോലും പ്രതികരിക്കാന്‍ മടിക്കുകയാണ്.
സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തുവെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും തുടര്‍നടപടി എന്താണെന്ന് അറിയില്ലെന്നുമാണ് കോന്നി സഹകരണ സംഘം അസി. രജിസ്ട്രാര്‍ പറയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ബാങ്കിന്റെ നിലനില്‍പ്പുതന്നെ ഭീഷണിയിലാണ് എന്നാണ് പുറത്തുവരുന്ന വിവരം.
ജില്ലയില്‍ സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ ഒന്നൊഴിയാതെ തകര്‍ച്ചയിലാണ്. ഇതിനിടെയാണ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ പരസ്പരം കള്ളവോട്ട് ആരോപണം യു.ഡി.എഫും എൽ.ഡി.എഫും പരസ്പരം ആരോപിക്കുന്നത്.
കോൺഗ്രസ് മാർച്ച് ഇന്ന്
പത്തനംതിട്ട: മലയാലപ്പുഴ സർവിസ് സഹകരണ ബാങ്കിൽ നടന്ന ഒരു കോടിയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയമാക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് എന്നിവർ സർക്കാറിനോട് ആവശ്യപ്പെട്ടു.
സി.പി.എം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബാങ്ക് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുകയും അത് മൂടിവെക്കുകയും ചെയ്ത ഭരണ സമിതിയും ക്രമക്കേടിൽ പ്രതികളാണെന്നും ഇത് ഉൾപ്പെടെ സമഗ്രവും വിശ്വാസയോഗ്യവുമായ അന്വേഷണം ആവശ്യമാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ജില്ലയിലെ മറ്റ് സഹകരണ ബാങ്കിൽ നടന്നതുപോലെ സി.പി.എം നേതാക്കൾ നടത്തിയ ആസൂത്രിതമായ തട്ടിപ്പ് മൂലം മാസങ്ങളായി നിക്ഷേപകർക്ക് പണം ലഭ്യമാകുന്നില്ലെന്നും ഇതിനെതിരെ ബുധനാഴ്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി മലയാലപ്പുഴ സഹകരണ ബാങ്കിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. രാവിലെ 10ന് അമ്പലം ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന മാർച്ച് ഡി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.