റബർ ചണ്ടി മോഷ്ടിച്ചെന്ന് ആരോപിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി മർദനം; രണ്ടുപേർ പിടിയിൽ
text_fieldsപത്തനംതിട്ട: റബർ വെട്ടുകാരനെ, റബർ ചണ്ടി മോഷ്ടിച്ചെന്ന് ആരോപിച്ച് വിളിച്ചുവരുത്തി കാറിൽ കയറ്റി മർദിച്ച് അവശനാക്കി വഴിയിൽ തള്ളിയ കേസിൽ രണ്ടുപേർ പിടിയിൽ.കൊടുമൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊടുമൺ അനിൽ ഭവനം ഡേവിഡ് (48), അങ്ങാടിക്കൽ തെക്ക് അനു ഭവനം വീട്ടിൽ അനു (44) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി ഷിനുവിനുവേണ്ടി തിരച്ചിൽ തുടരുകയാണ്.
കലഞ്ഞൂർ പാടം പാറയിൽ രാധികാഭവനിൽ വാസുദേവൻ പിള്ളയുടെ മകൻ രാഹുൽ വി. നായരെ (34) വെള്ളിയാഴ്ച രാത്രി 9.30ന് കൊടുമൺ സ്റ്റേഷന് മുൻവശം റോഡിൽനിന്നാണ് പ്രതികൾ കാറിൽ കയറ്റിക്കൊണ്ടുപോയത്. ഡേവിസ് പാട്ടത്തിനെടുത്ത തോട്ടത്തിലെ ടാപ്പറായ രാഹുൽ, റബർ ചണ്ടി മോഷ്ടിച്ചെന്ന് ആരോപിക്കുകയും മൂന്നാം പ്രതിയെക്കൊണ്ട് ഫോണിൽ വിളിച്ച് കൊടുമൺ സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ടെന്ന് പറയുകയും തുടർന്ന് സ്റ്റേഷനിൽ എത്താൻ നിർദേശിക്കുകയുമായിരുന്നു.
ഇവർ ആവശ്യപ്പെട്ടത് പ്രകാരം സ്റ്റേഷന് മുന്നിൽ റോഡിലെത്തിയ രാഹുലിനെ തടഞ്ഞ ശേഷം, ദേഹോപദ്രവം ഏൽപിക്കുകയും കാറിൽ കയറ്റുകയും ചെയ്തു. മർദിച്ച് അവശനാക്കി കൊടുമൺ കോടിയാട്ടുകാവ് ക്ഷേത്രത്തിനു സമീപം റോഡിൽ രാത്രി പതിനൊന്നരയോടെ ഇറക്കിവിട്ടു. സംഭവശേഷം പ്രതികൾ ഒളിവിൽ പോയി.
അന്വേഷണം ഊർജിതമാക്കിയ കൊടുമൺ പൊലീസ്, ഒന്നും രണ്ടും പ്രതികൾ വീട്ടിലെത്തിയെന്നറിഞ്ഞ് ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.