പരിമിതികളിൽ തളരാനിവരില്ല; വിവിധ മേഖലകളിൽ പരിശീലനം നേടി ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ
text_fieldsമലയാലപ്പുഴ ബഡ്സ് സ്കൂളിലെ കുട്ടികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കള്‍
പത്തനംതിട്ട: ഞായറാഴ്ചകളിലും സ്കൂളില്‍പോകാന്‍ വാശിപിടിക്കുന്ന ഒരുകൂട്ടം കുട്ടികളുണ്ട് മലയാലപ്പുഴ പഞ്ചായത്തില്‍. വേറിട്ടകഴിവുകളുടെ ലോകം സ്വന്തമായുള്ള ഭിന്നശേഷി കൂട്ടുകാരാണിവര്‍. പഞ്ചായത്തിന്റെ ബഡ്സ് സ്കൂളിന്റെ കരുതല്‍ തണലാണ് കുട്ടികള്‍ അനുഭവിച്ചറിയുന്നത്. കാഞ്ഞിരപ്പാറയിലുള്ള പഞ്ചായത്ത് കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍ സിന്‍ഡ്രോം, ഇന്റലെക്ച്വല്‍ ഡിസബിലിറ്റി തുടങ്ങി മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന ആറു മുതല്‍ 33 വരെ പ്രായമായ 40 വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്.
അധ്യാപിക എ. ബി. ആര്യക്കൊപ്പം കുട്ടികളുടെ പരിപാലനത്തിനായി ആയയെയും നിയമിച്ചിട്ടുണ്ട്. സ്പീച് തെറപ്പി, ഒക്കുപേഷനല്‍ തെറപ്പി, അഗ്രി തെറപ്പി എന്നീ ചികിത്സകളും ഐറോബിക് വ്യായാമ മുറകളും പരിശീലിപ്പിക്കുന്നു. നടത്തത്തിലും എഴുത്തിലും വേഗതകൂടിയവര്, തല ഉയര്‍ത്തി സംസാരിക്കാന്‍ പഠിച്ച കിടപ്പു രോഗികള്‍, ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ പഠിച്ച സംസാരത്തില്‍ പിന്നില്‍ നിന്നവര്‍, ഇവരെല്ലാം വിദ്യാലയത്തിന്റെ നേട്ടങ്ങളാണ്.
25 ലക്ഷം രൂപയുടെ ധനസഹായം ജില്ലാ മിഷനില്‍നിന്നും അനുവദിച്ചിരുന്നു. ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള വിവിധ പരിശീലനങ്ങള്‍ക്കും സ്ഥാപനങ്ങളിലെ ആവശ്യത്തിനും കുട്ടികള്‍ നിര്‍മിക്കുന്ന പേനയും നോട്ട്പാഡുകളുമാണ് ഉപയോഗിക്കുന്നത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പേപ്പര്‍ ബാഗ്, ഓഫീസ് ഫയല്‍, ലെറ്റര്‍ കവര്‍ നിര്‍മാണം എന്നിവയിലും പരിശീലനം നല്കി. കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമാക്കിയതെന്ന് അധ്യാപികയായ ആര്യ പറഞ്ഞു. ചവിട്ടി നിര്‍മാണ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് രണ്ടു ലക്ഷം രൂപ ജില്ല പഞ്ചായത്തില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.
പരിശീലനത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് ഞായറാഴ്ചപോലും ഇവിടേക്ക് എത്താനുള്ള താല്പര്യമാണ് കുട്ടികളില്‍ കാണുന്നതെന്ന് പരിശീലകര്‍ സാക്ഷ്യം. നിലവിലെ കെട്ടിടത്തിന്റെ പരിമിതി മറികടക്കാന്‍ പുതിയത് നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായര്‍ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.