കോയമ്പത്തൂർ സർവിസ് ഇന്നുമുതലെന്ന് ബസുടമ; ഹരജിയുമായി കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ
text_fieldsപത്തനംതിട്ട: നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് പിടികൂടിയ സ്വകാര്യ ബസിന്റെ കോയമ്പത്തൂർ സർവീസ് ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ഉടമ റോബിൻ ഗിരീഷ്. യാത്രക്കാരെ കിട്ടിയാൽ പമ്പക്കും സർവീസ് നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അനൂകൂലമായ ഹൈകോടതി ഉത്തരവ് ലഭിച്ച സാഹചര്യത്തിലാണ് സർവീസ് വീണ്ടും നടത്തുന്നത്. മോട്ടോർ വാഹന വകുപ്പിന് വാഹനം പരിശോധിച്ച് നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കിൽ നോട്ടീസ് നൽകാമെന്നല്ലാതെ പിടിച്ചിടാൻ പാടില്ലെന്നാണ് ഉത്തരവ്.
നേരത്തെ മോട്ടോർ വാഹന വകുപ്പ് പിടികൂടിയ ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയിരുന്നു. അതിന് ശേഷം ബുധനാഴ്ച സർവീസ് പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഉണ്ടായില്ല. സർവീസ് നടത്തിയാൽ പിടികൂടാൻ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരും പല സ്ഥലത്തും കാത്തുനിന്നിരുന്നു. എന്നാൽ കോടതി ഉത്തരവിന് വേണ്ടിയാണ് അന്ന് സർവീസ് നടത്താതിരുന്നതെന്നും അതേ സമയം തന്റെ മറ്റൊരു ബസ് അന്ന് തന്നെ കോയമ്പത്തൂരിന് സർവീസ് നടത്തിയിരുന്നുവെന്നും ഗിരീഷ് അവകാശപ്പെട്ടു.
കഴിഞ്ഞ ഒക്ടോബര്‍ 16-ാം തീയതിയാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബസ് കോടതി ഉത്തരവിലൂടെ പുറത്തിറക്കിയത്.
പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ബസിന്റെ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 ന് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും. ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള ബസ് സ്റ്റേജ് കാര്യേജ് ആയി ഓരോ സ്റ്റോപ്പിലും ആളെ കയറ്റി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്.
അതിനിടെ റോബിൻ ബസിനെ പൂട്ടാൻ കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ ഹരജി നൽകി. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകൾക്കെതിരെയാണ് ഹർജി. ചട്ടങ്ങളിലെ ചില വകുപ്പുകൾ നിയമത്തിനെതിരെന്ന് കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടുന്നു.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സ്റ്റേജ് ക്യാരേജായി ദേശസൽകൃത റൂട്ടുകളിലൂടെ ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം. ദേശസാത്കൃത റൂട്ടിലൂടെ ഓടാൻ നിലവിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് അനുമതി. മറ്റ് വാഹനങ്ങള്‍ ഓടുന്നത് കെ.എസ്.ആർ.ടി.സിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.