വ്യാപാര മേഖല പ്രതിസന്ധിയിൽ; നഗരത്തിൽ നിർമാണ പ്രവർത്തനം ഇഴയുന്നു
text_fieldsപത്തനംതിട്ട: നഗരത്തിൽ നിർമാണം പലതും അനന്തമായി ഇഴഞ്ഞു നീങ്ങുന്നത് വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പൽ യൂനിറ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നാലു വർഷമായിട്ടും പത്തനംതിട്ട അബാൻ മേൽപാലം പണി പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻഡിലും അതിനോടു ചേർന്ന റോഡുകളിലെയും വ്യാപാര മേഖല സ്തംഭനത്തിലാണ്. കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമാണം പൂർത്തീകരിച്ചിട്ടും കടമുറികൾ വാടകക്കെടുത്തവർക്ക് അത് അനുവദിച്ചു നൽകിയിട്ടില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിർമാണം ആരംഭിച്ചതിനു പിന്നാലെ ടി.കെ റോഡിലെ പ്രധാന കവാടം അടച്ചിട്ടിരിക്കുന്നതിനാൽ പ്രധാന റോഡിലെ നിരത്തുകളിലെ വ്യാപാരികൾ പ്രതിസന്ധിയിലായി.
അശാസ്ത്രീയ പരിഷ്കാരമാണ് പത്തനംതിട്ടയിൽ നടന്നുവരുന്നത്. നിർമാണം നടക്കുന്നതിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകൾക്ക് കയറാൻ പോലുമാകുന്നില്ല. വാഹനങ്ങൾ കടത്തിവിടാത്തതിനാൽ റിങ് റോഡിന്റെ ഒരുഭാഗത്തെ വ്യാപാരം പൂർണമായി നിലച്ചിരിക്കുകയാണ്. മേൽപാലത്തിന്റെ പണി ഇഴഞ്ഞാണ് നീങ്ങുന്നത്.
കരാറുകാർ ഒരു കൂടിയാലോചനയും ഇല്ലാതെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നഗരസഭയോ വ്യാപാരികളോ ഇക്കാര്യം അറിയാറില്ല. നിർമാണ ജോലികളാകട്ടെ സമയബന്ധിതമായി പൂർത്തീകരിക്കാനുമാകുന്നില്ല. ആശുപത്രി കെട്ടിട നിർമാണവും നഗരത്തിലെ മറ്റ് മരാമത്ത് ജോലികളും നീണ്ടാൽ വ്യാപാരികൾ കടക്കെണിയിലാകും.
മുനിസിപ്പൽ അധികൃതരുടെ അനാസ്ഥമൂലം കഴിഞ്ഞ നാലു വർഷമായി കമ്പ്യൂട്ടറൈസേഷൻ പൂർത്തീകരിക്കാത്തതിനാൽ മുനിസിപ്പൽ ആവശ്യത്തിന് എത്തുന്ന വ്യാപാരികൾ ദുരിതത്തിലാണ്. കൃത്യമായ രേഖകൾ മുനിസിപ്പാലിറ്റിയിൽനിന്ന് ലഭിക്കാതെ വരുകയും കാലതാമസം നേരിടുകയും ചെയ്യുന്നു. ഇതു വ്യാപാരികൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു.
ലക്ഷങ്ങൾ മുടക്കി കെ.എസ്.ആർ.ടി.സി കോപ്ലക്സിലുളള കടമുറികൾക്ക് പണം അടച്ചിരിക്കുന്നത്. ഏഴ് വർഷമായിട്ടും പലവിധ കാരണങ്ങൾ പറഞ്ഞ് കടമുറികൾ അനുവദിച്ചു നൽകാത്തത് ഖേദകരമാണ്. ഓൺലൈൻ വ്യാപാരമടക്കം കനത്ത വെല്ലുവിളിയാണ് ചെറുകിട വ്യാപാരികൾ നേരിടുന്നത്.
പിടിച്ചു നിൽക്കാനാകാതെ നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇതിനകം അടച്ചുപൂട്ടി. ഇതിനു പുറമെയാണ് വികസനത്തിന്റെ പേരിൽ വ്യാപാരികൾ അനുഭവിക്കേണ്ടി വരുന്ന പീഡനം. ഇന്ന് നടക്കുന്ന വാർഷികം പൊതുയോഗം വിഷയത്തിൽ ശക്തമായ സമരപരിപാടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
യൂനിറ്റ് പ്രസിഡന്റ് ടി.ടി. അഹമ്മദ്, ജനറൽ സെക്രട്ടറി ജോർജ് വർഗീസ് അജന്ത, വൈസ് പ്രസിഡന്റ് ജോർജ് വർഗീസ്, കെ.സി. വർഗീസ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.