സമൂഹമാധ്യമങ്ങളില്‍ വനിത നേതാവിനെതിരെ പ്രചാരണം; രണ്ടുപേർക്കെതിരെ കേസ്
text_fieldsപത്തനംതിട്ട: സി.പി.ഐ ജില്ല ഘടകത്തിലെ വിഭാഗീയത രൂക്ഷമായിരിക്കെ മുന്‍ ജില്ല സെക്രട്ടറി എ.പി. ജയനെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്കിയ ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അപകീര്‍ത്തികരമായ തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ രണ്ടുപേർക്കെതിരെ കേസ്.
എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശ്രീനാദേവി കുഞ്ഞമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസാദ് അടൂര്‍, മനോജ് വട്ടക്കാവ്, നാരങ്ങാനം എന്നിവര്‍ക്കെതിരെയാണ് സൈബര്‍ പൊലീസ് കേസെടുത്തത്. ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണെന്ന് കാട്ടിയാണ് ശ്രീനാദേവി പരാതി നല്‍കിയത്.
ഫേസ്ബുക്ക് പോസ്റ്റുകളും ലൈവ് വിഡിയോയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവിക്കു നല്കിയ പരാതി സൈബര്‍ സെല്ലിനു കൈമാറുകയായിരുന്നു.
ശ്രീനാദേവി കുഞ്ഞമ്മ സംസ്ഥാന കമ്മിറ്റിക്ക് നല്കിയ പരാതിയാണ് എ.പി. ജയനെതിരെയുള്ള അന്വേഷണത്തിനു കാരണമായത്. അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഇതില്‍ സംസ്ഥാന കൗണ്‍സില്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയന് ജില്ല സെക്രട്ടറി പദവിയും പാര്‍ട്ടിയിലെ ഇതര സ്ഥാനങ്ങളും നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.