കാടുമൂടി ഇലന്തൂരിലെ കനാലും കനാൽ റോഡുകളും
text_fieldsപത്തനംതിട്ട: ഇലന്തൂരിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ ഇടതുകര കനാലും കനാൽ റോഡുകളും കാടുമൂടി. കാട്ടുപന്നികളുടെയും തെരുവുനായ്ക്കളുടെയും പെരുമ്പാമ്പിന്റെയും താവളമായി ഇവിടം. ആളുകൾക്ക് നടന്നുപോകാൻ പോലുമാകാത്ത സ്ഥിതയാണ്. കനാലിൽ പാഴ്മരങ്ങൾ വളർന്നുനിൽക്കുകയാണ്. കോഴിക്കടകളിൽനിന്ന് ഇറച്ചിക്കടകളിൽനിന്നുമുള്ള മാലിന്യം ചാക്കിൽക്കെട്ടി കനാലിൽ തള്ളുന്നുമുണ്ട്. ഇലന്തൂർ ഗവ. കോളജിലെയും വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികൾ ഇതുവഴിയാണ് യാത്രചെയ്യുന്നത്. സ്കൂൾ ജങ്ഷൻ മുതൽ കാഞ്ഞിരിക്കൽപടി വരെയുള്ള കനാൽ റോഡിൽ ഒന്നര കിലോമീറ്ററോളം പൂർണമായി കാടുകയറി.
കനാലിന് ഇരുകരകളിലുമുള്ള 12ാം വാർഡിലെ 102 വീടുകളുള്ള ഉന്നതിയിലെയും മറുകരയിലുള്ള 18 വീടുകളുള്ള ഉന്നതിയിലെയും ആളുകൾക്കും പുറമെ കനാലിന്റെ ഇരുകരകളിലുമായി നൂറുകണക്കിന് വീടുകളാണുള്ളത്. ഗ്രാമപഞ്ചായത്ത് കാര്യാലയം, ഇലന്തൂർ മാർത്തോമ വലിയപള്ളി, ശാസ്താക്ഷേത്രം ഗണപതിക്ഷേത്രം എന്നിവിടങ്ങളിലേക്കും ഈ റോഡിലൂടെ വേണം എത്താൻ.
വർഷങ്ങളായി കാട് വെട്ടിത്തെളിക്കാനോ കനാലിന്റെ അറ്റകുറ്റപ്പണി നടത്താനോ പി.ഐ.പി അധികൃതർ തയാറായിട്ടില്ല. മണിയാറിൽനിന്ന് ആരംഭിച്ച് കോഴഞ്ചേരി വാഴക്കുന്നത്തുവെച്ചാണ് പമ്പാനദിയുടെ ഇടതും വലതുമായി കനാൽ രണ്ടായി പിരിയുന്നത്. ഇടതുകര കനാൽ നാരങ്ങാനം, ഇലന്തൂർ, മെഴുവേലി, ആറന്മുള, മുളക്കുഴ പഞ്ചായത്തുകളിലൂടെ ഒഴുകി ചെങ്ങന്നൂർ താലൂക്ക്, മാവേലിക്കര താലൂക്ക് എന്നിവിടങ്ങളിലൂടെ കാഞ്ഞിരപ്പള്ളി എൻ.സി.പി.ടിക്ക് സമീപമാണ് അവസാനിക്കുന്നത്.
ഹെക്ടറുകണക്കിന് പാടശേഖരങ്ങളെ ഫലഭൂയിഷ്ടമാക്കുന്നതിനൊപ്പം പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാണ് കനാലിലൂടെ ഒഴുകുന്ന ജലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.