ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവ് വില്പന; ഏഴംഗ സംഘം അറസ്റ്റില്‍
text_fieldsഇലവുംതിട്ട: ലോഡ്ജില്‍ മുറിയിയെടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്ന ഏഴംഗ സംഘം പിടിയില്‍. ഇവരില്‍നിന്ന് രണ്ടു കിലോ കഞ്ചാവും ഒരു വാളും പിടിച്ചെടുത്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കൈയാലേത്ത് തറയില്‍ എ.എസ്. അഖില്‍ (21), തിരുവനന്തപുരം മണ്ണാംകോണം നെല്ലിക്കാപ്പറമ്പ് ജോബി ഭവനില്‍ ജോബി ജോസ് (34), ചെന്നിത്തല ഒരിപ്പുറം നിരലത്ത് ആഷിഷ് അനില്‍ (21), ചെങ്ങന്നൂര്‍ തിട്ടമേല്‍ വാഴത്തറയില്‍ ജിത്തു ശിവന് (26), തിട്ടമേല്‍ ചക്കാലയില്‍ സി.എസ്. വിശ്വം (24), കുട്ടമ്പേരൂര്‍ വലിയകുളങ്ങര കണ്ണങ്കുഴി ഗംഗോത്രിയില്‍ ജി.എസ്. രജിത്ത് മോന് (23), കോട്ട കാരയ്ക്കാട് പുത്തന്‍പുരയില്‍ ഷമന്‍ മാത്യു (31) എന്നിവരെയാണ് എസ്.എച്ച്.ഒ ടി.കെ. വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കിടങ്ങന്നൂര്‍ കോങ്കുളഞ്ഞി ജങ്ഷനിലുളള ഓയാസിസ് ലോഡ്ജില്‍നിന്നുമാണ് സംഘം പിടിയിലായത്. ജില്ല പൊലീസ് മേധാവി സുജിത്ത്ദാസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീമും ആറന്മുള, ഇലവുംതിട്ട പൊലീസും സംയുക്തമായിട്ടാണ് ബുധനാഴ്ച പുലര്‍ച്ച ലോഡ്ജില്‍ റെയ്ഡ് നടത്തിയത്. രണ്ടു പോലീസ് സ്റ്റേഷനുകളുടെയും അതിര്‍ത്തിയിലാണ് ലോഡ് സ്ഥിതി ചെയ്യുന്നത്.
കെട്ടിടം ഇലവുംതിട്ട പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലായതിനാല്‍ ആറന്മുള പൊലീസ് മടങ്ങിപ്പോയി. കാരയ്ക്കാട് സ്വദേശിയായ ഷമന്‍ മാത്യു മൂന്നു മാസമായി ലോഡ്ജില്‍ മുറിയെടുത്തിരുന്നു. ഇയാള്‍ ഇവിടെ വല്ലപ്പോഴും എത്തിയിരുന്നത് കഞ്ചാവ് പൊതികളാക്കി വില്പന നടത്തുന്നതിന് വേണ്ടിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ മൂന്നു പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ജോബി ജോസ് കഞ്ചാവ് കടത്തിയതിന് നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്. ആളും ബഹളവുമൊഴിഞ്ഞ സ്ഥലം നോക്കിയാണ് കിടങ്ങന്നൂരില്‍ എത്തി മുറിയെടുത്തത്.
ഈ കെട്ടിടത്തില്‍ നിരവധി കുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇതു കാരണം ലോഡ്ജിലേക്ക് അധികമാരുടെയും ശ്രദ്ധ പതിഞ്ഞിരുന്നില്ല. ഈ അവസരം മുതലെടുത്ത് കഞ്ചാവ് സംഭരണവും വിപണനവും പ്രതികള്‍ നടത്തി വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.