സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നു: സഹകരണ ബാങ്കുകളിലും രക്ഷയില്ല
text_fieldsപത്തനംതിട്ട: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ജില്ലയില്‍ വര്‍ധിക്കുന്നു. നടത്തിപ്പുകാർ നിക്ഷേപകരെ വഞ്ചിച്ച് സ്ഥാപനം പൂട്ടിപ്പോകുന്ന സംഭവങ്ങൾ തുടർച്ചയായുണ്ടാകുമ്പോഴും ജനം ഇതൊന്നും മനസ്സിലാക്കാതെ എളുപ്പത്തിൽ ലാഭമുണ്ടാക്കാൻ ഇത്തരം സ്ഥാപനങ്ങളിലേക്ക് തന്നെ എത്തുകയാണ്. സഹകരണ ബാങ്കുകളിലും തട്ടിപ്പ് വ്യാപകമായതും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതിന് കാരണമാണ്. നിക്ഷേപിച്ച പണമോ പലിശയോ ലഭിക്കാതെ സാധാരണക്കാരായ നിരവധിയാളുകളാണ് പരാതിയുമായി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നത്.
വീടുവെക്കാനും മക്കളുടെ വിവാഹത്തിനുമൊക്കെ കരുതിവെച്ച ഒരു ആയുഷ്കാലത്തെ സമ്പാദ്യമാണ് പലർക്കും നഷ്ടമായത്. ജില്ലയില്‍ പോപുലര്‍ ഫിനാന്‍സ്, തറയില്‍ ഫിനാന്‍സ്, കോച്ചേരില്‍ ചിറ്റ് ആന്‍ഡ് ഫിനാന്‍സ് എന്നിവയുടെ തകര്‍ച്ച കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായതാണ്. മൈലപ്ര സഹകരണ ബാങ്കിലെ തട്ടിപ്പിൽ കുരുങ്ങി നൂറുകണക്കിനാളുകളാണ് ദുരിതം അനുഭവിക്കുന്നത്. ഇതിനു പിന്നാലെയാണ് ഏറ്റവുമൊടുവിൽ പി.ആര്.ഡി മിനി ഫിനാന്‍സിയേഴ്സുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ് പുറത്തുവരുന്നത്. ഉടമ ഡി. അനില്‍ കുമാര്‍, ഭാര്യ, മകന് അടക്കം അറസ്റ്റിലായതോടെയാണ് നിക്ഷേപകരില്‍ കൂടുതല്‍പേര്‍ പരാതികളുമായി രംഗത്തെത്തുന്നത്. തങ്ങളുടെ പണം എങ്ങനെയെങ്കിലും ലഭിക്കണമെന്ന ചിന്തയില്‍ പരാതി ഒഴിവാക്കിയവരില്‍ പലരും പൊലീസ് സ്റ്റേഷനുകളിലെത്തി പരാതി നല്‍കിത്തുടങ്ങി.
സ്ഥാപനത്തിന്റെ ജനറല്‍ മാനേജരെക്കൂടി പൊലീസ് തിരയുകയാണ്. പണമിടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍നിന്ന് ലഭ്യമാകും. ഇതിനിടെ അറസ്റ്റിലായ ഉടമക്കും ഭാര്യക്കും മകനും കോടതി ഉപാധികളോടെ താലക്കാലിക ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി പി.ആര്.ഡി മിനി ഫിനാന്‍സിയേഴ്സില്‍നിന്ന് നിക്ഷേപകര്‍ക്ക് പലിശയോ നിക്ഷേപത്തുകയോ ലഭിച്ചിരുന്നില്ലെന്നു പറയുന്നു. മൂന്നുമാസം മുമ്പ് തകര്‍ച്ച രൂക്ഷമായി. ഇതോടെയാണ് പരാതികളുണ്ടായത്. ഇതിനു പിന്നാലെ സ്ഥാപന ഉടമ അനില്‍ കുമാര്‍ ഒളിവില്‍ പോയി. മുമ്പ് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. രാഷ്ട്രീയ, വ്യക്തിബന്ധങ്ങള്‍ മുതലെടുത്താണ് സ്ഥാപനത്തില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.