സപ്തതി നിറവിൽ കാതോലിക്കേറ്റ് കോളജിന് നാക് എ ++
text_fieldsപത്തനംതിട്ട: മലയോര ജില്ലയുടെ കലാലയ മുത്തശ്ശിയായ കാതോലിക്കേറ്റ് കോളജ് 70ന്റെ നിറവിൽ നിൽക്കുമ്പോൾ നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ ++ പദവി. വിവിധ പ്രവർത്തന മികവുകളുടെ അടിസ്ഥാനത്തിലാണ് ഈ പദവി ലഭിച്ചതെന്ന് കോളജ് മാനേജ്മെന്റ് പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിന് മുന്നോടിയായി നാക് പ്രതിനിധി സംഘം കോളജ് സന്ദർശിച്ച് പഠനം നടത്തിയിരുന്നു. ഇതോടെ കോഴഞ്ചേരി സെന്റ് തോമസ് കോളജിന് ശേഷം പത്തനംതിട്ട ജില്ലയിൽ നാക് എ ++ പദവിയിലേക്ക് കാതോലിക്കേറ്റും എത്തുകയാണ്.
1952 ആഗസ്റ്റ് ഒന്നിനാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ ഈ സ്ഥാപനം സ്ഥാപിത്മായത്. 2100ലധികം വിദ്യാർഥികൾ പഠിക്കുന്ന ഇവിടെ 118 അധ്യാപകരും 17 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. 12 വകുപ്പും 13 ബിരുദ കോഴ്സും 15 ബിരുദാനന്തര ബിരുദ കോഴ്സും 10 ഗവേഷണ വിഭാഗവും വളർന്ന് മധ്യതിരുവിതാംകൂറിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവാർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ 19 സർട്ടിഫിക്കറ്റ് കോഴ്സും വിവിധ നൈപുണി വികസന പ്രോഗ്രാമുകളും നടത്തുന്നു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ലൈബ്രറി, മികച്ച ഗവേഷണ സൗകര്യങ്ങളുള്ള ലബോറട്ടറികൾ, ആരോഗ്യ പരിചരണത്തിനുള്ള ഇൻഫർമറി, ഓപൺ ജിം, യോഗാ സെന്റർ, മിനി ഡിജിറ്റൽ തിയറ്റർ, ഭാഷാപഠനത്തിന് ലാംഗേജ് ലാബ്, സയൻസ് വകുപ്പുകൾക്കുള്ള ഹെർബേറിയം, ജിഞ്ചർ ഹൗസ്, ബട്ടർഫ്ലൈ ഗാർഡൻ, ഓർണമെന്റൽ ഫിഷ് ബ്രീഡിങ്, വെർമികൾചറൽ തുടങ്ങി നിരവധി പഠന സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിൽ ദേശീയതലത്തിൽ തയാറാക്കുന്ന മികവിന്റെ പട്ടികയിൽ 100-150 നിരയിലെ സ്ഥാനവും കോളജ് നേടി. വാർത്തസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. സുനിൽ ജേക്കബ്, ബർസാർ ഡോ. റെന്നി പി. വർഗീസ്, ഡോ. പി.എസ്. പ്രദീപ്, കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് ബിജി കുഞ്ചാക്കോ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.