സംഘർഷത്തിൽ വലഞ്ഞ് തുമ്പമൺ; താളംതെറ്റി ജനജീവിതം
text_fieldsതുമ്പമൺ: തുമ്പമൺ ജങ്ഷനിൽ ശനിയാഴ്ച രാവിലെ മുതൽ സംഘർഷത്തിന്റെ വേലിയേറ്റമായിരുന്നു. ലാത്തിച്ചാർജും റോഡ് ഉപരോധവും ഉച്ചവരെ നീണ്ടതോടെ ജനജീവിതത്തെയും സാരമായി ബാധിച്ചു.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പ് വരെ കോൺഗ്രസ് ആരോപണമായിരുന്ന കള്ളവോട്ട് ഒടുവിൽ ഹൈകോടതി വരെ എത്തിയെങ്കിലും ആവശ്യം തള്ളുകയായിരുന്നു കോടതി. തെരഞ്ഞെടുപ്പ് ആരംഭിച്ച് ഒരുമണിക്കൂർ പിന്നിട്ടപ്പോൾ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസുമായി തർക്കിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പൊലീസിനുനേരെ കോൺഗ്രസ് പ്രവർത്തകർ പാഞ്ഞടുത്തതോടെ ലാത്തിച്ചാർജ് നടത്തി.
മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് പറ്റി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസിനെ പൊലീസ് നിലത്തിട്ട് ചവിട്ടി. തെരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള സഹകരണ മുന്നണിയും കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലാണ് മത്സരം നടക്കുന്നത്.
വ്യാപകമായി അടൂർ താലൂക്കിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി കള്ളവോട്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ 9.30 മുതൽ 11.30 വരെ നിരന്തരം പൊലീസുമായി ഉന്തുംതള്ളുമായിരുന്നു. പലപ്പോഴും വോട്ടെടുപ്പ് നടക്കുന്ന തുമ്പമൺ എം.ജി യു.പി സ്കൂളിലേക്ക് തള്ളിക്കയറാനും ശ്രമിച്ചുകൊണ്ടിരുന്നു. 11.45ന് യൂത്ത് കോൺഗ്രസ് നേതാവ് എം.ജെ. രഞ്ജു വോട്ട് ചെയ്തിറങ്ങിയ ഒരു വോട്ടറെ മർദിച്ചതോടെ പൊലീസ് കോൺഗ്രസ് പ്രവർത്തകരെ അടിച്ചോടിക്കുകയായിരുന്നു.
പിന്നീട് തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.