കോസ്വേയും മുങ്ങി; ഒറ്റപ്പെട്ട് കുറുമ്പൻമൂഴി ഗ്രാമം
text_fieldsവടശ്ശേരിക്കര: തുടർച്ചയായി പെയ്യുന്ന മഴയിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ വനാന്തര ഗ്രാമമായ കുറുമ്പൻമൂഴി ഒറ്റപ്പെട്ടു. നാറാണംമൂഴി പഞ്ചായത്തിലെ വനമേഖലയാൽ ചുറ്റപ്പെട്ട ഗ്രാമമായ കുറുമ്പൻമൂഴിയെയും ചാത്തൻതറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പമ്പാനദിക്ക് കുറുകെയുള്ള കോസ്വേയിൽ വെള്ളം കയറുകയും പെരുന്തേനരുവിയിൽനിന്ന് കുറുമ്പൻമൂഴിയിലേക്കുള്ള വനപാത നിർമാണ പ്രവർത്തനങ്ങൾക്ക് അടച്ചിട്ടതിനാലുമാണ് പ്രദേശം ഒറ്റപ്പെട്ടത്. രാത്രിയിലെ മഴയിൽ കോസ്വേയിൽ വെള്ളം കയറിയതോടെ നാട്ടുകാർക്ക് പുറംലോകത്തെത്താൻ മാർഗമില്ലാതായി. പെരുന്തേനരുവി ജലസംഭരണി സ്ഥാപിതമായശേഷം പമ്പാനദിയിൽ ചെറിയ അളവിൽ ജലനിരപ്പ് ഉയർന്നാൽപോലും കുരുമ്പൻമൂഴി കോസ്വേ മുങ്ങും.
പ്രളയനാന്തരം കോസ്വേയുടെ സ്ഥാനത്ത് ഉടൻ പാലം പണിയുമെന്ന് പ്രഖ്യാപനം വന്നെങ്കിലും നടപടി ഉണ്ടാകാതിരിക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് പെരുന്തേനരുവിയിൽനിന്നും കുറുമ്പൻമൂഴി-മണക്കയം പ്രദേശങ്ങളെ ബന്ധപ്പെടുത്തുന്ന പഴയ കാനനപാത റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി രണ്ടുകോടി രൂപ ചെലവിൽ നവീകരിക്കാൻ തീരുമാനിച്ചത്. കുടമുരുട്ടി ചണ്ണ മുതൽ പെരുന്തേനരുവി വരെ കെ.എസ്.ഇ.ബി നിർമിച്ച റോഡുമായി ഈ പാത ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമാണം നടക്കുന്നത്.
മഴയും മറ്റു കാരണങ്ങളാലും നവീകരണ പ്രവർത്തനങ്ങൾ ഇഴയുകയും കാലം തെറ്റിയെത്തുന്ന മഴ നദിയിൽ വെള്ളപ്പൊക്കം ഉണ്ടാക്കുകയും ചെയ്യുന്നതോടെ കുറുമ്പൻമൂഴിക്കാർ പുറംലോകത്തെത്താൻ വരുംദിവസങ്ങളിലും ഏറെ ബുദ്ധിമുട്ടേണ്ടിവരും. വെള്ളിയാഴ്ച ഉച്ചയോടെ ജലസംഭരണിയിൽ വെള്ളം ഒഴുക്കിവിട്ട് കോസ്വേയിൽകൂടി ഗതാഗതം സാധ്യമാക്കിയെങ്കിലും കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ പ്രദേശവാസികളിൽ ആശങ്ക ഒഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.