നെടുമ്പ്രത്തെ സി.ഡി.എസ് ഫണ്ട് തട്ടിപ്പ്; കേസ് അട്ടിമറിക്കാൻ നീക്കം
text_fieldsതിരുവല്ല: സി.പി.എം ഭരിക്കുന്ന നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സി.ഡി.എസ് ഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ശക്തമായ അണിയറ നീക്കം. സി.ഡി.എസ് ചെയർപേഴ്സൻ പി.കെ. സുജ, അക്കൗണ്ടന്റ് എ. സീനമോൾ, മുൻ വി.ഇ.ഒ വിൻസി എന്നിവർക്കെതിരെയുള്ള തട്ടിപ്പ് കേസ് അട്ടിമിക്കാനുള്ള നീക്കമാണ് ശക്തമായിരിക്കുന്നത്. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ എസ്. ആദിലയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച പഞ്ചായത്ത് ഹാളിൽ വിളിച്ചുചേർത്ത സി.ഡി.എസ് യോഗത്തിന്റെയും പൊതുസഭയുടെയും തീരുമാനപ്രകാരം ആരോപണവിധേയരായ മൂവർക്കുമെതിരെ പണാപഹരണം, വഞ്ചനക്കുറ്റം, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച പരാതി നൽകുവാൻ തീരുമാനിച്ചിരുന്നു.
ഇതിനായി വി.ഇ.ഒയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്. വെള്ളിയാഴ്ച നടക്കുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിനുശേഷം മാത്രമേ പരാതിനൽകുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നതാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരിയുടെ നിലപാട്. തട്ടിപ്പ് കേസിൽ ചെയർപേഴ്സൻ ഉൾപ്പെടെയുള്ള മൂവരെയും കൂടാതെ സി.പി.എം നേതാക്കൾക്കും പങ്കുള്ളതായി പ്രതിപക്ഷ കക്ഷികളായ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ആരോപണം ശരിവെക്കുന്നതാണ് പരാതി നൽകുന്നതിൽ വരുത്തുന്ന കാലതാമസം എന്നതാണ് ആരോപണം.
കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി സി.പി.എം നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടായതായി ആരോപണമുണ്ട്. നടപടിയുടെ ഭാഗമായി പി.കെ. സുജയെ ചെയർപേഴ്സൻ സ്ഥാനത്തുനിന്ന് നീക്കംചെയ്യാനും അക്കൗണ്ടന്റ് സീനാമോളെ സസ്പെൻഡ് ചെയ്യുവാനും തീരുമാനമായിരുന്നു. കോവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാൻസർ ചികിത്സസഹായം, ജനകീയ ഹോട്ടൽ നടത്തിപ്പ് തുടങ്ങിയവയിൽ ഉൾപ്പെടെയാണ് ലക്ഷങ്ങളുടെ തിരിമറി നടന്നിരിക്കുന്നത്.
കുടുംബശ്രീ ഓഡിറ്റ് വിഭാഗത്തിന്റെ ആദ്യ റിപ്പോർട്ടിൽ 17 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്. ഇതേ തുടർന്ന് 2013 മുതലുള്ള 10 വർഷത്തെ കണക്കുകളും ഫയലുകളും ജില്ല മിഷൻ ഓഡിറ്റ് വിഭാഗം മൂന്ന് ആഴ്ച മുമ്പ് പരിശോധനക്കായി ശേഖരിച്ചിരുന്നു. ഇതിലാണ് 69 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. പണമിടപാട് സംബന്ധിച്ച് കാഷ് ബുക്ക്, ബില്ല് വൗച്ചർ എന്നിവയൊന്നും കൃത്യമല്ല .ചെക്കുകൾ നൽകുമ്പോഴും വാങ്ങുമ്പോഴും രേഖകൾ സൂക്ഷിച്ചിട്ടില്ല. 2020 മുതൽ 23 വരെയുള്ള കാലഘട്ടത്തിലാണ് ക്രമക്കേടുകൾ ഏറെയും നടന്നതായി കണ്ടെത്തിയിട്ടുള്ളത്.
പ്രളയത്തിനുശേഷം 2019ൽ പഞ്ചായത്തിലെ 174 കുടുംബശ്രീ യൂനിറ്റുകൾക്കും 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഇതിൽ മൂന്നാംഘട്ട സബ്സിഡിയായി അനുവദിച്ച 66,97,610 രൂപ വിതരണം ചെയ്തതിന് രേഖകൾ ഇല്ല. സംരംഭക ഗ്രൂപ്പുകൾക്ക് റിവോൾവിങ് ഫണ്ടായി നൽകിയ 6,60,900 രൂപക്കും മുഖ്യമന്ത്രിയുടെ സഹായ വായ്പ പദ്ധതിയിൽ അനുവദിച്ച 4,51,029 രൂപക്കും കണക്കില്ല. 13 വാർഡുകളുടെയും സി.ഡി.എസുകൾക്ക് സഹായമായി ഓരോലക്ഷം രൂപ അനുവദിച്ചെങ്കിലും ചെയർപേഴ്സന്റെ ഒന്നാംവാർഡ് ഒഴിച്ച് മറ്റ് 12 വാർഡുകളിലും തുക നൽകിയിട്ടില്ല. 2022 ഏപ്രിലിൽ ഷാലോം കുടുംബശ്രീ യൂനിറ്റ്, നെടുമ്പുറം സർവിസ് സഹകരണ ബാങ്കിൽ അടക്കാനായി നൽകിയ 1.47ലക്ഷം രൂപയും ബാങ്കിൽ അടച്ചിട്ടില്ല.
അയൽക്കൂട്ടം ഗ്രൂപ്പുകൾക്ക് നൽകേണ്ട സബ്സിഡി തുക പിൻവലിച്ച് സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജീവൻ ദീപം ഡെത്ത് ക്ലെയിം ഇനത്തിൽ എട്ടാം വാർഡിലെ ഒരു അംഗത്തിന് ഒരുലക്ഷം രൂപ നൽകിയതായി രേഖയിൽ ഉണ്ടെങ്കിലും ഇവർക്ക് 50,000 രൂപ മാത്രമാണ് ലഭിച്ചത്.
2022 അനുഗ്രഹ കുടുംബശ്രീക്ക് നൽകാനായി നാലരലക്ഷം രൂപ സി.ഡി.എസ് ചെയർപേഴ്സൻ പി.കെ. സുജയുടെ പേരിൽ പിൻവലിച്ചെങ്കിലും തുക സംരംഭകർക്ക് നൽകിയതിന് ഒരു രേഖയും ഇല്ല. പല രേഖകളിലും വ്യാജ ഒപ്പാണ് ഇട്ടിരിക്കുന്നത്.
കേരള ചിക്കൻ എന്ന സംരംഭം തുടങ്ങുന്നതിന് അന്നമ്മ ചാക്കോ എന്നയാളുടെ പേരിൽ ഒന്നരലക്ഷം രൂപ നൽകിയതായി രേഖയുണ്ടെങ്കിലും ഈ വ്യക്തിക്ക് ഇങ്ങനെ ഒരു സംരംഭം ഇല്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിലെ ജനകീയ ഹോട്ടലിലെ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 20,000 രൂപ നടത്തിപ്പുകാർക്ക് ലഭിച്ചിട്ടില്ല. പകരം ഹോട്ടലുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു വ്യക്തിക്കാണ് പണം നൽകിയത്.
സി.ഡി.എസ് അധ്യക്ഷയുടെ പേരിൽ ചെക്ക് എഴുതി തുക മാറിയെടുത്തതായി ബാങ്കിൽനിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ തുക ചാർജ് ഓഫിസർ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
2022 സെപ്റ്റംബർ മുതൽ 2023 ഏപ്രിൽ വരെ സി.ഡി.എസ് അധ്യക്ഷയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് 5,15,870 രൂപ മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിൽ വിജിലൻസ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടിക്ക് നേതൃത്വം നൽകുമെന്ന് പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും കോൺഗ്രസും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.