വീടുകളിൽനിന്ന് കോവിഡ് പടരുന്നതായി കേന്ദ്ര സംഘം
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ജില്ലയിലും എത്തി. നാഷനല്‍ സെൻറര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സി.ഡി.സി) ഡയറക്ടര്‍ ഡോ. സുഗീത് സിങ്ങിെൻറ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമാണ് എത്തിയത്.
ജില്ലയിലെ രോഗവ്യാപനത്തില്‍ കൂടുതലും വീടുകളില്‍നിന്നുള്ള രോഗബാധയാണെന്നും ഇവ തടയാൻ കർശന നടപടി വേണമെന്നും ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. ഇവ തടയണമെങ്കില്‍ വീട്ടിലുള്ള ഏതെങ്കിലും ഒരംഗം പ്രൈമറി കോണ്ടാക്ട് ആയാല്‍ ഉടന്‍ റൂം ക്വാറൻറീനില്‍ പോകുകയും പരിശോധന നടത്തുകയും ചെയ്യണം.
വീട്ടില്‍ ആരെങ്കിലും പോസിറ്റിവ് ആയാല്‍ വീട്ടിലെ എല്ലാവരും കര്‍ശനമായി ക്വാറൻറീനില്‍ പ്രവേശിക്കണം. ക്വാറൻറീന് കാലാവധി തീരും വരെ പുറത്തിറങ്ങാന്‍ പാടില്ല. ആര്.ടി.പി.സി.ആര് പരിശോധന ചെയ്യുന്നവര്‍ ഫലം വരും വരെ പുറത്തിറങ്ങാന്‍ പാടില്ലെന്നും കേന്ദ്രസംഘം പറഞ്ഞു. രോഗവ്യാപനം ഉയര്‍ന്ന നിലയിലേക്ക് പോകാതിരിക്കുന്നതിന് സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുക, മാസ്ക് ധരിക്കുക, സമൂഹ അകലം പാലിക്കുക. ഇവജീവിത ശൈലിയുടെ ഭാഗമാക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു.
കോവിഡ് നിയന്ത്രണത്തിനായി ജില്ലയില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍, സജ്ജീകരണം, ആശുപത്രികളുടെ പ്രവര്‍ത്തനം, പരിശോധന രീതി, വാക്സിനേഷന്, കോണ്ടാക്ട് ട്രെയ്സിങ് തുടങ്ങിയവയും കേന്ദ്രസംഘം വിലയിരുത്തി. പത്തനംതിട്ട ജിയോ സി.എഫ്.എൽ.ടി.സിയിലും സംഘം സന്ദര്‍ശനം നടത്തി. എൻ.സി.ഡി.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രണയ് വര്‍മ, എൻ.സി.ഡി.സി ഉപദേശകൻ ഡോ. എസ്.കെ. ജയിന്, പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. രുചി ജയിന്, ഡി.എച്ച്.സി അസി. ഡയറക്ടര്‍ ഡോ. ബിനോയ് എസ്. ബാബു എന്നിവരാണ് കേന്ദ്രസംഘത്തിലുണ്ടായിരുന്നത്. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യർ, ഡി.എം.ഒ ഡോ. എ.എല്‍. ഷീജ, ഡെപ്യൂട്ടി ഡി.എം.ഒ സി.എസ്. നന്ദിനി തുടങ്ങിയവരുമായി സംഘം കലക്ടറേറ്റിൽ കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.