ചമ്പോൺ വലിയവളവിൽ അപകടങ്ങൾ പതിയിരിക്കുന്നു
text_fieldsവടശ്ശേരിക്കര: അപകടങ്ങൾക്ക് വഴിയൊരുക്കി ചമ്പോൺ വലിയവളവ്. അപകടങ്ങൾ പതിവായ മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാതയിലെ പെരുനാട്, വടശ്ശേരിക്കര പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ചേമ്പാൺ വളവിൽ മുന്നറിയിപ്പ് സംവിധാനമില്ലാത്ത ഹമ്പുകളും അപകടക്കെണിയാകുന്നു.
വളവും കുത്തിറക്കവും കാരണമുള്ള അപകടങ്ങൾ കുറക്കുന്നതിന് വേണ്ടിയാണ് വളവിന് മുകളിലും താഴെയുമായി ഹമ്പുകൾ സ്ഥാപിച്ചത്. മുന്നറിയിപ്പ് ബോർഡുകൾ നാലെണ്ണം സ്ഥാപിച്ചെങ്കിലും നിലവിൽ ഒരെണ്ണം മാത്രമേയുള്ളു.
ബ്ലിങ്കർ ലൈറ്റുകൾ മൂന്നെണ്ണം സ്ഥാപിച്ചിരുന്നു. ഒരെണ്ണം ഏഴ് വർഷങ്ങൾക്ക് മുമ്പ് തീർഥാടക വാഹനം ഇടിച്ച് തകർന്നു. ഇത് പുനഃസ്ഥാപിച്ചിട്ടില്ല. മറ്റു രണ്ടെണ്ണം പ്രവർത്തിക്കുന്നുമില്ല.
ശബരിമല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇവിടെ അമിതവേഗത്തിൽ എത്തി ഹമ്പിൽ കയറുമ്പോഴാണ് അപകടം ഉണ്ടാവുന്നത്. വളവിെൻറ വളരെ അടുത്തെത്തുമ്പോൾ മാത്രമാണ് ഹമ്പ് അറിയാൻ കഴിയുന്നത്. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ വാഹനം മറിയും.
ഹമ്പിൽ സ്ഥാപിച്ചിരുന്ന റിഫ്ലക്ടറുകൾ നേരത്തേതന്നെ ഇളകിപ്പോയി. കൊടും വളവിൽ കാഴ്ച മറക്കുന്ന തരത്തിൽ കാടും പടർന്നുകിടക്കുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്കുപറ്റി. ഹമ്പിൽ വേഗതകുറച്ച ബൈക്ക് യാത്രികൻ പിറകെ വന്ന ഓട്ടോറിക്ഷ ഇടിച്ചു ഗുരുതര പരിക്കുകളുമായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
മിക്കദിവസങ്ങളിലും അപകടത്തിൽ പെടുന്നവരെ സഹായിക്കേണ്ട സ്ഥിതിയിലാണ് ഹമ്പിന് സമീപമുള്ള രതീഷ് ഭവനിലെ റിട്ട. വില്ലേജ് ഓഫിസർ കെ.കെ. രാജപ്പനും ഭാര്യ സോജയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.