ചെറുകോൽ-നാരങ്ങാനം-റാന്നി കുടിവെള്ള പദ്ധതി; സ്ഥലം ഏറ്റെടുക്കാൻ 25 ലക്ഷം
text_fieldsറാന്നി: ചെറുകോൽ-നാരങ്ങാനം-റാന്നി കുടിവെള്ള പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനായി എം.എൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകളിൽ പൂർണമായും റാന്നി പഞ്ചായത്തിന്റെ മൂന്നു വാർഡുകളിലും കുടിവെള്ളം എത്തിക്കുന്ന സമഗ്ര പദ്ധതിയാണ് ചെറുകോൽ -നാരങ്ങാനം - റാന്നി കുടിവെള്ള പദ്ധതി.
പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിനായി ഖാദി ഗ്രാമോദ്യോഗ നിധിയുടെ സ്ഥലമായിരുന്നു കണ്ടുവെച്ചിരുന്നത്. എന്നാൽ, ഇത് ഏറ്റെടുക്കുന്നതിന് നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ മൂലം പദ്ധതി അനിശ്ചിതമായി നീണ്ടുപോയി. ഈ സാഹചര്യത്തിലാണ് നേരത്തേ കണ്ട സ്ഥലത്തിനടുത്തുള്ള സ്വകാര്യ വ്യക്തി സ്ഥലം ട്രീറ്റ്മെന്റ് പ്ലാന്റിന് വിട്ടുനൽകാമെന്ന് പഞ്ചായത്തിനെ അറിയിച്ചത്.
എം.എൽ.എ ഫണ്ടിൽനിന്ന് ചെലവാക്കുന്ന 25 ലക്ഷം രൂപ കിഴിച്ചുള്ള തുക ചെറുകോൽ, നാരങ്ങാനം ,റാന്നി പഞ്ചായത്തുകൾ സംയുക്തമായി മുടക്കും. എം.എൽ.എ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും മൂന്ന് പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
റോഡിന് ഇരുവശവും പൈപ്പിടുന്നതിന് കുഴി എടുത്തിരിക്കുന്നത് അപകടസാധ്യതകൾ ഉണ്ടാക്കുന്ന കാര്യം ജനപ്രതിനിധികൾ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി അപകടസാധ്യത മുന്നറിയിപ്പുകൾ വേണ്ടപോലെ സ്ഥാപിച്ചശേഷമേ നിർമാണ പ്രവൃത്തി ആരംഭിക്കാവൂ എന്നും പൈപ്പ് സ്ഥാപിച്ചാലുടൻ കുഴികൾ പഴയപടിയിലാക്കണമെന്നും എം.എൽ.എ നിർദേശം നൽകി. പ്ലാന്റിനായി വിട്ടുനിൽക്കുന്ന സ്ഥലവും എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
എം.എൽ.എയെ കൂടാതെ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആർ. പ്രകാശ്, കെ.ആർ. സന്തോഷ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.