തീർഥാടകരുടെ ദുരിതങ്ങളുടെ കാരണക്കാരന്‍ മുഖ്യമന്ത്രി -വി.എം. സുധീരന്
text_fieldsപത്തനംതിട്ട: ശബരിമലയില്‍ ഒരു മുന്നൊരുക്കവും നടത്താതെ തീർഥാടകരെ ദുരിതക്കയത്തിലാക്കിയതിന്റെ ഉത്തരവാദിത്തം നവകേരള സദസ്സുമായി മന്ത്രിമാരെ കൂട്ടിക്കറങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. ശബരിമലയോടുള്ള സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും ദുരിതങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ നടപടികള്‍ ആവശ്യപ്പെട്ടും ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പത്തനംതിട്ട കെ.എസ്.ആര്.ടി.സി കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിഷേധ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീർഥാടനത്തിന് മാസങ്ങള്‍ക്ക് മുമ്പ് നടത്തേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് ഉള്‍പ്പെടെ മുന്നൊരുക്കങ്ങളുടെ പോരായ്മയും സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, ജില്ല ഭരണസംവിധാനം എന്നിവകളുടെ ഏകോപനമില്ലായ്മയുമാണ് തീർഥാടകര്‍ അനുഭവിക്കുന്ന യാതനയെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികളല്ലാതെ പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. സുഗമമായ ദര്‍ശനം സാധ്യമാക്കാനും ദേവസ്വം മന്ത്രി ശബരിമലയില്‍ ക്യാമ്പ് ചെയ്ത് നേതൃത്വം നല്കേണ്ടതിന് പകരം നവകേരള സദസ്സില്‍ മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു. തിരക്കും ബുദ്ധിമുട്ടുകളും വാര്ത്തയായതിനുശേഷമാണ് ദേവസ്വം മന്ത്രി ശബരിമല സന്ദര്‍ശിച്ചതെന്നും അതിനുശേഷം പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കരിങ്കൊടി പ്രതിഷേധങ്ങളുടെ ആശാനായ മുഖ്യമന്ത്രിയും സി.പി.എമ്മും ധൂര്‍ത്തിനെതിരെ പ്രതിഷേധിക്കുന്ന കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതക്കുന്നതില്‍ എന്ത് നീതീകരണമാണെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലെ തിരക്ക് വര്‍ഷംതോറും വർധിക്കുന്നത് പരിഗണിച്ച് വികസന പരിപാടികള്‍ നടപ്പാക്കണമെന്ന് സുധീരന് ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ. കെ. ശിവദാസന്‍ നായര്‍, പി. മോഹന്‍രാജ്, മുന്‍ മന്ത്രി പന്തളം സുധാകരന്, മാലേത്ത് സരളാദേവി, എ. ഷംസുദ്ദീന്, റിങ്കു ചെറിയാന്, വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന് പീറ്റര്‍, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, കെ. ജയവര്‍മ, മലയാലപ്പുഴ ജ്യോതിഷ് കുമാര്‍, സുനില്‍ എസ്. ലാല്‍, ജോണ്സണ് വിളവിനാല്‍, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുൽ സലാം, എം.ജി. കണ്ണന്, ഹരികുമാര്‍ പൂതങ്കര, ജി. രഘുനാഥ്, എലിസബത്ത് അബു, സിന്ധു അനില്‍, ലിജു ജോര്‍ജ്, എസ്.വി. പ്രസന്നകുമാര്‍, ഉണ്ണികൃഷ്ണന് നായര്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ലാലു ജോണ്‍, രജനി പ്രദീപ്, അലന് ജിയോ മൈക്കിള്‍, ടി.എച്ച്. സിറാജുദ്ദീന്, ഷാനവാസ് പെരിങ്ങമല, ബാബു മാമ്പറ്റ, ജെറി മാത്യു സാം, അബ്ദുൽ കലാം ആസാദ്, ഈപ്പന് കുര്യന്, എബി മേക്കരിങ്ങാട്ട്, ആര്. ദേവകുമാര്‍, സിബി താഴത്തില്ലത്ത്, പ്രഫ. പി.കെ. മോഹന്‍രാജ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.