മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിനോട് മുഖംതിരിച്ച് ഉദ്യോഗസ്ഥർ
text_fieldsഅടൂർ: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകുന്ന പരാതികളോട് മുഖംതിരിച്ച് ഒരുവിഭാഗം ഉദ്യോഗസ്ഥർ. ഒരുമാസത്തിനുള്ളിൽ തീർപ്പ് കൽപിക്കണമെന്ന സർക്കാർ തീരുമാനം ലംഘിക്കുന്നതായാണ് പരാതി.
തേപ്പുപാറ എസ്.എൻ.ഐ.ടി കോളജിന് എതിർവശത്തെ 17 ഏക്കറിലധികം വരുന്ന കുന്നിടിച്ച് മണ്ണ് കടത്തുന്നതിനെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ (കെ.എസ്.കെ.ടി.യു) കൊടുമൺ ഏരിയ സെക്രട്ടറി എസ്.സി. ബോസ് മുഖ്യമന്ത്രിക്ക് ഫെബ്രുവരി രണ്ടിന് നൽകിയ പരാതിക്ക് ജില്ല മൈനിങ് - ജിയോളജി ഓഫിസ് മറുപടി നൽകിയിട്ടില്ല.
കെ.എസ്.കെ.ടി.യു നൽകിയ പരാതി G 3230200562 എന്ന നമ്പറായി രജിസ്റ്റർ ചെയ്തത് റിപ്പോർട്ടിനായി ഫെബ്രുവരി ആറിന് കലക്ടർക്കും തുടർന്ന് ഫെബ്രുവരി ഏഴിന് ജില്ല മൈനിങ് ആൻഡ് ജിയോളജി ഓഫിസിലും ഓൺലൈനായി എത്തിയിരുന്നു. എന്നാൽ, രണ്ടരമാസം കഴിഞ്ഞിട്ടും മറുപടി നൽകാൻ മൈനിങ്-ജിയോളജി ജില്ല ഓഫിസിലെ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
ഏനാദിമംഗലം, ഏഴംകുളം ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി കുടുംബങ്ങൾക്കായി 76ലക്ഷം മുടക്കി നടപ്പാക്കുന്ന മുരുകൻകുന്ന് കുടിവെള്ള പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോളനി നിവാസികൾ നൽകിയ നിവേദനത്തിന് ഒരുമാസം കഴിഞ്ഞിട്ടും കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ മറുപടി നൽകിയിട്ടില്ല. മാർച്ച് 21ന് ശോഭ സോമന്റെ പേരിൽ G3230302955 എന്ന നമ്പറായി രജിസ്റ്റർ ചെയ്ത പരാതി റിപ്പോർട്ടിനായി ഫെബ്രുവരി 24ന് കേരള വാട്ടർ അതോറിറ്റി എം.ഡിയുടെ ഓഫിസിലേക്കും തുടർന്ന് 25ന് പത്തനംതിട്ട ഇ.ഇയുടെ ഓഫിസിലേക്കും ഓൺലൈനായി എത്തിയിരുന്നു.
എന്നാൽ, ഈ പരാതിയും അന്വേഷണം നടത്താതെ ജില്ല ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതികളുടെ നടപടി സംബന്ധിച്ച് കെ.എസ്.കെ.ടി.യു കൊടുമൺ ഏരിയ ഭാരവാഹികൾ തിരുവനന്തപുരത്ത് വെള്ളിയാഴ്ച അന്വേഷിച്ചപ്പോഴാണ് പരാതികൾക്ക് മറുപടി ലഭിക്കാതെ കെട്ടിക്കിടക്കുന്നതായി അറിഞ്ഞത്.
അടിയന്തര ഇടപെടൽ വേണ്ടുന്ന പരാതികൾ ചില ഉദ്യോഗസ്ഥർ ബോധപൂർവം വൈകിപ്പിക്കുന്നതിന് കാരണം സംസ്ഥാന സർക്കാറിന്റെ പ്രവർത്തനം മോശമാണെന് വരുത്തി തീർക്കുന്നതിന് വേണ്ടിയാണോ എന്ന് സംശയിക്കുന്നതായി യൂനിയൻ നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.