അഭിരുചി കണ്ടെത്താന്‍ ശിശുക്ഷേമ സമിതി അവധിക്കാല പഠനക്ലാസ്
text_fieldsപത്തനംതിട്ട: വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി ജില്ല ശിശുക്ഷേമ സമിതി അവധിക്കാല പഠനക്ലാസ് നടത്തുന്നു. ഈ മാസം 18 മുതല്‍ മേയ് 17 വരെ അടൂര്‍ ഗവ.യു.പി സ്‌കൂളിലും ബി.ആര്‍.സി ഓഫിസിലുമായാണ് ബാലോത്സവം 2022 എന്ന പേരില്‍ പഠന ക്ലാസ് നടത്തുന്നത്. പ്രമുഖരുമായി സംവാദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ വേനല്‍ക്കാല ക്ലാസിലൂടെ അവസരം ലഭിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു.
പഠന ക്ലാസില്‍ എട്ടു മുതല്‍ 16 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ചിത്രരചന, ഒറിഗാമി, പ്രസംഗകല, ശാസ്ത്രീയ സംഗീതം, ഫോട്ടോഗ്രഫി, നൃത്തം, വയലിന്‍, തബല, ഗിറ്റാര്‍ എന്നീ മേഖലകളില്‍ പ്രഗല്ഭരായ അധ്യാപകര്‍ പഠനക്ലാസുകള്‍ നയിക്കും. ഒരു കുട്ടിക്ക് മൂന്നു വിഷയങ്ങളില്‍ പങ്കെടുക്കാം.
രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നുവരെ ക്ലാസുകളും ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുവരെ പ്രമുഖരുമായുള്ള സംവാദം, നാടന്‍പാട്ട്, മോട്ടിവേഷന്‍ ക്ലാസ് എന്നിവയും നടത്തും.
പഠനക്ലാസിനെക്കുറിച്ച് വിശദീകരിക്കുന്നതിന് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, ജോയന്‍റ് സെക്രട്ടറി എം.എസ്. ജോണ്‍, കെ.കെ. വിമല്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645374919, 9400063953 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.