നാല് പതിറ്റാണ്ടിനു ശേഷം ആനവണ്ടിയിൽ ഒരുമിച്ച് കളിക്കൂട്ടുകാർ
text_fieldsഡ്രൈവർ കുര്യൻ വർഗീസും കണ്ടക്ടർ ജോൺ മാത്യുവും പത്തനംതിട്ട -മൂഴിയാർ കെ.എസ്ആർ.ടി.സി ബസിൽ
പത്തനംതിട്ട: ഓർമവെച്ച കാലം മുതൽ ഒപ്പമുണ്ടായിരുന്ന കളിക്കൂട്ടുകാർ ജീവിത വഴിത്താരയിൽ വേർപെട്ടെങ്കിലും കാലത്തിന്റെ കാവ്യനീതിയിൽ അവരെ ഒരുമിപ്പിച്ച് മലയാളിയുടെ സ്വന്തം കെ.എസ്.ആർ.ടി.സി ആനവണ്ടി. വർഷങ്ങൾക്കുശേഷം അവർ പോലും പ്രതീക്ഷിക്കാതെ ഒന്നിച്ച് ജോലിചെയ്യാനുള്ള അവസരം. സിനിമാകഥ പോലെ തോന്നുമെങ്കിലും കെ.എസ്.ആർ.ടി.സി ജീവനക്കാരായ കുര്യൻ വർഗീസിന്റെയും ജോൺ മാത്യുവിന്റെയും ജീവിതത്തിൽ സംഭവിച്ചതാണിത്. 40 വർഷത്തിനു ശേഷമാണ് ഈ ഒത്തുചേരലെന്നത് കൂടുതൽ മനോഹരമാക്കുന്നു.
പത്തനംതിട്ട ചിറ്റാർ നീലിപിലാവ് കൊടുവേലിൽ വീട്ടിൽ കുര്യൻ വർഗീസും മുതുമരത്തിൽ വീട്ടിൽ ജോൺ മാത്യുവും അയൽവാസികളും ഉറ്റ സുഹൃത്തുക്കളുമാണ്. നിലത്തെഴുത്ത് പ്രായം മുതൽ ഒന്നിച്ച് കളിച്ച്, പഠിച്ചുവളർന്നവർ. ചിറ്റാർ ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇരുവരും വേർപിരിയുന്നത്.
2009ലാണ് കുര്യൻ കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായി കയറുന്നത്. 2010 ൽ ജോൺ കണ്ടക്ടറായും ജോലിയിൽ പ്രവേശിച്ചു. പക്ഷേ, പല ഡിപ്പോകളിലായി ജോലിചെയ്തിരുന്ന ഇരുവരും ഒരുമിച്ച് എത്താൻ പിന്നെയും വർഷമേറെ കഴിഞ്ഞു. 2023ൽ പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്ക് കുര്യന് സ്ഥലംമാറ്റമായി. അതേസമയം, തിരുവനന്തപുരത്തുനിന്നും ജോണിന് പത്തനംതിട്ടയിലേക്കും സ്ഥലംമാറ്റം. പിന്നെയും ഒരു വർഷം കഴിഞ്ഞാണ് കുര്യൻ തിരികെ പത്തനംതിട്ടയിലേക്ക് എത്തുന്നത്. ഈ മാസം ഒമ്പതാം തീയതി ഡ്യൂട്ടി റീ ഷെഡ്യൂൾ ചെയ്തതോടെയാണ് ഇരുവരും പത്തനംതിട്ട-മൂഴയാർ ബസിലെ കണ്ടക്ടറും ഡ്രൈവറുമായത്.
ഇരുവരുടെയും സുഹൃത്തും കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസറുമായ ബിജു കുമാർ ഇവരുടെ സൗഹൃദ കഥ എഴുതി സമൂഹ മാധ്യമങ്ങൾ വഴി ചിത്രം പങ്കുവെച്ചു. സംഭവം വൈറലായതോടെ രണ്ടാൾക്കും ഫോൺവിളികളുടെ പ്രവാഹമായിരുന്നു. പഴയ സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ നമ്പർ തേടിയെടുത്ത് വിളിച്ചു. ഒന്നിച്ച് ജോലി ചെയ്തതിനൊപ്പം തങ്ങളുടെ കുട്ടിക്കാല ഓർമകൾ കൂടി വീണ്ടെടുത്ത സന്തോഷത്തിലാണ് ഇരുവരും. ജോൺ മാത്യു വിവാഹശേഷം ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. ഭാര്യ: യമുന. മക്കൾ: ജിജോ മാത്യു, ജോഫിയ റെയ്ച്ചൽ മാത്യു. കുര്യൻ വർഗീസിന്റെ ഭാര്യ ഡെയ്സി. മക്കൾ: നിസി, കെസിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.