ചുങ്കപ്പാറ - കോട്ടാങ്ങൽ സി.കെ റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധം ശക്തം
text_fieldsമല്ലപ്പള്ളി: ചുങ്കപ്പാറ -കോട്ടാങ്ങൽ സി.കെ റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. 1.89 കോടി രൂപ അനുവദിച്ച് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും എങ്ങുമെത്തിയില്ല.
റോഡിൽ രണ്ട് കലുങ്കിന്റെ നിർമാണം മാത്രമാണ് പൂർത്തിയായത്. കോട്ടാങ്ങലിൽനിന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കലുങ്കിന്റെ നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്. ഗതാഗതം തടസ്സപ്പെട്ടതിനാൽ കിലോമീറ്ററുകൾ അധികം സഞ്ചരിക്കാൻ നിർബന്ധിതരാണ് യാത്രികർ.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ നിരന്തര മുറവിളികൾക്കൊടുവിലാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ, ഇമ്മട്ടിൽ വൈകുന്നത് എന്തുകൊണ്ടാണെന്നാണ് പ്രദേശവാസികളുടെ ചോദ്യം.
വർഷങ്ങൾക്ക് മുമ്പ് ടാറിങ് നടത്തിയതല്ലാതെ അറ്റകുറ്റപ്പണി ഇവിടെ നടന്നിട്ടില്ല. റോഡിലെ ടാറിങ് പൂർണമായും ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ നിരന്നുകിടക്കുന്ന മെറ്റൽ തെറിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവാണ്. നൂറുകണക്കിന് കാൽനടക്കാർ ആശ്രയിക്കുന്ന സി.കെ റോഡിൽ കാൽനടപോലും അസാധ്യമാണ്.
ജല അതോറിറ്റി അധികൃതർ പൈപ്പ് സ്ഥാപിക്കാൻ കുഴികൾ എടുത്ത മണ്ണ് വശങ്ങളിൽ കിടക്കുന്നത് മഴയത്ത് റോഡിലേക്ക് ഒലിച്ചിറങ്ങി ചളി നിറയുന്ന സ്ഥിതിയുമുണ്ട്.
ചുങ്കപ്പാറ -കോട്ടാങ്ങൽ പ്രധാന റോഡിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ കടത്തിവിടുന്ന ബൈപാസ് റോഡ് കൂടിയാണിത്. റോഡിന്റെ ശോച്യാവസ്ഥ കാരണം രോഗികളുമായി ആശുപത്രികളിൽ പോകാൻ വിളിച്ചാൽപോലും ഡ്രൈവർമാർ വരാൻ മടിക്കുന്നു. റോഡിന്റെ ഇരുവശത്തും ഓട ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ള കുത്തൊഴുക്കാണ്.
കാലവർഷം തുടങ്ങും മുമ്പ് പണി പൂർത്തീകരിക്കാനുള്ള നീക്കത്തിലാണ് ആരംഭിച്ചതെങ്കിലും എങ്ങുമെത്താത്ത സ്ഥിതിയാണ്. പലയിടത്തും വെട്ടിപ്പൊളിച്ചതിനാൽ ഗതാഗത തടസ്സവും പതിവാണ്. സി.കെ റോഡിന്റെ നിർമാണം വേഗത്തിലാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.