പള്ളി പിടിച്ചെടുക്കുമെന്ന് അഭ്യൂഹം; കിടങ്ങ് തീർത്ത് യാക്കോബായ വിഭാഗം
text_fieldsകോന്നി: വി. കോട്ടയം സെൻറ് മേരീസ് യാക്കോബായ സിറിയൻ പള്ളി ഏറ്റെടുക്കുന്നതിനെതിരെ പ്രതിരോധം തീർത്ത് യാക്കോബായ വിഭാഗം. ശനിയാഴ്ച രാവിലെ മുതൽ യാക്കോബായ വിഭാഗക്കാർ വൻതോതിൽ പള്ളിയിൽ തടിച്ചുകൂടി. പള്ളിയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്താൻ കവാടത്തിനു മുന്നിൽ കിടങ്ങ് തീർത്തു. ഒടുവിൽ ഓർത്തഡോക്സ് വിഭാഗക്കാർ എത്തില്ലെന്ന് ഉറപ്പായതോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്.
പള്ളി ഏറ്റെടുക്കാൻ ഓർത്തഡോക്സ് വിഭാഗം വൈദികനും ഇടവകാംഗങ്ങളും എത്തുമെന്ന് കരുതിയാണ് യാക്കോബായ വിഭാഗം തടിച്ചത്. 115 വർഷമായി യാക്കോബായ വിശ്വാസികൾ ആരാധന നടത്തുന്നിടമാണ് വി.കോട്ടയം അന്തിച്ചന്ത സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിയെന്ന് പള്ളി ഭാരവാഹികൾ അവകാശപ്പെട്ടു. രണ്ടു ദിവസമായി റവന്യൂ അധികാരികളും പൊലീസും നിരന്തരം എത്തി പള്ളിയിലെ വൈദികരോടും പള്ളി അധികാരികളോടും എന്തെങ്കിലും വിഷയങ്ങൾ ഉണ്ടോയെന്ന് ചോദിച്ചതോടെയാണ് ഇടവക പള്ളി ഓർത്തഡോക്സ് സഭ പിടിച്ചെടുക്കുമെന്ന് വാർത്ത പരന്നത്. ഇതോടെ വിശ്വാസികൾ സംഘടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും വയോധികരും അടക്കമാണ് പള്ളിയിൽ തടിച്ചുകൂടിയത്.
ശനിയാഴ്ച 11.30ഓടെ കോന്നി തഹസിൽദാറുടെ നേതൃത്വത്തിൽ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസുമായി ചർച്ച നടത്തിയെങ്കിലും കൃത്യമായ ഉറപ്പ് നൽകാൻ സർക്കാർ പ്രതിനിധികൾക്ക് സാധിക്കാത്തതിനെ തുടർന്ന് വിശ്വാസികൾ മടങ്ങിപ്പോയിട്ടില്ല. പള്ളിയുടെ പരിധിയിൽ 230ഓളം ഇടവക കുടുംബങ്ങളാണുള്ളത്. ഒരൊറ്റ അംഗവും ഓർത്തഡോക്സ് വിഭാഗത്തിൽ ഇല്ലെന്നാണ് ഇടവക അംഗങ്ങളുടെ വാദം. അതുകൊണ്ട് പുറത്തുനിന്ന് ആരെയും പള്ളിയിൽ കയറ്റില്ലെന്ന നിലപാടിലാണ് ഇവർ. ഓർത്തഡോക്സ് വിഭാഗം വൈദികൻ റോയി മാത്യുവോ ഇടവകാംഗങ്ങളോ ശനിയാഴ്ച എത്തുമെന്ന അഭ്യൂഹമാണ് പരന്നത്. കോന്നി തഹസിൽദാറും വില്ലേജ് ഓഫിസറും അടക്കമുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തിയിരുന്നു. ഇവർ പള്ളി അധികൃതരുമായി ചർച്ച നടത്തിയെങ്കിലും പിരിഞ്ഞുപോകാൻ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.