സിറ്റി ഗ്യാസ് പദ്ധതി; സുരക്ഷിതം; ആശ്വാസം
text_fieldsപത്തനംതിട്ട: സുരക്ഷിത പൈപ്പുകളിലൂടെ പ്രകൃതിവാതകം വീടുകളിൽ എത്തിക്കുന്ന കേന്ദ്ര സർക്കാറിന്റെ സിറ്റി ഗ്യാസ് പദ്ധതി ജില്ലയിലും വൈകാതെ എത്തും. ഇതിന്റെ ഭാഗമായി നാല് ഗ്യാസ് സ്റ്റേഷനുകൾ തുടങ്ങും. തിരുവല്ല, പത്തനംതിട്ട, കോഴഞ്ചേരി, കുളനട എന്നിവിടങ്ങളിലാണ് ഗ്യാസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇവിടങ്ങളിലെ ഇൻഡ്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ പെട്രോൾ പമ്പുകളുമായി സഹകരിച്ചായിരിക്കും നിർമാണം നടത്തുന്നത്. കുളനടയിൽ ഗ്യാസ് സ്റ്റേഷന്റെ നിർമാണം തുടങ്ങിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ ബാക്കി മൂന്നിടത്തും നിർമാണം തുടങ്ങാനാണ് തീരുമാനം.
പ്രാഥമിക ഘട്ടത്തിൽ സി.എൻ.ജി വാഹനങ്ങൾക്കുള്ള ഗ്യാസ് സ്റ്റേഷനുകളായിട്ടാണ് ഇവയെല്ലാം പ്രവർത്തിക്കുക. രണ്ടാം ഘട്ടത്തിൽ ഇവിടെനിന്ന് വീടുകളിലേക്ക് കണക്ഷൻ നൽകുന്ന ജോലികളും തുടങ്ങും. സി.എൻ.ജി വാഹനങ്ങൾക്ക് നൽകാനുള്ള പമ്പുകളും പ്രവർത്തിപ്പിക്കാം. ടെൻഡർ നടപടികളിലൂടെയാണ് ജില്ലകളിലെ വിതരണച്ചുമതല നൽകുന്നത്. തിരിച്ചറിയൽരേഖ നൽകി വീടുകളിലേക്ക് കണക്ഷനെടുക്കാം. രണ്ട് വർഷത്തിൽ പദ്ധതി പ്രവർത്തിച്ചു തുടങ്ങുമെന്നാണ് സൂചന.
വിശദമായ പഠനം
വീടുകളിലേക്ക് പൈപ്പുകളിലൂടെ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് മുമ്പ് അതത് പ്രദേശങ്ങളിൽ വിശദമായ പഠനം നടത്തേണ്ടതുണ്ട്. കൂടാതെ പൈപ്പ് വഴി കണക്ഷൻ വേണ്ട വീടുകൾ, പൈപ്പ് ലൈൻ കടന്നുപോകുന്ന റോഡുകൾ എന്നിവയെക്കുറിച്ചുള്ള സർവേയും ആവശ്യമാണ്.
ജില്ലയിൽ രണ്ടുമാസത്തിനകം ഇത്തരം പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള ഷോലാ ഗ്യാസ് കമ്പനി അധികൃതർ വ്യക്തമാക്കി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതി ഈ കമ്പനിയാണ് നടപ്പാക്കുന്നത്. നിലവിൽ കോട്ടയം ജില്ലയിൽ സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
ബംഗളൂരു ഉൾപ്പെടെ രാജ്യത്തെ 470 ജില്ലകളില്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ 200 നഗരങ്ങളില്‍ക്കൂടി സിറ്റി ഗ്യാസ് എത്തിക്കാന്‍ പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് തീരുമാനം. നേരത്തേ കേരളത്തിലെ 11 ജില്ലകള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീടാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളും ഇതില്‍ ഉള്‍പ്പെടുത്തിയത്.
എറണാകുളം മുതൽ കാസർകോട് വരെ ജില്ലകളിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡാണ് (ഐ.ഒ.എ.ജി.പി.എൽ) പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിർവഹണം അറ്റ്ലാന്റിക് ആൻഡ് പസഫിക് ലിമിറ്റഡിനാണ് (എ.ജി ആൻഡ് പി).
ഒരുകിലോ വാതകത്തിന് 56 രൂപ
അപകടരഹിതവും ചെലവുകുറഞ്ഞതുമായ രീതിയാണ് സിറ്റി ഗ്യാസ് പദ്ധതി. എൽ.പി.ജിയെക്കാൾ 25 മുതൽ 30 ശതമാനം ചെലവുകുറവാണ്. മുഴുവൻ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിന്റെ മറ്റൊരു പ്രധാന ആകർഷണം. പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്കും പാചകവാതകം ലഭ്യമാക്കും. കിലോ അളവിലാണ് വാതക ഉപയോഗത്തിന്റെ കണക്കെടുക്കുക. ഒരു കിലോ പാചകവാതകത്തിന് 56 രൂപയാണ് ഈടാക്കുന്നത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന സി.എൻ.ജി അഥവ കംപ്രസ്ഡ് നാച്വറൽ ഗ്യാസിന് കിലോഗ്രാമിന് 85 രൂപയാണ് വില.
സുരക്ഷിതം: ആശ്വാസം
എൽ.പി.ജിയേക്കാൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാണ് പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (പി.എൻ.ജി). തീപിടിത്തം, പൊട്ടിത്തെറി എന്നിവയുണ്ടാകില്ല. ചോർന്നാലും തീപിടിത്തമോ പൊട്ടിത്തെറിയോ സംഭവിക്കില്ല. പൈപ്പിലൂടെ 24 മണിക്കുറും പാചകവാതകം ലഭിക്കുമെന്നതാണ് മറ്റാരു നേട്ടം. ഗ്യാസ് തീരുമെന്ന ഭയം വേണ്ട. എൽ.പി.ജിയേക്കൾ 30 ശതമാനം വരെ ചെലവ് കുറവാണ്. ഇത് അടുക്കള ബജറ്റിൽ വലിയ ആശ്വാസം നൽകും. വാഹനങ്ങളിൽ ഉപയോഗിക്കുന്ന സി.എൻ.ജി അഥവ കംപ്രസ്ഡ് നാച്വറൽ ഗ്യാസും സുരക്ഷിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.