കൂട്ടയടി പൊലീസിന്റെ കൺമുന്നിൽ
text_fieldsപന്തളം: തിങ്കളാഴ്ച രാവിലെ പന്തളം സർവിസ് സഹകരണ ബാങ്കിെൻറ മുറ്റത്തായിരുന്നു ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവർത്തകർ പൊലീസ് നോക്കിനിൽക്കെ ഏറ്റുമുട്ടിയത്. കഴിഞ്ഞ രാത്രി മുതൽ രാപ്പകൽ സമരം ബി.ജെ.പി നടത്തിവരുകയായിരുന്നു.
രാവിലെ മുതൽ ചെറിയതോതിൽ സംഘർഷം ഉണ്ടായിരുന്നെങ്കിലും പൊലീസ് ഇടപെടൽമൂലം കൈയാങ്കളിയിൽ എത്തിയിരുന്നില്ല. ബാങ്കിലെ ജീവനക്കാരെ ആദ്യം കയറ്റിവിടാൻ മടിച്ച സമരക്കാർ പൊലീസ് ഇടപെടലിനെ തുടർന്ന് ബാങ്കിനുള്ളിൽ എല്ലാവരെയും കയറ്റി.
തുടർന്ന് പത്തരയോടെ ബാങ്കിലെത്തിയ ഡയറക്ടർ ബോർഡ് അംഗം സുരേഷ്കുമാറിനെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ബി.ജെ.പി- പൊലീസ്- ഡി.വൈ.എഫ്.ഐ സംഘർഷം നടക്കുമ്പോഴും സമീപത്ത് കോൺഗ്രസിന്റെ സമരം നടക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പലരും യു.ഡി.എഫിന്റെ സമരവേദിക്ക് അടുത്ത് എത്തിയപ്പോഴും കോൺഗ്രസ് നേതാക്കൾ ഇത് അവഗണിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഡി.വൈ.എഫ്.ഐ- ബി.ജെ.പി പ്രവർത്തകർ വടിയും കസേരകളുംകൊണ്ട് ഏറ്റുമുട്ടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇരുകൂട്ടർക്കുമെതിരെ ലാത്തിവീശി. പരസ്പരം ഏറ്റുമുട്ടിയ ബി.ജെ.പി, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് സമീപത്തെ ഇടവഴി വരെ തമ്മിലടിച്ചു.
പിന്നീട് ബി.ജെ.പി പ്രവർത്തകർ പൊലീസിനെതിരെ തിരിഞ്ഞു. പലതവണ പൊലീസുമായി വാക്കേറ്റം ഉണ്ടായി. പിന്നീട് കൂടുതൽ പൊലീസെത്തി ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ മർദിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വാഹനത്തിന് മുന്നിലും ബി.ജെ.പി പ്രതിഷേധം ആരംഭിച്ചു. പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് പരിക്കേറ്റവരെ പന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
12 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
പന്തളം: ബാങ്കിന് മുന്നിലെ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘർഷത്തെ തുടർന്ന് 12 ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കർഷക മോർച്ച ജില്ല പ്രസിഡന്റ് ശ്യാം തട്ടയിൽ, പ്രദീപ് കൊട്ടേത്ത്, ഹരികുമാർ വി. കൊട്ടേത്ത്, ഗിരീഷ് കുമാർ, കൊടുമൺ നന്ദകുമാർ, കെ.വി. പ്രഭ, സൂര്യ എസ്. നായർ, കെ. സീന, സൗമ്യ സന്തോഷ്, മഞ്ജുഷ, സുമേഷ് എന്നിവരടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടു.
നാല് കേസെടുത്തു
പന്ത ളം: പന്തളം സർവിസ് സഹകരണ ബാങ്കിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പന്തളം പൊലീസ് നാല് കേെസടുത്തു. ബാങ്കിൽ എത്തിയ ജീവനക്കാരെയും ബോർഡ് മെംബർമാരെയും തടഞ്ഞതിനും അനധികൃതമായി ബാങ്കിെൻറ സ്ഥലം കൈയേറി സമരപ്പന്തൽ സ്ഥാപിച്ചതിനും പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കവാടത്തിൽ ധർണ നടത്തുകയും ചെയ്തതിനും ഉൾപ്പെടെ രണ്ട് കേസ് ബി.ജെ.പിക്കാരുടെ പേരിലും ബാങ്കിന് മുന്നിൽ ഉപരോധം നടത്തിയതിന് യു.ഡി.എഫുകാരുടെ പേരിൽ ഒരു കേസും ആക്രമണത്തിന് ഡി.വൈ.എഫ്.ഐക്കാർക്കെതിരെ ഒരു കേസും ഉൾപ്പെടെ നാല് കേസ് എടുത്തതായി പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.