പത്തനംതിട്ടയിലെ കോൺഗ്രസ് ചേരിപ്പോര്: കെ.പി.സി.സി ഇടപെടുന്നു
text_fieldsപത്തനംതിട്ട: പൊലീസ് പരാതികളിലേക്ക് നീങ്ങിയ ജില്ലയിൽ കോൺഗ്രസിലെ ചേരിപ്പോര് തീർക്കാൻ സംസ്ഥാന നേതൃത്വം രംഗത്തിറങ്ങുന്നു. ഇരുവിഭാഗവുമായി ചർച്ച നടത്താനാണ് കെ.പി.സി.സി ആലോചിക്കുന്നത്.
അച്ചടക്ക നടപടിക്ക് വിധേയരായ നേതാക്കളുടെ ആരോപണങ്ങൾക്ക് തൽക്കാലം മറുപടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. ജില്ലയുമായി അടുത്ത ബന്ധമുള്ള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരുപക്ഷത്തെയും മുതിർന്ന നേതാക്കളുമായി വിഷയം സംസാരിച്ചു. മുൻ ഡി.സി.സി അധ്യക്ഷരായ കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ് എന്നിവരുമായി തുടർന്നും ചർച്ച നടത്താൻ പ്രമുഖ നേതാക്കളെ ചുമതലപ്പെടുത്തിയേക്കുമെന്നാണ് സൂചന. ആരോപണങ്ങൾക്ക് മറുപടി നൽകാതെ സുരക്ഷിത പാത സ്വീകരിക്കാനാണ് ജില്ല നേതൃത്വത്തോട് സംസ്ഥാന നേതാക്കൾ നിർദേശം നൽകിയിരിക്കുന്നത്.
ഡി.സി.സി പ്രസിഡന്റിന്റെ മുറിയുടെ കതക് ചവിട്ടി തുറന്നതിനെ തുടർന്ന് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തപ്പെട്ട ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ബാബു ജോർജ് കഴിഞ്ഞ ദിവസം ഡി.സി.സി അധ്യക്ഷനും മുതിർന്ന നേതാവ് പ്രഫ. പി.ജെ. കുര്യനുമെതിരെ ആരോപണങ്ങളുമായി വാർത്ത സമ്മേളനം നടത്തിയിരുന്നു. ഇതിന് ജില്ല നേതൃത്വം മറുപടി നൽകുകയും ചെയ്തു. താൻ കതക് ചവിട്ടിത്തുറക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ അനുവാദമില്ലാതെ ഡി.സി.സി ഓഫിസിൽനിന്ന് പുറത്തുവിട്ടെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിലിനെതിരെ ബാബു ജോർജ് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയിരുന്നു.
കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ നടന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിലും പി.ജെ. കുര്യനെതിരായ സംഘർഷം തമ്മിലടിയിൽ കലാശിച്ചിരുന്നു. ഇതിനിടെ മറ്റൊരു ഡി.സി.സി യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. സോജി മെഴുവേലി സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. പുതിയ ഭാരവാഹികളുടെ പേരുകൾ നിർദേശിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന ഡി.സി.സിയുടെ പുനഃസംഘടന സമിതി യോഗത്തിലാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
മുൻ ഡി.സി.സി അധ്യക്ഷരായ കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ് എന്നിവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് നടന്ന യോഗത്തിലും ബഹളം നടന്നു. തുടരെയുണ്ടാകുന്ന പ്രശ്നങ്ങൾ നേതൃത്വത്തിനും തലവേദയായി മാറിയിട്ടുണ്ട്. ജില്ലയിൽ ആധിപത്യമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രശ്നങ്ങളാണ് വിഷയം രൂക്ഷമാക്കിയത്. എതിർപക്ഷത്ത് നിൽക്കുന്ന മൂന്ന് മുൻ ഡി.സി.സി അധ്യക്ഷരും നിലവിലെ അധ്യക്ഷനും എ ഗ്രൂപ്പുകാരാണ്. വിഘടിച്ച് നിൽക്കുന്ന ഐ വിഭാഗത്തിൽ ഇതിനിടെ ഐക്യത്തിന്റെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
അവർ ഔദ്യോഗിക പക്ഷത്തോടൊപ്പം നിന്ന് തന്ത്രപരമായ സമീപനം സ്വീകരിച്ച് പുനഃസംഘടനയിൽ സ്ഥാനങ്ങൾ കരസ്ഥമാക്കാനാണ് ശ്രമിക്കുന്നത്. ഡി.സി.സി അധ്യക്ഷനും ജില്ലയുടെ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. നസീറും പാർട്ടിയിലെ ചേരിപ്പോര് സംസ്ഥാന നേതൃത്വത്തോട് ധരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.