യൂസർ ഫീ ഇനത്തിലും നേട്ടം; ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 250 ടൺ പ്ലാസ്റ്റിക്
text_fieldsപത്തനംതിട്ട: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹരിതകർമ സേന വഴി ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുന്ന പ്ലാസ്റ്റിക്-അജൈവ പാഴ്വസ്തുക്കളുടെ അളവ് ഗണ്യമായി വർധിച്ചതായി കണക്കുകൾ. 250 ടൺ പ്ലാസ്റ്റിക്കുൾപ്പെടുന്ന അജൈവ പാഴ്വസ്തുക്കളാണ് ജില്ലയിൽനിന്ന് സംസ്കരണത്തിന് കമ്പനി ഏപ്രിൽ-മേയ് മാസങ്ങളിൽ ശേഖരിച്ചത്. ഇതിൽ 90 ടൺ പുനഃചക്രമണ യോഗ്യമായ പ്ലാസ്റ്റിക്കുകളാണ്.
വലിച്ചെറിയുകയോ, കത്തിക്കുകയോ ചെയ്യാവുന്ന പാഴ്വസ്തുക്കളാണ് ഹരിതകർമ സേന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച് കൈമാറിയത്. 30 ടണ്ണിനടുത്ത് ചില്ല് മാലിന്യവും രണ്ടു മാസത്തിനുള്ളിൽ ശേഖരിച്ചു. 2023-24ൽ (1400 ടൺ) സംസ്ഥാനത്ത് പാഴ്വസ്തു ശേഖരണത്തിൽ കൂടുതൽ വർധന ഉണ്ടായത് പത്തനംതിട്ടയിലാണ്. ശരാശരി ഒരുമാസം 40 ടൺ ശേഖരിച്ച സ്ഥാനത്ത് ഇപ്പോൾ 100-150 ടൺ ശേഖരണമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലാണ് ഹരിതകർമ സേനയിലൂടെ ശേഖരണം വർധിച്ചത്. യൂസർ ഫീ ശേഖരണത്തിലും ജില്ല വലിയ വർധന നേടി. 50 ശതമാനത്തിൽ താഴെ യൂസർഫീ ശേഖരിക്കുന്ന പത്തിൽ താഴെ തദ്ദേശ സ്ഥാപനങ്ങൾ മാത്രമേ ജില്ലയിലുള്ളൂ.
തദ്ദേശ സ്ഥാപനങ്ങളിലെ ശേഖരണ സംവിധാനങ്ങളുടെ (എം.സി.എഫ്) വലുപ്പക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും എം.സി.എഫുകളുടെ വലുപ്പം 500 സ്ക്വയർ ഫീറ്റിനു താഴെയാണ്. മിനി എം.സി.എഫുകളും വലുപ്പം കുറഞ്ഞവയാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യാനുസരണം എം.സി.എഫുകളുടെ വലുപ്പം വർധിപ്പിക്കാനും ബെയിലിങ് യന്ത്രം സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും അടുത്തുതന്നെ പദ്ധതി രൂപവത്കരണത്തിൽ ജില്ല പ്ലാനിങ് കമ്മിറ്റി അംഗീകാരം നൽകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ രശ്മി മോൾ അറിയിച്ചു. ആവശ്യമായി വരുന്ന പദ്ധതി ചെലവിന്റെ 70 ശതമാനം തുക ശുചിത്വ മിഷൻ നൽകും. തദ്ദേശ സ്ഥാപനങ്ങൾക്ക് എം.സി.എഫ് നിർമിക്കാൻ സ്ഥലലഭ്യത വിഷയത്തിൽ കലക്ടറും ഇടപെടൽ നടുത്തുമെന്ന് അറിയിച്ചു.
കിൻഫ്ര പാർക്കിലെ പ്ലാസ്റ്റിക് സംസ്കരണ ഫാക്ടറി പ്രവർത്തനസജ്ജമാകുന്നു
റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി ക്ലീൻ കേരള കമ്പനി ജില്ല പഞ്ചായത്തിന്റെ സഹകരണത്തിൽ കുന്നന്താനം കിൻഫ്ര പാർക്കിൽ നിർമിച്ച പ്ലാസ്റ്റിക് സംസ്കരണ ഫാക്ടറി പ്രവർത്തന സജ്ജമാകുകയാണ്. ഇതോടെ ഹരിതകർമ സേന ശേഖരിക്കുന്ന വൃത്തിയുള്ള പുനഃചക്രമണ യോഗ്യമായ പ്ലാസ്റ്റിക് വേഗത്തിൽ ശേഖരിച്ച് സംസ്കരിച്ച് തരികളാക്കി ഉൽപാദകർക്ക് നൽകാൻ കഴിയും.
പുനഃചക്രമണ യോഗ്യമല്ലാത്തവ പാഴ്വസ്തുക്കൾ നേരിട്ട് സിമെന്റ് ഫാക്ടറിക്ക് കൈമാറുന്നതിന് വലിയ ഗോഡൗണുകളും ബെയിലിങ് യന്ത്രങ്ങളും സ്ഥാപിക്കുന്നതിന് ക്ലീൻ കേരള കമ്പനി ജില്ലയിൽ സ്ഥലം അന്വേഷിക്കുകയാണ്. വർധിച്ച തോതിലുള്ള പാഴ്വസ്തു ശേഖരണം നേരിടാൻ നിലവിലുള്ള പരിമിതമായ സൗകര്യങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. റോഡ് ടാറിങ്ങിന് ഷെർഡഡ് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് വർധിപ്പിക്കാനും ഉദ്ദേശിക്കുന്നുവെന്ന് ക്ലീൻ കേരള കമ്പനി ജില്ല മാനേജർ എം.ബി. ദിലീപ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.