പത്തനംതിട്ട നഗരത്തിനാകെ ശുദ്ധജലം; അമൃത് 2.0 പദ്ധതിക്ക് തുടക്കം
text_fieldsപത്തനംതിട്ട: ഏറെ പ്രതീക്ഷയോടെ ജില്ല ആസ്ഥാനം കാത്തിരിക്കുന്ന അമൃത് 2.0 പദ്ധതിയുടെ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ പത്തനംതിട്ട നഗരസഭയുടെ തനത് വിഹിതം കൂടി ഉപയോഗിച്ച് സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് അമൃത് 2.0. അച്ചൻകോവിലാറാണ് പ്രധാന ജലസ്രോതസ്സ്. ഭാവിയിൽ മണിയാർ ഡാമിൽനിന്ന് വെള്ളമെത്തിക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
മൂന്ന് ഘട്ടം; ചെലവ് 21 കോടി
മൂന്ന് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 21 കോടിയാണ്. ശുദ്ധീകരണ പ്ലാന്റിലേക്ക് ആവശ്യമായ ജലം സംഭരിക്കുന്ന ഇൻടേക് വെല്ലിന്റെ നവീകരണമാണ് ആദ്യഘട്ടം.ആറ്റിൽനിന്ന് വെള്ളം കിണറ്റിലേക്ക് എത്തിക്കാൻ സ്ഥാപിച്ച സംവിധാനങ്ങൾ എല്ലാം ഇപ്പോൾ പ്രവർത്തനരഹിതമാണ്. വെള്ളപ്പൊക്ക സമയങ്ങളിൽ വലിയ തോതിൽ കലക്കലും ചളിയും പ്രധാന കിണറ്റിലേക്ക് ഒഴുകിയെത്തി പമ്പിങ് മുടങ്ങുന്നത് സാധാരണമാണ്. ഇതിനു പരിഹാരമായി നിലവിലെ കിണറിന് സമീപത്തായി ഒരു കലക്ഷൻ വെൽ നിർമിക്കും.
ആറ്റിൽനിന്ന് കലക്ഷൻ വെല്ലിലേക്ക് 500 മില്ലിമീറ്റർ വ്യാസമുള്ള മൂന്ന് പൈപ്പുകൾ സ്ഥാപിച്ച് ഭാവിയിലെ ആവശ്യത്തിന് കൂടി ഉതകുന്ന നിലയിൽ കൂടുതൽ ജലം എത്തിക്കും. കലക്ഷൻ വെല്ലിൽനിന്ന് പ്രധാന കിണറ്റിലേക്ക് രണ്ട് വലിയ പൈപ്പുകൾ സ്ഥാപിക്കും. ഇതിലൂടെ പ്രധാന കിണറ്റിലേക്ക് ആറ്റിൽനിന്ന് നേരിട്ട് ചളിയും മറ്റ് വസ്തുക്കളും എത്തുന്നത് പൂർണമായും ഒഴിവാക്കാനാകും. ആവശ്യമാകുന്ന ഘട്ടത്തിൽ കലക്ഷൻ വെൽ മാത്രം വൃത്തിയാക്കിയാൽ മതിയാകും.മൂന്നര മീറ്റർ വ്യാസമുള്ള കലക്ഷൻ വെല്ലാണ് നിർമിക്കുന്നത്. വേനൽക്കാലത്തെ ആറ്റിലെ ജലനിരപ്പുകൂടി കണക്കാക്കിയായിരിക്കും ജലശേഖരണ പൈപ്പുകൾ സ്ഥാപിക്കുന്നത്. ഈ പ്രവൃത്തി പൂർത്തിയാകുന്നതോടെ സ്രോതസ്സിലെ ജലലഭ്യത നൂറുശതമാനവും ഉറപ്പാക്കാനാകും.
രണ്ടാംഘട്ടത്തിൽ ശുദ്ധീകരണ ശാല
ആധുനിക രീതിയിലുള്ള ജലശുദ്ധീകരണ ശാലയുടെ നിർമാണമാണ് രണ്ടാംഘട്ടത്തിൽ. ഈ രണ്ടുപ്രവൃത്തിയും പൂർത്തിയാകുന്നതോടെ നിലവിലെ ഉൽപാദനം ഒന്നര ഇരട്ടി വർധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ജലം ലഭിക്കാത്ത ഉയർന്ന പ്രദേശങ്ങളിൽ സംഭരണികൾ സ്ഥാപിച്ച് ശുദ്ധീകരിച്ച ജലം പമ്പ് ചെയ്ത് എത്തിക്കുകയും കൂടുതൽ വിതരണ ശൃംഖലകൾ സ്ഥാപിച്ച് എല്ലാ വീടുകളിലും കണക്ഷൻ നൽകുകയും ചെയ്യുന്ന മൂന്നാം ഘട്ട പ്രവർത്തനവും ഇതോടൊപ്പം നടപ്പാക്കും.
10 ദശലക്ഷം ലിറ്ററായി ഉയർത്തും
ഏകദേശം ആറര ദശലക്ഷം ലിറ്റർ ജലമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. ഇത് 10 ദശലക്ഷം ലിറ്ററാക്കി പ്രാരംഭഘട്ടത്തിൽ ഉയർത്തും.ഇതിനായി ശേഷി കൂടിയ പമ്പ് സെറ്റുകളും കല്ലറ കടവിൽനിന്ന് പാമ്പൂരി പാറവരെ 700 മീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈനുകളും സ്ഥാപിക്കും. ഒന്നാം ഘട്ട പ്രവർത്തനങ്ങൾ ഈ ആഴ്ചയിൽ തന്നെ തുടങ്ങുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ പറഞ്ഞു.
ഭാവിയിൽ 20 ദശലക്ഷം ലിറ്റർ ആവശ്യമായി വരുമെന്ന് കണക്കാക്കി മണിയാർ ഡാമിൽനിന്ന് നഗരസഭയിലേക്ക് ജലം എത്തിക്കുന്ന പദ്ധതിയും ആലോചനയിലാണ്. ഇതിനായുള്ള നിർദേശങ്ങൾ സർക്കാറിന് സമർപ്പിച്ചെന്നും ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.