പൂട്ടിപ്പോയ അക്ഷരമുറ്റം മാലിന്യസംഭരണ കേന്ദ്രം
text_fieldsകോഴഞ്ചേരി: ഒരുകാലത്ത് നൂറുകണക്കിന് കുരുന്നുകളെ അക്ഷരലോകത്തേക്ക് കൈപിടിച്ച വിദ്യാലയം ഇന്നിപ്പോൾ മാലിന്യസംഭരണ കേന്ദ്രം. അയിരൂർ നോർത്ത് സർക്കാർ എൽ.പി സ്കൂൾ കെട്ടിടമാണ് ഹരിത കർമസേന മാലിന്യസംഭരണത്തിന് കണ്ടെത്തിയത്.
2001ൽ പൂട്ടിപ്പോയ സ്കൂളാണിത്. പിന്നീട് സർക്കാർ സ്ഥാപനങ്ങൾ പലതും വന്നെങ്കിലും അവയെല്ലാം നിർത്തി. വെറുതെ കിടന്ന സ്കൂൾ കെട്ടിടവും പരിസരങ്ങളും ഹരിതകർമസേന കഴിഞ്ഞ ഒരുവർഷമായി ഉപയോഗിച്ചു വരുകയാണ്. അയിരൂർ പഞ്ചായത്ത് പരിധിയിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ചരിത്രംപേറുന്ന അക്ഷരമണ്ണിലാണ് കൂട്ടിവെക്കുന്നത്.
കുട്ടികൾ കുറവായതിന്റെ പേരിൽ അനാദായ പട്ടികയിൽപെടുത്തി സംസ്ഥാനത്തെ ചില സ്കൂളുകൾ അടച്ചുപൂട്ടാൻ 2001ൽ സർക്കാർ തീരുമാനിച്ച ഘട്ടത്തിൽ പൂട്ടിപ്പോയ വിദ്യാലയമാണിത്. ജില്ലയിൽ നാല് സ്കൂളുകളാണ് അന്ന് പൂട്ടിയത്.
ഇതിൽ മൂന്നും അയിരൂർ പഞ്ചായത്തിലായിരുന്നു. ഇതിൽ ഏകസർക്കാർ വിദ്യാലയം നോർത്ത് എൽ.പി സ്കൂളായിരുന്നു. സ്കൂൾ കെട്ടിടവും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് കൈമാറിയിട്ടില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്. ഇതോടെ കെട്ടിടവും പരിസരവും കാടുകയറി സാമൂഹിക വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമായി മാറി.
അയിരൂർ പഞ്ചായത്തിൽ പൂട്ടിപ്പോയ രണ്ട് എയ്ഡഡ് സ്കൂളുകളുടെ കെട്ടിടങ്ങളും അതത് മാനേജ്മെന്റുകൾക്ക് ഇപ്പോഴും തിരികെ നൽകിയിട്ടില്ല. സമാനമായ സാഹചര്യം പിന്നീട് പൂട്ടിപ്പോയ പല സ്കൂളുകൾക്കുമുണ്ട്. പൂട്ടിപ്പോകുന്ന സ്കൂളുകളുടെ കെട്ടിടങ്ങളും സ്ഥലങ്ങളും മറ്റ് ആവശ്യങ്ങൾക്കോ സംരംഭങ്ങൾക്കോ പ്രയോജനപ്പെടുന്നില്ല. ഇരവിപേരൂരിൽ പൂട്ടിപ്പോയ സർക്കാർ സ്കൂളിൽ സ്പോർട്സ് ഹോസ്റ്റൽ ആരംഭിച്ചതു മാത്രമാണ് ഇതിൽ വ്യത്യസ്തമായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.