സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടം കർശനമാക്കുന്നു
text_fieldsപത്തനംതിട്ട: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫേസ്ബുക്ക്, വാട്സ്ആപ്പ്, എക്സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ മറ്റെതെങ്കിലും വിധത്തിലോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റുകളിടാനോ ഷെയര്‍ ചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ല.
നിര്‍ദേശം പാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു. മാതൃക പെരുമാറ്റച്ചട്ടം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ പതിക്കാന്‍ പാടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങള്‍ പരാമര്‍ശിക്കുന്ന ഫോട്ടോകളും നോട്ടീസും അടിയന്തരമായി നീക്കണം.
സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഓഫിസുകളില്‍ പ്രചാരണം നടത്തുകയോ വോട്ട് അഭ്യാര്ഥിക്കുകയോ ചെയ്യരുത്. സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ ഉദ്യോഗസ്ഥരോ പങ്കെടുക്കാന്‍ പാടില്ലെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
പെരുമാറ്റച്ചട്ടം: പരാതി അറിയിക്കാം
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള പരാതികള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. അന്വേഷണങ്ങള്‍ക്കും പരാതികള്‍ നല്കുന്നതിനുമായി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം നമ്പറായ 0468 2224256 ലും ടോള്‍ ഫ്രീ നമ്പറായ 1950 ലും ബന്ധപ്പെടാം.
മാതൃക പെരുമാറ്റചട്ടം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ജൂണ്‍ ആറ് വരെ തുടരും. സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ അറിയിക്കാം. പത്തനംതിട്ട മണ്ഡലത്തിലെ ചെലവ് നിരീക്ഷകന് കമലേഷ് കുമാര്‍ മീണ ഐആര്‍എസ് ആണ്. ഫോണ്‍: 9530400019
ജില്ലയില്‍ സജീവമായി സ്ക്വാഡുകള്‍
പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഊർജിതമാകുന്നു. പൊതു തെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി 30 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, 15 ഫ്ലയിങ് സ്ക്വാഡ്, അഞ്ച് ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ്, അഞ്ച് വിഡിയോ സര്‍വൈലന്‍സ് ടീം, അഞ്ച് വിഡിയോ വ്യൂവിങ് ടീം എന്നിവരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അസിസ്റ്റന്റ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരെയും ഇന്‍കംടാക്സിന്റെ ഒരു ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തുടര്‍നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവ് നിരീക്ഷണം, വോട്ടര്‍മാര്‍ക്ക് പണം, മദ്യം, ലഹരി പദാർഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ നല്കി സ്വാധീനിക്കല്‍ എന്നിവ കണ്ടെത്തി തടയുക എന്നിവയാണ് സ്ക്വാഡുകളുടെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.