വൻ അഴിമതിയെന്ന് പരാതി; നോക്കുകുത്തിയായി കുടിവെള്ള പദ്ധതി
text_fieldsവടശ്ശേരിക്കര: പെരുനാട്, നാറാണംമൂഴി പഞ്ചായത്തുകളിൽ ഉയർന്ന പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാൻ ആരംഭിച്ച കുടിവെള്ള പദ്ധതി നോക്കുകുത്തിയായെന്ന് ആക്ഷേപം.നിർമാണം പൂർത്തിയായി നാലുവർഷം കഴിഞ്ഞിട്ടും പദ്ധതി നാടിന് പ്രയോജനമായില്ല. നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ പെരുനാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ ബഥനിമലയിൽ സ്ഥാപിച്ച ശുദ്ധീകരണ പ്ലാന്റിൽനിന്ന് വെള്ളം മലമുകളിലെ സംഭരണിയിലേക്ക് പമ്പ് ചെയ്യാൻ നിശ്ചയിച്ച പ്ലാനിൽ മാറ്റംവരുത്തി പെരുനാട് ചേന്നംപാറ വഴി പൈപ്പ് ലൈൻ കൂടുതൽ ദൂരം വളച്ചുകൊണ്ടുപോയതിന് പിന്നിൽ കരാറുകാരും ഉദ്യോഗസ്ഥരും പ്രദേശത്തെ രാഷ്ട്രീയക്കാരും ചേർന്ന് നടത്തിയ അഴിമതിയുടെ ഫലമാണെന്നും പരാതി ഉയർന്നിരുന്നു.
ഒപ്പം ക്രിസ്ത്യൻ സഭ നേതൃത്വം കൈവശംവെച്ചതും റവന്യൂ രേഖകളിൽ സർക്കാർ ഭൂമിയെന്ന് രേഖപ്പെടുത്തിയതുമായ സ്ഥലം സർക്കാറിനെക്കൊണ്ടുതന്നെ വൻ വില കൊടുത്ത് വാങ്ങിപ്പിച്ചതിന് പിന്നിലും വൻ അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഈ രണ്ടു വിഷയവും ചൂണ്ടിക്കാട്ടി പ്രദേശവാസിയായ സാമൂഹിക പ്രവർത്തകൻ വിജിലൻസിന് നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചത്.
ഇതേ തുടർന്ന് വിജിലൻസ് ജല വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്നും ജില്ലയിലെ ജല വകുപ്പ് അധികൃതർ പരാതിക്കാരനെ സമീപിച്ചെന്നുമാണ് അറിയാൻ കഴിയുന്നത്.നാട്ടുകാർക്ക് ഏറെ പ്രതീക്ഷ നൽകിയ ഈ പദ്ധതി പ്രവർത്തനംപോലും ആരംഭിക്കാതെ വീടുകളിലേക്ക് ഗാർഹിക കണക്ഷനുള്ള പൈപ്പ് വലിക്കുകയും ഒരുവർഷം മുമ്പ് ഒരുതുള്ളി വെള്ളംപോലും കൊടുക്കാതെ കണക്ഷൻ എടുത്തവരുടെ വീട്ടിൽ ബില്ല് കൊടുക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു.ദൈനംദിന ആവശ്യങ്ങൾക്കുള്ള വെള്ളംപോലും വൻ വിലകൊടുത്ത് വാങ്ങേണ്ടിവരുന്ന മലയോര മേഖലയിലെ രണ്ടു പഞ്ചായത്തിലെയും ജനങ്ങൾക്ക് പൈപ്പിൽ വെള്ളമെത്താൻ ഏറെക്കാലം കാത്തിരിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.