സി-വിജില്‍ ആപ്: ജില്ലയില്‍ 10,000 കടന്ന് പരാതി
text_fieldsപത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്കാവുന്ന സി-വിജില്‍ ആപ്പുവഴി തിങ്കളാഴ്ചവരെ ലഭിച്ചത് 10,156 പരാതി. ഇതില്‍ ശരിയെന്നു കണ്ടെത്തിയ 9985 എണ്ണം പരിഹരിച്ചു. 166 പരാതികള്‍ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാല്‍ ഉപേക്ഷിച്ചു. ബാക്കി പരാതികളില്‍ നടപടി പുരോഗമിക്കുന്നു. അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്ലക്സുകള്‍ എന്നിവക്കെതിരെയാണ് കൂടുതല്‍ പരാതി ലഭിച്ചത്. അടൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് 5428 എണ്ണം. ഇതില്‍ 5394 എണ്ണം പരിഹരിച്ചു. കുറവ് റാന്നി -717. ഇതില്‍ 671 എണ്ണത്തിന് പരിഹാരമായി. ആറന്മുള 1645, കോന്നി 1273, തിരുവല്ല 1091 എന്നിങ്ങനെയാണ് നിയോജക മണ്ഡല അടിസ്ഥാനത്തില്‍ ലഭിച്ച പരാതികളുടെ കണക്ക്. പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയിൽപെട്ടാല്‍ സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ഫോട്ടോ/ വിഡിയോ എടുത്ത് അഞ്ചു മിനിറ്റിനകം അപ്ലോഡ് ചെയ്ത് പരാതി നല്‍കാം.
മൂന്നാംഘട്ട ചെലവ് പരിശോധന ഇന്ന്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച വിവരങ്ങളുടെ മൂന്നാംഘട്ട പരിശോധന ജില്ല ചെലവ് നിരീക്ഷകന് കമലേഷ് കുമാര്‍ മീണയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരിശോധനയില്‍ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്ന രജിസ്റ്ററുകള്‍, അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കണം. സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ ചെലവുകള്‍ രേഖാമൂലം സമര്‍പ്പിച്ചില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് വരണാധികാരി കൂടിയായ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു.
വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയത് 11,495 പേര്
അസന്നിഹിത വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ തിങ്കളാഴ്ചവരെ രേഖപ്പെടുത്തിയത് 11,495 പേര്. 85 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കുമാണ് സൗകര്യം ഒരുക്കിയത്. 85 വയസ്സ് പിന്നിട്ട 9504 പേരും ഭിന്നശേഷിക്കാരായ 1991 പേരുമാണ് സമ്മതിദാനം വിനിയോഗിച്ചത്. മണ്ഡലത്തില്‍ ആകെ 12,367 അര്‍ഹരായ വോട്ടര്‍മാരാണുള്ളത്. 12 ഡി പ്രകാരം അപേക്ഷ നല്കിയ അര്‍ഹരായ വോട്ടര്‍മാരുടെ വീടുകളില്‍ സ്പെഷല്‍ പോളിങ് ടീമുകള്‍ എത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. ഒരു പോളിങ് ഓഫിസര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, പോളിങ് അസിസ്റ്റന്റ്, പൊലീസ് ഉദ്യോഗസ്ഥന്, വിഡിയോഗ്രാഫര്‍ എന്നിവരടങ്ങിയ സംഘമാണ് വീടുകളിലെത്തിയത്.
വി.എഫ്.സി: 24 വരെ വോട്ട് ചെയ്യാം
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരില്‍ പരിശീലന കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാതിരുന്ന ജീവനക്കാര്‍ക്ക് 24വരെ വോട്ട് രേഖപ്പെടുത്താം. മണ്ഡലത്തില്‍ ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററായ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ വോട്ടവകാശം വിനിയോഗിക്കാമെന്ന് വരണാധികാരി കൂടിയായ കലക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്.എസ്. എസില്‍ വോട്ട് രേഖപ്പെടുത്താം. ഡ്യൂട്ടി ഓര്‍ഡര്‍, തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവയുമായി സെന്ററിലെത്തി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.
‘കേരളം ലോക്സഭയില്‍’ തെരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ഇന്ന്
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന കേരളം ലോക്സഭയില്‍ തെരഞ്ഞെടുപ്പ് ഗൈഡിന്റെ ജില്ലതല പ്രകാശനം ചൊവ്വാഴ്ച വരണാധികാരിയും ജില്ല കലക്ടറുമായ എസ്. പ്രേം കൃഷ്ണന് കലക്ടറേറ്റില്‍ നിര്‍വഹിക്കും. ലോക്സഭയിലേക്ക് 1952 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് രീതി വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഗൈഡ്. ൃ തെരഞ്ഞെടുപ്പ് സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍, സംസ്ഥാനങ്ങളിലെ സീറ്റ് വിവരങ്ങള്‍, ബാലറ്റില്‍നിന്ന് ഇ.വി.എമ്മിലേക്കുള്ള മാറ്റത്തിന്റെ ചരിത്രം, തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രിമാര്‍, മത്സരിച്ചിട്ടുള്ള സാഹിത്യപ്രതിഭകള്‍ തുടങ്ങിയ വിവരങ്ങളും തെരഞ്ഞെടുപ്പ് ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജില്ലയില്‍ 25 മാതൃക പോളിങ് സ്റ്റേഷൻ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 25 മാതൃക പോളിങ് സ്റ്റേഷൻ സജ്ജമാക്കും. എല്ലാ പോളിങ് സ്റ്റേഷനിലും കുടിവെള്ള സൗകര്യം ഉറപ്പാക്കും.
പോളിങ് സ്റ്റേഷന് ലൊക്കേഷനുകളില്‍ വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കും. സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, പ്രത്യേകം വാഹനങ്ങള്‍ എന്നിവ ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ശുചിമുറിയുമുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിർദേശങ്ങള്‍ നല്കുന്ന സൂചന ബോര്‍ഡുകളും സ്ഥാപിക്കും.
ബൂത്ത് സ്ലിപ് എസ്.എം.എസിൽ ലഭിക്കും
തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ് എസ്.എം.എസായി മൊബൈലില്‍ ലഭിക്കും. 1950 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് അയക്കേണ്ടത്. ECI < space > (your voter ID) എന്ന് എസ്.എം.എസ് അയക്കുക. 15 സെക്കൻഡിനുള്ളില്‍ വോട്ടറുടെ പേരും പാര്‍ട്ട് നമ്പറും സീരിയല്‍ നമ്പറും മൊബൈലില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.